കൊല്‍ക്കത്തയെന്ന മഹാനഗരത്തിലൂടെ നീങ്ങുമ്പോള്‍
മലയാളിക്ക് ഏറെ ഗൃഹാതുരത അനുഭവിപ്പിക്കുന്ന നഗരമാണ് കൊല്‍ക്കത്ത. കൊല്‍ക്കത്തയെന്നാല്‍ പ്രത്യേകിച്ച് മലബാറുകാര്‍ക്ക് അത് ഫുട്‌ബോളെന്ന ഏറെ പ്രിയമുള്ള കളിയുടെ ഈറ്റില്ലമാണ്. മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളുമെല്ലാം തങ്ങളുടെ കളികളുടെ തട്ടകമായി കണ്ട നഗരം.
നാം മലയാളികളെ ബംഗാളികളുമായി ഐക്യപ്പെടാന്‍ പ്രേരിപ്പിച്ചത് സമാനമായ കാലാവസ്ഥയും കല്‍പവൃക്ഷ സാന്നിധ്യവും മത്സ്യത്തോടുള്ള ആഭിമുഖ്യവുമെല്ലാമായിരുന്നു. ഇടതുപക്ഷ മനസുള്ള മലയാളികള്‍ പശ്ചിമ ബംഗാളിനെ ചേര്‍ത്തുവെച്ചത് അവിടെ ദീര്‍ഘകാലം നിലനിന്ന ഇടത് ഭരണത്താലായിരുന്നു.
മുഹമ്മദന്‍സും മോഹന്‍ഭഗാനും ഉള്‍പ്പെട്ട കൊല്‍ക്കത്തയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഞങ്ങളുടെ തലമുറയുടെ ആവേശമായിരുന്നു. കോഴിക്കോടിനോളം പോന്ന ഫുട്‌ബോള്‍ ലഹരിയും കൊല്‍ക്കത്തയെ നെഞ്ചോടു ചേര്‍ത്തുവയ്ക്കാന്‍ കാരണമായിട്ടുണ്ട്. കൊല്‍ക്കത്തയെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങള്‍, കുട്ടിക്കാലത്ത് ഉപ്പച്ചി (പിതാവ്) പകര്‍ന്ന ആ നാടിനെക്കുറിച്ചുള്ള വിവരണങ്ങള്‍...
അഞ്ചു ദിവസം കൊല്‍ക്കത്തയില്‍ ചെലവഴിക്കാനാണ് പുതിയ പദ്ധതി. മൂന്നു ദിവസം കറങ്ങി യാത്രപറയാനായിരുന്നു ആദ്യ ആലോചന. ആഴ്ചകള്‍ ചെലവഴിച്ചാലും കണ്ടു തീരാത്തത്രയും സ്ഥലങ്ങള്‍ ഉണ്ടെന്നതിനാലാണ് താമസം ദീര്‍ഘിപ്പിച്ചത്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് ബാലകൃഷ്‌ണേട്ട (സി.വി ബാലകൃഷ്ണന്‍)നെ വിളിച്ചിരുന്നു. അദ്ദേഹം മാതൃഭൂമിയില്‍ തുടര്‍ച്ചയായി കൊല്‍ക്കത്തന്‍ അനുഭവങ്ങള്‍ എഴുതിയതില്‍ ചിലതെല്ലാം വായിച്ചിരുന്നു. 'മറക്കാന്‍വയ്യ' എന്ന കോളം ചെയ്തിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അനുഭവം എഴുതിയതോടെയാണ് അടുപ്പം തുടങ്ങുന്നത്. ചില വിലപ്പെട്ട വിവരങ്ങള്‍ ബാലകൃഷ്‌ണേട്ടന്‍ നല്‍കിയിരുന്നു.
