ഒന്നും ഒന്നും രണ്ടല്ല..!
വ്യാപാരസ്ഥാപനത്തിലേക്ക് യോഗ്യരെ റിക്രൂട്ട് ചെയ്യാന്‍ അധികൃതര്‍ അഭിമുഖ പരീക്ഷ നടത്തി. പരീക്ഷയിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു ചോദ്യങ്ങള്‍ ഇതായിരുന്നു:
1) ഒന്നും ഒന്നും കൂട്ടിയാല്‍ എത്ര..?
2) നൂറും നൂറും കൂട്ടിയാല്‍ എത്ര..?
ഒന്നാം തരത്തിലെ വിദ്യാര്‍ഥികളോട് ചോദിക്കുന്ന ചോദ്യം. അതാണ് ഡിഗ്രിയും പിജിയും കഴിഞ്ഞ വ്യക്തികളോട് ചോദിക്കുന്നത്..! ഉദ്യോഗാര്‍ഥികള്‍ മുഴുവന്‍ ഞൊടിയിടയില്‍ അവയ്ക്കു ഉത്തരം പറഞ്ഞു: 1) ഒന്നും ഒന്നും രണ്ട്.
2) നൂറും നൂറും ഇരുന്നൂറ്
എന്താ, ഉത്തരം ശരിയല്ലേ..?
എന്നാല്‍ കൂട്ടത്തില്‍പ്പെട്ട ഒരു വ്യക്തി നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു. അദ്ദേഹം പറഞ്ഞു:
1) 1+1= വലിയ ഒന്ന്...!
2) 100+100= വലിയ ഒന്ന്..!
ഇതേ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം..?
ഈ ഉത്തരം ശരിയെന്ന് ആരെങ്കിലും പറയുമോ..? ഇങ്ങനെ പറഞ്ഞവന്റെ വിദ്യാഭ്യാസയോഗ്യത എന്തായിരിക്കും..?
എന്നാല്‍ അത്ഭുതം കേള്‍ക്കണോ..
'തെറ്റായ' ഈ ഉത്തരം പറഞ്ഞ വ്യക്തിക്കു മാത്രം ജോലി കിട്ടി. 'ശരിയുത്തരം' പറഞ്ഞവര്‍ മുഴുവന്‍ പുറംതള്ളപ്പെട്ടു...! വിവരമറിഞ്ഞവര്‍ അധികൃതരോട് കാരണം തിരക്കിയപ്പോള്‍ അവര്‍ അക്കമിട്ടു നല്‍കിയ വിശദീകരണം ഇതായിരുന്നു:
1) സാധാരണ ഒന്നാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോടു ചോദിക്കുന്ന ചോദ്യങ്ങളാണ് ഇവിടെ ചോദിച്ചിട്ടുള്ളത്. ഈ ചോദ്യങ്ങള്‍ ഒന്നാം ക്ലാസുകാരോടായിരുന്നെങ്കില്‍ നിങ്ങള്‍ നല്‍കിയ ഉത്തരം ശരിയാണ്. പക്ഷേ, ചോദിച്ചത് ഉന്നതപഠനം കഴിഞ്ഞ നിങ്ങളോടാണ്. നിങ്ങളോട് ചോദിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് വേറെ ചില മാനങ്ങളുണ്ടാകുമെന്ന് മനസിലാക്കാന്‍ കഴിയണം. അതിന് ഉള്‍ക്കാഴ്ചയാണാവശ്യം. അതില്ലാത്തവര്‍ ഉപരിതലത്തില്‍ മാത്രം കുടുങ്ങിനില്‍ക്കും. ആഴത്തില്‍ ചിന്തിക്കുകയും ആഴത്തിലേക്കു പോവുകയും ചെയ്യുന്നവര്‍ക്കാണ് ഞങ്ങളുടെ സ്ഥാപനത്തില്‍ സീറ്റുള്ളത്.
2) ചോദ്യം ഒന്നാണെങ്കിലും ചോദ്യക്കാരന്റെയും ചോദിക്കപ്പെടുന്നന്റെയും നിലവാരത്തിനനുസരിച്ച് ചോദ്യാര്‍ഥം വ്യത്യാസപ്പെടും. ഒന്നാം ക്ലാസുകാരനോട് ചോദിക്കുന്ന ചോദ്യം പത്താം ക്ലാസുകാരനോട് ചോദിച്ചാല്‍ ഒന്നാം ക്ലാസുകാരന്റെ മറുപടിയല്ല പത്താം ക്ലാസുകാരന്റെ മറുപടിയാണ് അവന്‍ നല്‍കേണ്ടത്. ഇവിടെ നിങ്ങള്‍ നിങ്ങളുടെ ഡിഗ്രിക്കനുസരിച്ച് മറുപടി പറയേണ്ടതിനുപകരം ഒന്നാം ക്ലാസുകാരുടെ മറുപടി പറഞ്ഞു. നിലവാരമനുസരിച്ചുള്ള മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അവനവന്റെ നിലവാരം മനസിലാക്കാതെ തന്നെക്കാള്‍ താഴ്ന്ന നിലവാരമുള്ളവരുടെ മറുപടി പറയുന്നവര്‍ സത്യത്തില്‍ വേണ്ടവിധം പക്വത നേടാത്തവരാണ്.
