ഉക്രൈൻ: എംബസി ഇടപെടൽ ഉൗർജിതമാക്കണം
ഓപറേഷൻ ഗംഗ എന്ന പേരിൽ ഉക്രൈനിൽനിന്ന് ഏതാനും ഇന്ത്യക്കാരെ വഹിച്ചുകൊണ്ട് വിമാനങ്ങൾ ഇന്ത്യയിൽ ഇറങ്ങിയെങ്കിലും ആശങ്കയൊഴിയാതെ വിദ്യാർഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ ഇപ്പോഴും അവിടെ അനിശ്ചിതത്വത്തിൽ കഴിയുകയാണ്. ഉക്രൈന്റെ തൊട്ടടുത്ത അയൽരാജ്യമായ റുമാനിയയിൽ എത്തിയവർ മാത്രമാണ് തിരികെ എത്തിയത്. വിമാന മാർഗം നാട്ടിലെത്താൻ കഴിഞ്ഞത് റുമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റ് വരെ റോഡ് മാർഗം എത്തിയവർക്കാണ്. ഹംഗറി വഴിയും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണന്ന് അറിയുന്നു. ഉക്രൈന്റെ അയൽ രാജ്യങ്ങളിൽ എത്തിപ്പെടാൻ കഴിയുന്നവർക്ക് മാത്രമാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നത്.
ഉക്രൈൻ തലസ്ഥാനമായ കീവിൽ ആയിരക്കണക്കിനു വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പലരുടെയും കരുതൽ ഭക്ഷണവും വെള്ളവും തീർന്നിരിക്കുന്നു. ശുചിമുറികൾ ഇല്ല. എപ്പോൾ മടങ്ങാനാകുമെന്നതിനെ സംബന്ധിച്ചു ഒരു ധാരണയുമില്ല. ബങ്കറിൽനിന്ന് പുറത്തിറങ്ങാൻ വയ്യ. പുറത്ത് റഷ്യൻ ടാങ്കുകൾ റോന്ത് ചുറ്റുന്നു. ഇത്തരമൊരവസ്ഥയിൽ ബങ്കറിൽനിന്ന് പുറത്തിറങ്ങുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയാൽ പട്ടിണിയിലേക്ക് എത്തിയിട്ടും മൈനസ് രണ്ട് ഡിഗ്രിയിലുള്ള കഠിനമായ ശൈത്യത്തിൽ വിറങ്ങലിച്ചു കഴിയുകയാണ് ഇന്ത്യൻ വിദ്യാർഥികൾ. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുന്ന അയൽ രാജ്യങ്ങളിലേക്ക് എത്തിപ്പെടുക എന്നത് ഈ കാരണങ്ങളാൽ സാധ്യമല്ല. ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ല. കൈയിൽ പണമില്ല. എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നില്ല. നാട്ടിലെ വീട്ടുകാരുമായി വല്ലപ്പോഴും വിഡിയോ കോളിലൂടെ ബന്ധപ്പെടാൻ കഴിയുന്നുവെന്നതാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഏക ആശ്വാസം. ഏതു നിമിഷവും ഇന്റർനെറ്റും നിശ്ചലമായേക്കാം എന്നതാണ് അവസ്ഥ.
ആക്രമണം ഉണ്ടാകാൻ കാത്തിരിക്കാതെ, പടപ്പുറപ്പാടുമായി റഷ്യ സൈനിക നീക്കം തുടങ്ങിയ വേളയിൽ തന്നെ ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് അയക്കാൻ എംബസി നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ചെകുത്താനും കടലിനും ഇടയിലെന്ന പോലെ ഇന്ത്യൻ വിദ്യാർഥികളടക്കമുള്ള പൗരന്മാർക്ക് അനിശ്ചിതത്വത്തിന്റെ നെരിപ്പോടിൽ കഴിയേണ്ടി വരുമായിരുന്നില്ല. ഇപ്പോൾ തന്നെ ഇന്ത്യയിലേക്ക് ഓപറേഷൻ ഗംഗ എന്ന പേരിൽ നടത്തുന്ന രക്ഷാപ്രവർത്തനം ഹംഗറി, റുമാനിയ എന്നീ പടിഞ്ഞാറൻ അതിർത്തിപ്രദേശ രാജ്യങ്ങളിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, റഷ്യയോട് ചേർന്നുള്ള കിഴക്കൻ മേഖലയിൽ കുടുങ്ങിപ്പോയവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്നതിനെ സംബന്ധിച്ച് ഇന്ത്യൻ എംബസിക്ക് ഇപ്പോഴും ഒരു ധാരണയില്ല. കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യം ഇപ്പോഴും ഉഗ്രമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കൻ മേഖലയിലെ സുമി, ഹർകീവ് എന്നീ ഉക്രൈൻ നഗരങ്ങളിൽ ആയിരക്കണക്കിന് മലയാളികളടക്കമുള്ള വിദ്യാർഥികളാണുള്ളത്. രക്ഷാപ്രവർത്തനം നടക്കുന്ന പടിഞ്ഞാറൻ ഉക്രൈനിലെത്താൻ ഇവിടെ നിന്ന് 20 മണിക്കൂറോളം യാത്ര ചെയ്യണം. വെടിയുണ്ടകൾ ചീറിപ്പായുന്ന കിഴക്കൻ അതിർത്തിയിലൂടെ പടിഞ്ഞാറൻ അതിർത്തിയിലേക്കുള്ള യാത്ര മരണത്തെ പ്രതീക്ഷിച്ച് മാത്രമേ നടത്താനാകൂ.