എങ്ങും ചരിത്രം സ്പന്ദിക്കുന്നത് തൊട്ടറിയാവുന്ന നഗരമാണ് കൊല്‍ക്കത്ത. പാതകളുടെ രണ്ടറ്റത്തും മുട്ടിയുരുമ്മി നീങ്ങുന്ന വാഹനങ്ങളുടെ നിര നഗരത്തിന്റെ ജനസാന്ദ്രതയെ സൂചിപ്പിക്കുന്നു. ഇതുപോലെ ചരിത്രം അനുഭവിപ്പിക്കുന്ന മറ്റേതെങ്കിലും നഗരം ഇന്ത്യയിലുണ്ടോയെന്നു സംശയമാണ്. രുചികളുടെ അവസാന വാക്കും ഈ നഗരം തന്നെയാവുമെന്ന് റോഡരുകില്‍ നിരത്തിവച്ച പലഹാരങ്ങള്‍ ബോധ്യപ്പെടുത്തും.
ഹൗറയിലെ ജനസഞ്ചയം
ഹൗറ റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലുമാണ് മനുഷ്യര്‍ പുഴുക്കളെപ്പോലെ നുരയ്ക്കുന്നത് അനുഭവിച്ചത്. മുംബൈയും ഡല്‍ഹിയും അടങ്ങിയ മഹാനഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഓരോ വണ്ടിയും കൊണ്ടുതള്ളുന്ന ജനങ്ങള്‍ മലവെള്ളംപോലെ പുറത്തേക്കൊഴുകുന്നു. അതിനിടയില്‍പ്പെട്ടാല്‍ ഒഴുക്കില്‍പ്പെട്ട അവസ്ഥയാണ്. ഡല്‍ഹിയും മുംബൈയും ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളെല്ലാം സന്ദര്‍ശിച്ചിരുന്നെങ്കിലും ഹൗറ എന്നെ അന്താളിപ്പിച്ചു. ഈ നഗരത്തില്‍ നാലഞ്ചു ദിവസം എങ്ങനെ തൂങ്ങിനില്‍ക്കാനാവുമെന്ന ചിന്തയായി. ആ പ്രവാഹത്തില്‍പ്പെട്ട് പുറത്തേക്കെത്തിയിട്ടും ആശങ്കകള്‍ക്ക് വിരാമമായില്ല.
ഭൂരിഭാഗം മനുഷ്യരും നടക്കുന്ന വഴിയിലൂടെ നടന്നു. അതാണ് പലപ്പോഴും യാത്രയില്‍ പതിവ്. ബസ് സ്റ്റാന്റിലേക്കോ മറ്റോ എത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു. അത് തെറ്റിയില്ല. പുറത്തേക്ക് ഇറങ്ങിയവര്‍ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. ഹൗറ ജെട്ടിയിലേക്കാണ് അവരെല്ലാം പോകുന്നതെന്ന് പിന്നീട് ബോധ്യപ്പെട്ടു.
തിരിയാനും മറിയാനും സാധിക്കാത്ത മനുഷ്യവേലി ഇടത്തോട്ടും വലത്തോട്ടുമൊന്നും ചലിക്കാനാവാത്തതിനാല്‍ കുറേ ദൂരം നേര്‍രേഖയില്‍ സഞ്ചരിക്കേണ്ടി വന്നു. സ്റ്റേഷന്‍ പരിസരങ്ങളിലും സര്‍വത്ര മനുഷ്യര്‍.
ജനത്തിന്റെ കുത്തൊഴുക്കിനിടയില്‍ റീത്ത് വച്ച ശവവണ്ടിപോലെ തോന്നിച്ചു വാഹനങ്ങള്‍. ലഗേജിന്റെ ഭാരവും താങ്ങി നടക്കുക ആയാസകരമായതിനാല്‍ പറ്റുന്നതും വേഗം താമസത്തിനായി ഒരിടം കണ്ടെത്തേണ്ടിയിരുന്നു. റിക്ഷക്കാര്‍ ബാബുവെന്ന സംബോധനയോടെ ഇടവിട്ട് കടന്നുവന്നു. ആ വിളി നേരത്തെ കേട്ടിരുന്നു. കൊല്‍ക്കത്തയുടെ വിളി. സിനിമകളിലും മറ്റുമാണ് ആ അഭിസംബോധന ശ്രദ്ധിച്ചത്.
