വലിയതുറയില്‍ ശിരോവസ്ത്ര വിലക്ക്; സ്‌കൂളിന് മന്ത്രിയുടെ താക്കീത് വിദ്യാഭ്യാസവകുപ്പിന്റെ കാരണംകാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ വലിയതുറ സെന്റ് റോഷ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയ്ക്കും സെന്റ് റോഷ് ഐ.ടി.ഐ പ്രിന്‍സിപ്പലിനും വിദ്യാഭ്യാസമന്ത്രിയുടെ താക്കീതും വകുപ്പിന്റെ കാരണംകാണിക്കല്‍ നോട്ടീസും.
എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുമേല്‍ മാനേജ്‌മെന്റുകളുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പക്കരുതെന്നും മന്ത്രി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ തട്ടം അഴിപ്പിക്കാതെ സ്‌കൂളില്‍ കയറ്റാന്‍ മന്ത്രി സ്‌കൂള്‍ മാനേജ്‌മെന്റിന് കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്. സന്തോഷ്‌കുമാറാണ് സ്ഥാപനത്തിന് നോട്ടീസയച്ചത്. മതസ്പര്‍ധ ഉണ്ടാക്കി പൊതുസമൂഹത്തില്‍ അസഹിഷ്ണുതയുണ്ടാക്കാനും പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കാനും ഇടയാക്കിയിട്ടുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. ചട്ടപ്രകാരമില്ലാത്ത നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് നേരത്തേ തന്നെ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നതായും നോട്ടീസില്‍ പറയുന്നു.
രണ്ടാഴ്ചയായി സെന്റ് റോഷ് അധികൃതര്‍ സ്‌കൂള്‍ ഗേറ്റില്‍ വച്ച് വിദ്യാര്‍ഥിനികളുടെ ഷാള്‍ അഴിച്ചുമാറ്റിയാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. തട്ടം അഴിച്ചുമാറ്റിയ ശേഷം മാത്രം വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറിയാല്‍ മതിയെന്നായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ഇതേതുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലിസും സംഭവത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."