ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും കൂട്ടി 25 രൂപ
മൂന്നു മാസത്തിനിടെ കൂട്ടിയത് 200 രൂപ
കൊച്ചി: ദിനംപ്രതി കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ പകച്ചുനില്‍ക്കുന്ന ജനത്തിന് ഇരുട്ടടി നല്കി പാചകവാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ സിലിണ്ടറിന് 25രൂപയാണ് എണ്ണക്കമ്പനികള്‍ കൂട്ടിയത്.
ഈ മാസം മൂന്നാംതവണയാണ് വില കൂട്ടുന്നത്. ഇന്നലെ മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു. 776 രൂപ ഈടാക്കിയിരുന്ന ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് കേരളത്തില്‍ 801 രൂപയായാണ് ഉയര്‍ന്നത്. ഡല്‍ഹിയില്‍ വില 794രൂപയായി ഉയര്‍ന്നു. മൂന്നു മാസത്തിനിടെ 200 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്.
ഗ്യാസ് ഏജന്‍സികള്‍ പാചകവാതക സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ദൂരപരിധിയനുസരിച്ച് വില വീണ്ടും കൂടും. ഏജന്‍സികളുടെ അഞ്ചു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലുള്ള വിതരണത്തിനുമാത്രമാണ് സര്‍വിസ് ചാര്‍ജ് ഈടാക്കാത്തത്. ഗാര്‍ഹിക- പാചകവാതക സിലിണ്ടറിന് സബ്സിഡി അനുവദിച്ചിരുന്നെങ്കിലും ഇത് ഒരുവര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് ഇന്നലെ അഞ്ച് രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. അഞ്ച് കിലോ മുതല്‍ 47.5കിലോ വരെ തൂക്കംവരുന്ന കൊമേഴ്സ്യല്‍ വിഭാഗത്തിലുള്ള സിലിണ്ടറിനാണ് വിലകുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."