പലരും റിക്ഷയുമായി പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവയില്‍ ഒരെണ്ണത്തില്‍ കയറി. ബാല്യം വിട്ടിട്ടില്ലാത്ത മുഖമുള്ള റിക്ഷവാല. പതിനാറോ, പതിനേഴോ വയസ് തോന്നിച്ചു അവന്. ജീവിതകാലം മുഴുവന്‍ റിക്ഷവലിച്ച് ക്ഷയം ചര്‍ദ്ദിച്ചാണ് ബഹുഭൂരിഭാഗവും മരിക്കാറെന്ന് വായിച്ചിരുന്നത് ഉള്ളുപൊള്ളിക്കുന്ന നീറ്റലായി ഓര്‍മയിലേക്ക് കയറിവന്നു.
അവന്റെ പിതാവായിരിക്കണം മുന്‍പ് ആ റിക്ഷ വലിച്ചിരുന്നത്. കുടുംബത്തിന്റെ അന്നവും മാനവും ഉറപ്പാക്കാനായി അച്ഛനുശേഷം റിക്ഷ ചവിട്ടാന്‍ അവന്‍ എത്തിയതാവണം. വാടക കുറഞ്ഞ ലോഡ്ജുകള്‍ സമീപത്തെ എ.സി മാര്‍ക്കറ്റ് റോഡിലാണെന്ന് അവന്‍ പറഞ്ഞു. കഷ്ടി ഒന്നര കിലോമീറ്റര്‍ മാത്രമായിരുന്നു സ്‌റ്റേഷനില്‍ നിന്നുള്ള ദൂരം. അവനൊപ്പം പോയ ലോഡ്ജുകളിലെ മുറികള്‍ ഇഷ്ടമാവാത്തതിനാല്‍ തനിച്ച് അന്തിയുറങ്ങാനുള്ള മുറി തിരയാന്‍ അവനെ വിട്ട് പുറപ്പെട്ടു.
വാഹനങ്ങളുടെ ഒഴുക്കിനൊപ്പം
2003ലെ ആദ്യ ഉത്തരേന്ത്യന്‍ യാത്രയുടെ ഓര്‍മയില്‍ സമീപത്ത് കണ്ട ഒരു ഗുരുദ്വാരയില്‍ ചെന്നെങ്കിലും അവിടെ ഒഴിവുണ്ടായിരുന്നില്ല. എന്നെ നിരീക്ഷിച്ചിരുന്ന പ്രായമുള്ള മറ്റൊരു റിക്ഷക്കാരന്‍ വാടകകുറഞ്ഞ മുറി ശരിപ്പെടുത്താമെന്ന് പറഞ്ഞു. അയാള്‍ കാണിച്ച രണ്ടാമത്തെ ലോഡ്ജായിരുന്നു എ.സി മാര്‍ക്കറ്റ് റോഡരുകിലെ ലൗവ്‌ലി. ഏഴടിയോളം നീളവും നാലടി വീതിയുള്ള ഒരു കട്ടില്‍ മാത്രം ഇടാവുന്ന ആ മുറി യോജിച്ചതാണെന്ന് തോന്നി. പൊതു ബാത്ത്‌റൂമായിരുന്നെങ്കിലും വലിയ പ്രശ്‌നമുള്ളതായി തോന്നിയില്ല. അന്‍പത് രൂപയും വാങ്ങി റിക്ഷക്കാരന്‍ തൊഴുത് മടങ്ങി. റിസപ്ഷനിസ്റ്റും അയാള്‍ക്ക് കമ്മിഷനായി എന്തോ കൊടുത്തു.
