'പ്രേതക്കപ്പല്‍' കഥകളുടെ കാലം
1775 ഒക്ടോബര്‍ 11, ഗ്രീന്‍ലാന്‍ഡിന് പടിഞ്ഞാറായി കടലില്‍ ഒക്ടോവിയസ് എന്ന കപ്പല്‍ ഒഴുകി നടക്കുന്നത് സമീപത്തു കൂടി കടന്നുപോയ കപ്പലിലെ ക്യാപ്റ്റനാണ് കാണുന്നത്. ഒക്ടോവിയസിന്റെ മുകള്‍ത്തട്ടില്‍ ആരുമുണ്ടായിരുന്നില്ല. 13 വര്‍ഷം മുന്‍പ് ഇംഗ്ലണ്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു ഒക്ടോവിയസ്. പിന്നെയാരും അതിനെ കണ്ടിട്ടില്ല. ധൈര്യം സംഭരിച്ച ക്യാപ്റ്റന്‍ കപ്പലില്‍ പരിശോധന നടത്തി. കപ്പലിന്റെ താഴേത്തട്ടില്‍ 28 ജീവനക്കാര്‍ മരിച്ചു മരവിച്ച നിലയിലായിരുന്നു. തന്റെ കാബിനില്‍ ടേബിളില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ക്യാപ്റ്റന്റെ മൃതദേഹം. കൈയില്‍ പേനയുണ്ടായിരുന്നു. ലോഗില്‍ എഴുതുന്നതിനിടെയാണ് മരണമെന്ന് സൂചന. 17ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ ഇളക്കിമറിച്ച 'പ്രേതക്കപ്പല്‍' ഭീതിയിലേക്ക് ഒക്ടോവിയസിന്റെ കഥ നല്‍കിയ സംഭാവന ചെറുതായിരുന്നില്ല. 15ാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ചിലോട്ടിയന്‍ മിത്തുകളില്‍ ഭൂരിഭാഗവും അപായസൂചനകളുമായി കടലില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന പ്രേതക്കപ്പലുകളെക്കുറിച്ചുള്ളതായിരുന്നു. ഈ മിത്തുകള്‍ ഒക്ടോവിയസ് കഥകളെ പൊലിപ്പിച്ചു. മൂടല്‍ മഞ്ഞില്‍ പ്രത്യക്ഷപ്പെടുകയും മരണം ബാക്കിയാക്കി അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഫ്‌ളയിങ് ഡച്ച്മാനെന്ന പ്രേതക്കപ്പലിനെ 17ാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ കടലും കരയും ഒരുപോലെ പേടിച്ചിരുന്നു. എന്നാല്‍, വായ്പ്പാട്ടുകളിലെ ഈ കപ്പല്‍ ആരും കണ്ടില്ല. അത് കഥകളില്‍ മാത്രമൊതുങ്ങി.
മുന്നൂറിലധികം വര്‍ഷം പഴക്കമുള്ള ക്വദേക്ക് മെര്‍ച്ചന്റ് പ്രിസ്റ്റെന്ന കപ്പലിനെ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്താന്‍ അമേരിക്കയിലെ ഇന്ത്യാന സര്‍വകലാശാല അണ്ടര്‍വാട്ടര്‍ സയന്‍സ് ആന്‍ഡ് അക്കാദമിക്‌സ് ഡയരക്ടര്‍ ചാള്‍സ് ഡി ബീക്കറെ പ്രേരിപ്പിച്ചത് യൂറോപ്പിലെ ഈ പ്രേതക്കപ്പല്‍ കഥകളായിരിക്കണം. ഔറംഗസീബിന്റെ കാലത്ത് സൂറത്തിലെ തച്ചന്‍മാര്‍ നിര്‍മിച്ച ഹജ്ജ് കപ്പലായിരുന്നു ക്വദേക്ക് മര്‍ച്ചന്റ്. കപ്പല്‍ പിന്നീട് ഈസ്റ്റിന്ത്യാ കമ്പനി വാങ്ങി. ലൂയിസ് സ്റ്റീവന്‍സണിന്റെ ട്രഷര്‍ ഐലന്റ്, എഡ്ഗാര്‍ അലന്‍ പോയുടെ ദി ഗോള്‍ഡ് ബഗ്ഗ് തുടങ്ങിയ ക്ലാസിക് നോവലുകള്‍ക്ക് ജന്മം നല്‍കിയ ചരിത്രം കൂടിയുണ്ടായിരുന്നു വില്യം കിഡിന്റെ ഈ കപ്പലിന്. 17ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലൂയി 14ാമന്‍ ഒരു വശത്തും യൂറോപ്യന്‍ സഖ്യം മറുവശത്തുമായി നടന്ന ഗ്രാന്റ് അലൈന്‍സ് യുദ്ധത്തില്‍ ഇംഗ്ലീഷ് കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്ന, ശത്രുക്കപ്പലുകളെ ആക്രമിച്ചു പിടിച്ചെടുക്കുന്ന പ്രൈവറ്റീയറായിരുന്നു കിഡ്. പ്രൈവറ്റീയറെന്നാല്‍ സര്‍ക്കാര്‍ അംഗീകൃത കടല്‍ക്കൊള്ളക്കാരനാണ്. 1645ല്‍ സ്‌കോട്‌ലന്‍ഡിലായിരുന്നു കിഡിന്റെ ജനനം. അഞ്ചാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ട കിഡ് ന്യൂയോര്‍ക്കിലേക്ക് കുടിയേറി. ന്യൂയോര്‍ക്കില്‍ നിന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. കിഡും അവരിലൊരാളായി. ക്രൂരനായ കൊള്ളക്കാരനായിരുന്നു ക്യാപ്റ്റന്‍. ഒരിക്കല്‍ കിഡിന്റെ നേതൃത്വത്തില്‍ ക്യാപ്റ്റനെതിരേ കപ്പലില്‍ കലാപം രൂപപ്പെട്ടു. കിഡും കൂട്ടുകാരും കപ്പല്‍ പിടിച്ചെടുത്തു. ഇംഗ്ലീഷ് കോളനിയായ നെവിസിലടുത്തപ്പോഴേയ്ക്കും അദ്ദേഹം കപ്പലിന്റെ ക്യാപ്റ്റനായി മാറിയിരുന്നു. നെവിസ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ കോഡ്രിങ്ടണ്‍ കപ്പലിന് ബ്ലസ്ഡ് വില്യം എന്നു പേരിട്ടു. ഈ ബ്ലസ്ഡ് വില്യമായിരുന്നു ക്യാപ്റ്റന്‍ കിഡിന്റെ ആദ്യ കപ്പല്‍.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരം കിഡ് തന്റെ കപ്പലുമായി ഫ്രഞ്ച് സേനയില്‍ നിന്ന് നെവിസിനെ സംരക്ഷിക്കാനുള്ള കപ്പല്‍പ്പടയ്‌ക്കൊപ്പം അണിനിരന്നു. ഒരിക്കല്‍ ഫ്രാന്‍സിന്റെ കൈവശമായിരുന്ന മരി ഗാലന്റെ ദ്വീപ് കിഡും കൂട്ടരും ആക്രമിച്ചു. നഗരങ്ങള്‍ കൊള്ളയടിച്ചു അവിടം തകര്‍ത്തു. കരീബിയനിലെ മിടുക്കനായ പ്രൈവറ്റീയര്‍ എന്ന നിലയിലേക്ക് കിഡിന്റെ വളര്‍ച്ച തുടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ന്യൂ ഇംഗ്ലണ്ട് കടല്‍ത്തീരം സുരക്ഷിതമാക്കാന്‍ ന്യൂയോര്‍ക്ക് അദ്ദേഹത്തെ ചുമതലയേല്‍പ്പിക്കുന്നത്. ഉത്തരവനുസരിച്ച് കരീബിയനിലെ ശത്രുക്കപ്പലുകളെ ആക്രമിച്ചു, ചുമതലകള്‍ നന്നായി നിര്‍വഹിച്ചതിന് ന്യൂയോര്‍ക്ക് 150 പൗണ്ടിന്റെ പുരസ്‌കാരവും സമ്മാനിച്ചു. ഒരു വര്‍ഷത്തിനിടയില്‍ അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിലെ ആന്റിഗ്വയിലായിരിക്കെ കപ്പല്‍ കള്ളിഫോഡ് എന്ന കടല്‍ക്കൊള്ളക്കാരന്‍ മോഷ്ടിച്ചു. 1695ല്‍, തോമസ് ട്യൂ, ജോണ്‍ അയര്‍ലണ്ട്, തോമസ് വേക്ക്, വില്യം മാസെ തുടങ്ങിയ കൊള്ളക്കാര്‍ ഫ്രഞ്ച് സേനയുമായി ചേര്‍ന്ന് കരീബിയന്‍ കടല്‍ അടക്കി വാണിരുന്ന കാലം. ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, ന്യൂ ഹാംഷെയര്‍ എന്നിവിടങ്ങളിലെ ഗവര്‍ണറായിരുന്ന ബെല്ലോമോണ്ട് ഇവരെ തുരത്താന്‍ നിയോഗിച്ചത് വിശ്വസ്തനായ ക്യാപ്റ്റന്‍ കിഡിനെ. ഇംഗ്ലണ്ടിലെ പ്രഭുക്കളായിരുന്നു ഈ ദൗത്യത്തിന്റെ അഞ്ചില്‍ നാലു ശതമാനം ചെലവും വഹിച്ചിരുന്നത്. പ്രൈവറ്റീയറായി നിയോഗിച്ച് വില്യം മൂന്നാമന്‍ ഒപ്പുവച്ച കത്തും കിഡിനു നല്‍കി. സുഹൃത്ത് റോബര്‍ട്ട് ലിവിങ്സ്റ്റനൊപ്പം യാത്രയ്ക്കുള്ള ബാക്കി പണം കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു. ഇതിനായി കപ്പല്‍ വിറ്റു പുതിയത് വാങ്ങി. അഡ്വഞ്ചര്‍ ഗാലിയെന്നായിരുന്നു കപ്പലിന്റെ പേര്. 284 ടണ്‍ വഹിക്കാവുന്ന 150 ജീവനക്കാരും 40 പീരങ്കികളും ആവശ്യത്തിന് വെടിമരുന്നും സജ്ജീകരിച്ച കപ്പല്‍. വിശ്വസ്തരെ മാത്രമായിരുന്നു കപ്പലില്‍ ജോലിക്കെടുത്തിരുന്നത്. ദക്ഷിണ ഇംഗ്ലണ്ടിലെ തമസ് നദിയില്‍ നിന്ന് അഡ്വഞ്ചര്‍ ഗാലി ഹര്‍ഷാരവങ്ങളോടെ പുറപ്പെട്ട ആ യാത്രയാണ് നിഗൂഢതകളൊളിപ്പിച്ചുവച്ച കരീബിയന്‍ സമുദ്രത്തിലെ ക്രൂരനായ കൊള്ളക്കാരനാക്കി കിഡിനെ മാറ്റിയത്.
തമസില്‍ നിന്ന് യാത്ര പുറപ്പെടുമ്പോള്‍ ആചാരമര്യാദയനുസരിച്ച് നദിയിലുണ്ടായിരുന്ന നാവികസേനാ യാനത്തെ അഭിവാദ്യം ചെയ്യാന്‍ കിഡ് തയാറായില്ല. അഭിവാദ്യം ഓര്‍മിപ്പിക്കാന്‍ യാനത്തില്‍ നിന്ന് കപ്പലിനു നേരെ വെടിയുതിര്‍ത്തപ്പോള്‍ കിഡിന്റെ കപ്പല്‍ ജീവനക്കാര്‍ അവരെ പരിഹസിച്ചു. പ്രകോപിതരായ നാവിക സേന കപ്പലിലെ ജീവനക്കാരില്‍ ചിലരെ അറസ്റ്റു ചെയ്തു. ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് കിഡ് പുറപ്പെട്ടത്. ന്യൂയോര്‍ക്കില്‍ കൂടുതല്‍ ജോലിക്കാരെ അന്വേഷിച്ച അദ്ദേഹം ജോലിക്കെടുത്തവരില്‍ പകുതിയോളം ജയില്‍ ചാടിയ ക്രിമിനലുകളായിരുന്നു. ബാക്കിയുള്ളവരാകട്ടെ പഴയ കടല്‍ക്കൊള്ളക്കാരും. ഇവര്‍ കിഡിനെ കൊള്ളക്കാരനായി മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ചരിത്രം. മാസങ്ങളോളം കരീബിയന്‍ കടലിലലഞ്ഞ അദ്ദേഹത്തിന് കൊള്ളക്കാരുടെ കപ്പല്‍ കണ്ടെത്താനായില്ല. ഒരിക്കല്‍ കണ്ണില്‍ വന്നുപെട്ട മുഗള്‍ കപ്പല്‍വ്യൂഹത്തെ ആക്രമിക്കാനായതു മാത്രമായിരുന്നു നേട്ടം. പക്ഷേ ഏറെക്കാലം കരീബിയനില്‍ അലയാന്‍ വയ്യാത്ത വിധം അഡ്വഞ്ചര്‍ ഗാലി ചോര്‍ച്ച പ്രകടമാക്കിത്തുടങ്ങി. ഗാലി ഒരു തീരത്ത് നങ്കൂരമിട്ടു. അസ്വസ്ഥരായ സഹപ്രവര്‍ത്തകര്‍ ക്യാപ്റ്റനെ അനുസരിക്കാതെയായി. ഇതിനിടെയാണ് കണ്‍മുന്നില്‍ ഒരു ഡച്ച് കപ്പല്‍ പ്രത്യക്ഷപ്പെടുന്നത്.