ഉക്രൈൻ പ്രസിഡന്റ് അമേരിക്കയുടെ അഭയവാഗ്ദാനം നിരസിച്ച്, രാജ്യത്തുനിന്ന് ഓടിപ്പോകാതെ തന്റെ ജനതയ്ക്കൊപ്പം നിൽക്കുന്നത് ആയുധമെടുത്ത് തെരുവിലിറങ്ങാൻ സാധാരണ ഉക്രൈൻ പൗരമാർക്ക് ഉത്തേജനമായിരിക്കുകയാണ്. അതിനാൽ ഉക്രൈൻ ചെറുത്തുനിൽപ്പ് എത്രനാളുണ്ടാകുമെന്ന് തീർത്തു പറയാനാകാത്ത അവസ്ഥയാണിപ്പോൾ. ഇങ്ങനെയുള്ള ഒരു പരിതസ്ഥിതിയിൽ എത്ര കാലമെന്ന് കരുതിയാണ് കിഴക്കൻ അതിർത്തിയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർ റഷ്യയുടെ അധിനിവേശം കഴിയാനായി കാത്തിരിക്കുക. അതുവരെ ജീവൻ നിലനിർത്താൻ പരിമിതമായ ബ്രഡ് കൊണ്ടും വെള്ളം കൊണ്ടും ഇന്ത്യൻ വിദ്യാർഥികൾക്ക് കഴിയുമോ?
ഏക പരിഹാരം റഷ്യയുടെ കിഴക്കൻ അതിർത്തിയിലെ ഉക്രൈൻ നഗരങ്ങളായ ഹർകീവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർഥികളടക്കമുള്ള പൗരന്മാരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ എംബസി അധികൃതർ റഷ്യയുമായി അടിയന്തരമായി ഇടപടുക എന്നതാണ്. ഇവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മോചിപ്പിക്കാൻ നയതന്ത്ര മാർഗത്തിലൂടെ വഴിയൊരുക്കുക എന്നതാണ് അഭികാമ്യം. ഇപ്പോഴത്തെ ഇന്ത്യ-റഷ്യ ബന്ധത്തിൽ ഇന്ത്യൻ എംബസിക്ക് ഇതിൽ വലിയ നയതന്ത്ര ബാധ്യതയൊന്നും ശിരസിൽ പേറേണ്ടി വരികയുമില്ല. യു.എൻ രക്ഷാസമിതിയിൽ റഷ്യക്കെതിരേ പ്രമേയം വന്നപ്പോൾ വോട്ടിങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. അതിനുള്ള നന്ദി വ്ളാഡ്മിർ പുടിൻ ഇന്ത്യയെ അറിയിക്കുകയും ചെയ്തു. ഈ അനുകൂല ഘടകം ഉപയോഗപ്പെടുത്തി ഇന്ത്യൻ എംബസി ഇപ്പോഴെങ്കിലും കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഉക്രൈനിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും ഇന്നും നാളെയുമായി പൂർണമായും ഒഴിപ്പിച്ചുകൊണ്ടുവരാവുന്നതേയുള്ളൂ. രൂക്ഷമായ ആക്രമണം നടന്ന സ്ഥലമാണ് ഉക്രൈനിലെ ഒഡേസ- അയൽരാജ്യമായ മോൾഡോവിലേക്ക് ഇവിടെ നിന്ന് 50 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. റഷ്യയുടെ സഹായത്തോടെ ഇവിടെ എത്തിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഉക്രൈൻ വിടാനാകും. ഇന്ത്യൻ എംബസി കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കർമകുശലതയോടെ പ്രവർത്തിക്കണമെന്നു മാത്രം.
റഷ്യൻ സൈന്യം ഉക്രൈനിൽ പ്രവേശിച്ചതിനു ശേഷമാണ് എംബസി ഇന്ത്യൻ വിദ്യാർഥികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. ഇതിനു പകരം റഷ്യയുടെ അധിനിവേശം നയതന്ത്ര മാർഗത്തിലുടെ മുൻകൂട്ടി കണ്ട് വിദ്യാർഥികളെ നിർബന്ധപൂർവം ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. പല വഴിയിലൂടെയും റഷ്യയുടെ അധിനിവേശം ഉറപ്പാണെന്ന വിവരം മുൻകൂട്ടി അറിയാൻ എംബസിയിലുള്ളവർക്ക് കഴിയുമായിരുന്നു. അതിനനുസൃതമായി വിദ്യാർഥികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി, അവരെ നാട്ടിലേക്ക് മടക്കിയയക്കാൻ കഴിയുമായിരുന്നു. എന്നാൽ, അതിന് സാധിച്ചില്ല. കഴിഞ്ഞ ദിവസം ആരംഭിച്ച ഓപറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിന് കിഴക്കൻ അതിർത്തിയിൽ കുടുങ്ങിപ്പോയ ആയിരങ്ങൾ വരുന്ന ഇന്ത്യക്കാരെ വേഗത്തിൽ രക്ഷപ്പെടുത്താൻ കഴിയേണ്ടതുണ്ട്. ഇന്ത്യൻ എംബസി അതിനായി കർമരംഗത്തിറങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."