ആശ്വാസമായി, ഈ മഹാനഗരത്തില്‍ അന്തിയുറങ്ങാന്‍ ഇടമായിരിക്കുന്നു. രണ്ടു ദിവസമായി ദേഹം നനഞ്ഞിട്ട്. ആ ജോലി ആദ്യം പൂര്‍ത്തിയാക്കി. നഗരം കാണാനുള്ള വ്യഗ്രതയില്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ ഏറ്റവും കൂടിയ അന്തരീക്ഷ മലിനീകരണം സംഭവിച്ച നഗരം കൊല്‍ക്കത്തയായിരിക്കുമോയെന്ന് സംശയം തോന്നി. എന്നാല്‍ ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനമുള്ള ആദ്യ പത്തില്‍ കൊല്‍ക്കത്ത ഇല്ലെന്നത് ആശ്വാസമേകി. പക്ഷേ മൂടല്‍മഞ്ഞണിഞ്ഞപോലെ പൊടിയുടെ പൂരമാണ് എങ്ങും.
റോഡിന് ശ്വാസംവിടാന്‍പോലുമാവുന്നില്ല, റോഡ് നിറഞ്ഞു കവിഞ്ഞാണ് വാഹനങ്ങളുടെ ഒഴുക്ക്. ഇക്കാലത്തിനിടയില്‍ കണ്ട നഗരങ്ങളിലൊന്നും ഇതുപോലെ തിങ്ങിനിറഞ്ഞു വാഹനങ്ങളും മനുഷ്യരും നീങ്ങുന്നത് കണ്ടിട്ടില്ല. റോഡ് മുറിച്ചുകടക്കുക തീര്‍ത്തും അതിസാഹസികമായ ജോലിയാണിവിടെ. എന്നിട്ടും മനുഷ്യര്‍ തത്രപ്പെട്ട് അവയ്ക്കിടയിലൂടെ ഓടുന്നു.
എങ്ങോട്ടു പോകണമെങ്കിലും ആദ്യം ബസ് സ്റ്റാന്റില്‍ എത്തണം. മികച്ച പൊതുയാത്രാ സംവിധാനമുള്ള നഗരമാണ് കൊല്‍ക്കത്തയെന്ന് അറിയാമായിരുന്നു. ഒരു കിലോമീറ്ററോളം നടന്നു. പലരോടും ചോദിച്ചാണ് ഹൗറ ബസ് സ്റ്റാന്റിലേക്കുള്ള സ്‌റ്റോപ്പിലെത്തിയത്. നഗരവാസികളുടെ സഹായമനസ്‌കത തിരിച്ചറിഞ്ഞതോടെ എന്റെ ആധിയെല്ലാം അവസാനിച്ചു.
എങ്ങോട്ട് ചെന്നെത്താനും ചുറ്റും ഒരുപാടുപേര്‍ സഹായത്തിനായി സദാ നില്‍പ്പുണ്ടെന്നത് ഹൃദയം തണുപ്പിച്ചു. നഗരത്തിന്റെ ഏത് ഭാഗത്തും എത്തിച്ചേരല്‍ പ്രശ്‌നമാവില്ലെന്നത് വഴി ചോദിച്ചാല്‍ എത്ര തിരക്കുണ്ടായാലും അല്‍പനേരം നിന്നു വിശദമായി പറഞ്ഞുതരുന്നവരായിരുന്നു ഞാന്‍ കണ്ടുമുട്ടിയ നഗരവാസികളെല്ലാം. നഗരത്തിന്റെ ഏത് ഭാഗത്തും എത്തിച്ചേരല്‍ പ്രശ്‌നമാവില്ലെന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
ഓര്‍മകളിലേക്ക്
ഊളിയിടുന്ന യാത്രകള്‍
കൊല്‍ക്കത്ത മഹാനഗരമായി മാറിയിട്ട് നൂറ്റാണ്ടുകളെത്ര കഴിഞ്ഞിരിക്കുന്നു. എന്നിട്ടും നഗരവാസികള്‍ക്ക് അതിഥികളോടുള്ള മമത ഒട്ടും കുറഞ്ഞിട്ടില്ല. എത്തിച്ചേരുന്നവരെല്ലാം തങ്ങളുടെ പ്രിയ അതിഥികളാണെന്നും മാന്യമായി അവരോട് പെരുമാറണമെന്നും ഓരോ കൊല്‍ക്കത്തക്കാരന്റെ മുഖവും നിങ്ങളോട് പറയുമെന്ന് തീര്‍ച്ച.