കപ്പലിനെ ആക്രമിക്കാന്‍ കിഡിന്റെ തോക്കുകാരനായ വില്യം മൂറെ നിര്‍ബന്ധിച്ചു. എന്നാല്‍, ഡച്ചില്‍ ജനിച്ച വില്യം രാജാവിന്റെ അനിഷ്ടമുണ്ടാക്കുമെന്നതിനാല്‍ അതു വേണ്ടെന്നായിരുന്നു കിഡിന്റെ നിലപാട്. ഇതു സംബന്ധിച്ച് മൂറെയും കിഡും തമ്മില്‍ വാക്കുതര്‍ക്കമായി. തര്‍ക്കം മൂത്തതോടെ കയ്യിലിരുന്ന ബക്കറ്റുകൊണ്ട് മൂറെയെ തലക്കടിച്ചു കൊലപ്പെടുത്തി. ഒരു ഡച്ച് കപ്പലിനെ രക്ഷിക്കാന്‍ കിഡ് നടത്തിയ ഈ കൊലയുടെ പേരിലാണ് പിന്നീട് വില്യം രാജാവ് അദ്ദേഹത്തെ തൂക്കിക്കൊന്നതെന്നത് ചരിത്രത്തിലെ വൈപരീത്യം. ഇതിനകം കിഡ് ഇംഗ്ലീഷ് നാവിക സേനയുടെയും നോട്ടപ്പുള്ളിയായി മാറിയിരുന്നു. 1698 ജനുവരി 30ന് ക്വദേക്ക് മെര്‍ച്ചന്റിനു നേരെ നടത്തിയ ആക്രമണമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള തുണിത്തരങ്ങള്‍ തുടങ്ങിയവ കയറ്റിയ ക്വദേക്ക് മെര്‍ച്ചന്റിന്റെ ഉടമസ്ഥന്‍ ഇംഗ്ലീഷുകാരനായിരുന്നു. എന്നാല്‍, ഫ്രാന്‍സ് നല്‍കിയ സുരക്ഷാ പാസുമായായിരുന്നു മെര്‍ച്ചന്റ് കിഡിന്റെ കണ്‍മുന്നില്‍വരുന്നത്. ഫ്രഞ്ചു കപ്പലുകള്‍ ആക്രമിക്കാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹം മെര്‍ച്ചന്റ് ആക്രമിച്ചു.
