വരിഞ്ഞു മുറുക്കി റഷ്യ; വഴികളടഞ്ഞ് കീവ്, കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍
കീവ്: അഞ്ചാം ദിനം തലസ്ഥാന നഗരത്തെ വലിഞ്ഞു മുറുക്കി റഷ്യ. നഗരം പൂര്‍ണമായും റഷ്യ വളഞ്ഞെന്ന് മേയര്‍ വ്യക്തമാക്കുന്നു. നഗരത്തില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ അസാധ്യമാണെന്നാണ് സൂചന.
കീവില്‍ നിന്നും സമീപ നഗരമായ കാര്‍കിവില്‍ നിന്നും ഇന്നും വന്‍ സ്ഫോടന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.
പൂര്‍ണ്ണമായും റഷ്യന്‍ സൈനികരാല്‍ ചുറ്റപ്പെട്ടതോടെ കീവില്‍ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയര്‍ പറഞ്ഞു. കൊടും തണുപ്പില്‍ വൈദ്യുതി കൂടി നിലച്ചാല്‍ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയര്‍ പറയുന്നു.
ഉക്രൈന് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യു എന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ, യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യും. ഉക്രൈന് ജനത നേരിടുന്ന മാനുഷിക പ്രശ്നങ്ങളും ചര്‍ച്ചയാകും. ഇന്ന് രാത്രിയോടെയാണ് യോഗം ചേരുക.
റഷ്യ ഉക്രൈന് വിഷയം യു എന്‍ പൊതുസഭയില്‍ ചര്‍ച്ചക്ക് കൊണ്ടുവരണമോ എന്ന് തീരുമാനിക്കാന്‍ സുരക്ഷാ സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയും ചൈനയും യു എ ഇയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. റഷ്യ എതിര്‍ത്ത് വോട്ട് ചെയ്തു.
ആണവ പ്രതിരോധ സേനയോട് സജ്ജമാകാനുള്ള പുടിന്റെ നിര്‍ദ്ദേശത്തെ അപലപിച്ച് അമേരിക്കയും ഇംഗ്ലണ്ടും ഇന്നലെ രംഗത്തെത്തിയിരുന്നു.
അതിനിടെ റഷ്യക്ക് മേല്‍ കടുത്ത നടപടികളുമായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കുമായുള്ള ഇടപാടുകളും വിലക്കി. റഷ്യയോട് സഹകരിക്കുന്ന ബലാറൂസിനെതിരെയും ഉപരോധം പ്രഖ്യാപിച്ചു. യുക്രൈന് ആയുധങ്ങള്‍ കൈമാറാനും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
ഉക്രൈനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള ഓപ്പറേഷന് ഗംഗ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ദൗത്യത്തിന്റെ ഭാഗമായുള്ള അഞ്ചാം വിമാനം ഇന്ന് ഡല്‍ഹിയിലെത്തി. 12 മലയാളികള്‍ ഉള്‍പെടെ 249 പേരാണ് വിമാനത്തിലുള്ളത്. ആകെ 1,156 പേരെയാണ് ഇതിവരെയായി ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."