3) നിങ്ങളോട് ഈ ചോദ്യങ്ങള്‍ ചോദിച്ചത് ചെറിയ കുട്ടിയായിരുന്നുവെങ്കില്‍ നിങ്ങള്‍ പറഞ്ഞ ഉത്തരം ശരിയാകുമായിരുന്നു. എന്നാല്‍, ചോദിച്ചത് വലിയൊരു സ്ഥാപനത്തിന്റെ ഉന്നതാധികാരികളാണ്. സ്ഥാപനമേധാവികള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അതിനു വേറര്‍ഥങ്ങളുണ്ടാകുമെന്നു മനസിലാക്കാന്‍ നിങ്ങള്‍ക്കായില്ല. ആളുകള്‍ക്കനുസരിച്ച് പെരുമാറാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലെന്നര്‍ഥം. എല്ലാവരോടും ഒരുപോലെ പെരുമാറുന്നവരെയല്ല, ഓരോരുത്തരോടും അവരുടെ നിലവാരം മനസിലാക്കി പെരുമാറുന്നവരെയാണ് സ്ഥാപനത്തിനാവശ്യം. സ്ഥാപനത്തില്‍ എന്തു വിഷയം വന്നാലും അതിനെ നേരിടാന്‍ സ്വന്തം നിലവാരം അറിയുന്നതോടൊപ്പം മറ്റുള്ളവരുടെ നിലവാരം അറിയുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നവരെയാണാവശ്യം.
4) ഒന്നും ഒന്നും രണ്ടാണെന്നത് ഗണിതശാസ്ത്രപരമായ മറുപടിയാണ്. എന്നാല്‍ ജീവിതത്തില്‍ ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാകണമെന്നില്ല, ചിലപ്പോള്‍ വലിയ ഒന്നായിരിക്കും. ഒന്നും ഒന്നും കൂടാതെ നിന്നാലാണ് രണ്ടാവുക, കൂടിയാല്‍ ഒന്നായി മാറും. വെവ്വേറെയായി നില്‍ക്കുമ്പോള്‍ ഭിന്നിപ്പുണ്ടാകും. കൂടിയാല്‍ ഒന്നിപ്പുണ്ടാകും. നൂറും നൂറും കൂടിയാല്‍ ഇരുന്നൂറല്ല, ഒന്നായി മാറുന്ന കാഴ്ചയാണ് ജീവിതത്തില്‍ സംഭവിക്കുന്നത്...! സ്ഥാപനത്തില്‍ പല ജീവനക്കാരുമുണ്ടാകും. എല്ലാവരും വെവ്വേറെയായി നിന്നാല്‍ പല ജോലികളും മുടങ്ങും. എല്ലാവരും ഒരേ ലക്ഷ്യത്തിനായി കൂടെനില്‍ക്കണം. അപ്പോള്‍ ഒന്നായി മാറുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഭംഗിയായി മുന്നോട്ടു പോവുകയും ചെയ്യും. നിങ്ങള്‍ക്ക് പാഠപുസ്തകത്തിലെ അറിവു മാത്രമെയുള്ളൂ, ജീവിതപുസ്‌കത്തില്‍നിന്നു കിട്ടുന്ന തിരിച്ചറിവുകളില്ല. അതിനാല്‍ നിങ്ങളെ സ്ഥാപനത്തിലേക്ക് എടുക്കാന്‍ പ്രയാസമാണ്.
5) ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടാണെന്നത് നിങ്ങള്‍ പഠിച്ചുവച്ച അറിവാണ്. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ നല്‍കുന്നത് ഈ ഉത്തരം തന്നെയാണെങ്കില്‍ പഠിച്ച അറിവിനപ്പുറം ചിന്തിക്കാനോ ആലോചിക്കാനോ നിങ്ങള്‍ തയാറാകുന്നില്ലെന്നതാണ് സത്യം. പാഠപുസ്തകത്തില്‍നിന്ന് പഠിച്ചതു മാത്രമാണ് നിങ്ങളുടെ കൈമുതലെങ്കില്‍ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചേക്കും; ജീവിതത്തില്‍ കരകയറാന്‍ സാധിച്ചേക്കില്ല. വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിയണം. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ബുദ്ധി പ്രയോഗിക്കാന്‍ കഴിയണം. അവരെയാണ് ഞങ്ങള്‍ക്കാവശ്യം. പഠിച്ചതു മാത്രം പാടുകയെന്നത് ഒരുതരം യാന്ത്രിക സ്വഭാവമാണ്. ഞങ്ങള്‍ക്കുവേണ്ടത് യാന്ത്രികസ്വഭാവമുള്ളവരെയല്ല, വ്യത്യസ്തമായി ചിന്തിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."