ഈ സംഭവമാകട്ടെ ഇംഗ്ലണ്ടിനെ വല്ലാതെ ചൊടിപ്പിച്ചു. കിഡിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നാവികസേനാ യാനങ്ങള്‍ അദ്ദേഹത്തെ തേടി കടലിലിറങ്ങി. ഇതോടെ കൊള്ളക്കാരനാവുകയല്ലാതെ മുന്നില്‍ വഴിയില്ലായിരിന്നു. പിന്നീട് കരീബിയന്‍ കടലില്‍ അദ്ദേഹത്തിന്റെ വാഴ്ചക്കാലമായിരുന്നു. തുടര്‍ന്നുള്ള സാഹസിക യാത്രകളില്‍ വിശ്വസ്തനായ കൂട്ടുകാരനായിരുന്നു ക്വദേക്ക് മെര്‍ച്ചന്റ്. കരീബിയനിലെ മഞ്ഞുമൂടിയ രാത്രികളില്‍ മരണദൂതുമായി പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കിഡിനെക്കുറിച്ചുള്ള കഥ പരന്നു. ജപ്പാന്‍ കഗോഷിമയിലെ തൊകാര ദ്വീപില്‍ ഒളിപ്പിച്ചുവച്ച അത്ഭുത നിധിയെക്കുറിച്ചുള്ള കഥകളായിരുന്നു മറ്റൊന്ന്. വൈകാതെ ഈ ദ്വീപിന്റ പേര് തകാരജിമയെന്നായി. ജാപ്പനീസ് ഭാഷയില്‍ നിധി ദ്വീപ് എന്നര്‍ഥം. കരീബിയനിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഫ്രഞ്ചുകാരെ മാത്രമല്ല, ഇംഗ്ലീഷുകാരെയും പേടിപ്പിച്ചുതുടങ്ങി. ഒരിക്കല്‍ മഡഗാസ്‌കര്‍ തുറമുഖത്തേക്ക് നീങ്ങിയ കിഡ് എത്തിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ കപ്പല്‍ മോഷ്ടിച്ചു കടന്നു കളഞ്ഞ കൊള്ളക്കാരന്‍ റോബര്‍ട്ട് കള്ളിഫോഡിനു മുന്നില്‍. കപ്പലിനു നേരെ വെടിവയ്ക്കാന്‍ കിഡ് ഉത്തരവിട്ടു. കള്ളിഫോഡിന്റെ പഴയ സുഹൃത്തുക്കളായിരുന്നു കിഡിന്റെ ജോലിക്കാര്‍. അവര്‍ ഉത്തരവനുസരിച്ചില്ല.
പരാജിതമായ ദൗത്യം. കടല്‍ക്കൊള്ളക്കാരനെന്ന ചീത്തപ്പേര്. അനുസരണയില്ലാത്ത ജീവനക്കാര്‍. നിരാശനായിരുന്നു കിഡ്. ഒരുദിവസം അദ്ദേഹം ന്യൂയോര്‍ക്കിലേക്ക് മടങ്ങി. പ്രൈവറ്റീയര്‍ എന്ന നിലയില്‍ താന്‍ പിടിച്ചെടുത്ത സമ്പത്തില്‍ നിന്ന് ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമുള്ള ഓഹരിയും കൈവശമുണ്ടായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്കില്‍ വച്ച് അറസ്റ്റിലായ അദ്ദേഹത്തിനെതിരേയുള്ള തെളിവായി ഈ സമ്പത്ത് മാറി, തുടര്‍ന്ന് ഏകാന്ത തടവിലായി. കടല്‍ക്കൊള്ളയും വില്യം മൂറെയെ കൊലപ്പെടുത്തിയതുമായിരുന്നു കുറ്റങ്ങള്‍. കിഡ് ഒളിപ്പിച്ചുവച്ച നിധി കണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഗാര്‍ഡനീര്‍ ദ്വീപിലെ ചെറിമരച്ചുവട്ടില്‍ ഒളിപ്പിച്ചുവച്ച ചെറിയ സമ്പത്ത് മാത്രമാണ് കണ്ടെടുക്കാനായത്. ഇതാകട്ടെ കിഡിനെതിരായ തെളിവുമായി. 1701 മെയ് 23ന് തംസ് നദീതീരത്ത് ശരീരമാസകലം ചങ്ങലകൊണ്ടു വരിഞ്ഞുകെട്ടി കിഡിനെ തൂക്കിലേറ്റി. എന്നാല്‍, തൂക്കിലേറ്റുമ്പോള്‍ കഴുത്തിലെ കുരുക്ക് പൊട്ടി താഴെവീണു. പിന്നീട് രണ്ടാം ശ്രമത്തിലാണ് അദ്ദേഹം മരിക്കുന്നത്. കിഡ് അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ ക്വദേക്ക് മെര്‍ച്ചന്റ് കടലില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. 300 വര്‍ഷങ്ങള്‍ക്കു ശേഷം ചാള്‍സ് ബിക്കര്‍ അത് കണ്ടെത്തുന്നത് വരെ ക്വദേക്ക് മെര്‍ച്ചന്റിനെക്കുറിച്ചാരും കേട്ടില്ല. കിഡിന്റെ ജീവിതത്തിലെ കോടിക്കണക്കിനു വരുന്ന സ്വര്‍ണവും വെള്ളിയുമടങ്ങുന്ന സമ്പാദ്യം എവിടെയെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍, കാലവ്യതിയാനങ്ങള്‍ക്കനുസരിച്ചു പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന കരീബിയനിലെ അത്ഭുതദ്വീപുകളിലെവിടെയോ അദ്ദേഹം ഒളിപ്പിച്ചുവച്ച നിധി തേടിപ്പോയവരുണ്ട്.
നിധിയായിരുന്നില്ല, അപ്രത്യക്ഷമായ കിഡിന്റെ കപ്പലായിരുന്നു ബീക്കര്‍ തേടിയത്. കിഡ് ജയിലില്‍ കിടക്കുമ്പോള്‍ അനുചരന്‍മാര്‍ കപ്പലിലെ വിലപിടിച്ച തടിയെല്ലാം പൊളിച്ചു വിറ്റിരുന്നു. 2007 ഡിസംബറില്‍ ബീക്കറും സംഘവും ഡൊമിനിക് റിപ്പബ്ലിക്കിലുളള കാറ്റാലിന ദ്വീപിലെ കടലിനടിയില്‍ കപ്പല്‍ കണ്ടെത്തി. കുറെ ദിവസങ്ങളുടെ പ്രയത്‌നത്തിനു ശേഷം കപ്പലിലെ പീരങ്കി ഉയര്‍ത്തിയെടുത്തു. പിന്നീട് കപ്പലും. മൂന്നു വര്‍ഷത്തോളം രാപ്പകലില്ലാതെ കിഡിന്റെ കപ്പലിലൊളിപ്പിച്ചുവച്ച അത്ഭുതങ്ങളുടെ നിധി പരതുകയായിരുന്നു ബീക്കര്‍. നിധി കണ്ടെത്തിയോയെന്ന് പലരും ബീക്കറോട് ചോദിച്ചു. കപ്പലില്‍ നിധിയുണ്ടായിരുന്നു. എന്നാല്‍ അത് കിഡ് ഒളിപ്പിച്ചുവച്ചതായിരുന്നില്ല. 17ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്ത് സൂറത്തിലെ തച്ചന്‍മാര്‍ ലോകത്തിന് സമ്മാനിച്ച അത്ഭുത നിധിയായിരുന്നു ക്വദേക്ക് മെര്‍ച്ചന്റ്. കപ്പല്‍ നിര്‍മാണ ശാസ്ത്രത്തില്‍ ഇതിലും വലിയൊരു നിധി ഇനി കണ്ടെത്താനില്ലെന്ന് ബീക്കര്‍ പറഞ്ഞു. തേക്കുകൊണ്ടു നിര്‍മിച്ച പീരങ്കി അപ്പോഴും ഉപയോഗക്ഷമമായിരുന്നു. പീരങ്കിയിലെ ഗ്രീസ് ഇപ്പോഴുമുണ്ട്. നാടന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മിച്ച കപ്പലിലെ ലീക്ക് പ്രൂഫ് സംവിധാനത്തിന് ഒരു കേടുപോലുമില്ല. 300 വര്‍ഷത്തിലധികം കടലിനടിയില്‍ക്കിടന്നിട്ടും വെടിമരുന്നു നിറക്കുന്ന അറകളില്‍ വെള്ളം കയറിയിരുന്നില്ല. വളഞ്ഞ ഭാഗങ്ങളെ കൂട്ടിച്ചേര്‍ക്കാനുപയോഗിച്ച പശപോലും വേര്‍പെട്ടിട്ടില്ല. കിഡ് മരിച്ചു, ക്വദേക് മര്‍ച്ചന്റ് സ്മാരകമായി. കിഡും അദ്ദേഹത്തിന്റെ കപ്പലും ലോകസാഹിത്യം മുതല്‍ കരീബിയന്‍ കടലിലെ കടല്‍ക്കൊള്ളക്കാരുടെ കഥകളിലൂടെ ജീവിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."