ആദ്യമായി കേട്ട യാത്രാവിവരണം ഉപ്പച്ചി (പിതാവ് അബ്ദുല്ലകോയ) യുടെ മദിരാശി (ചെന്നൈ) സന്ദര്‍ശനവുമായുള്ളതായിരുന്നു. അനിയന്‍ അഹമ്മദ് കോയ അറുപതുകളില്‍ നാടുവിട്ടിരുന്നു. പിന്നീട് ആ മനുഷ്യനെക്കുറിച്ച് ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. ഉപ്പച്ചി അനിയനെ തേടിയായിരുന്നു അറുപതുകളുടെ തുടക്കത്തില്‍ മദിരാശിലേക്ക് വണ്ടി കയറിയത്. കേരളത്തിന് പുറത്ത് പിതാവ് നടത്തിയ ഏക യാത്രയും അതായിരുന്നു.
അനിയന്‍ മദിരാശിലുണ്ടെന്ന് ചില നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ആ യാത്ര. എന്നാല്‍ മദിരാശി നഗരം നേരില്‍ കാണാന്‍ ആ യാത്ര ഉപ്പച്ചിക്ക് അവസരം നല്‍കിയെന്നു മാത്രം. ഉപ്പച്ചി എത്തുമ്പോഴേക്കും അഹമ്മദ്‌കോയ എളാപ്പ മറ്റെങ്ങോ പോയിരുന്നു.
ആ മനുഷ്യനെക്കുറിച്ച് ഒരുപാട് പരാമര്‍ശങ്ങള്‍ പലരില്‍ നിന്നായി കേട്ടിരുന്നു. മുംബൈയില്‍ നിന്ന് പാക് നഗരമായ കറാച്ചിയിലേക്ക് പോയെന്നും അവിടെ കുടുംബമായി കഴിയുന്നുണ്ടെന്നുമെല്ലാം എത്രയെത്ര കഥകള്‍ ബാല്യത്തില്‍ കേട്ടിരിക്കുന്നു.
ആ മനുഷ്യന്‍ ഞങ്ങളെ തേടി വരുന്ന അസുലഭ ദിനത്തെക്കുറിച്ച് അന്ന് സ്വപ്‌നങ്ങള്‍ നെയ്തതിന് കൈയുംകണക്കുമുണ്ടായിരുന്നില്ല. ആ എളാപ്പയുടെ രൂപം സങ്കല്‍പ്പിക്കാനാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. ഞങ്ങള്‍ കുട്ടികള്‍ക്ക് ജ്യേഷ്ഠന്മാരേയോ, അനിയന്മാരേയോ, അനിയത്തിയേയോ, ജ്യേഷ്ഠത്തിയേയോ കൊണ്ടാവുമോ അഹമ്മദ് എളാപ്പ വരികയെന്നതും ചിന്താവിഷയമായിരുന്നു.
പക്ഷേ അങ്ങനെ ഒന്ന് സംഭവിച്ചില്ല. ഇന്ന് ആ മനുഷ്യന്‍ ജീവിച്ചിരിക്കുന്നുണ്ടോ. ആര്‍ക്കറിയാം. 1997 മാര്‍ച്ച് നാലിനായിരുന്നു എണ്‍പതാം വയസില്‍ ഉപ്പച്ചി ഞങ്ങളെ വിട്ടുപോയത്. പിന്നീട് വന്ന വര്‍ഷങ്ങളില്‍ അനിയന്മാരായ കുഞ്ഞിമോനും കോയട്ടിയും വേര്‍പിരിഞ്ഞു.
ഉപ്പച്ചിയുടെ സഹോദരിമാരില്‍ ഇളയവളായിരുന്ന ഇമ്പിച്ചിപാത്തു(ചെറിയമ്മായി)വും വലിയമ്മായി(ബീവി)യും ഒടുവില്‍ മണ്ണോടുചേര്‍ന്നു. ഇന്ന് ആ തലമുറയില്‍ ആരും അവശേഷിക്കുന്നില്ല. അഹമ്മദ്‌കോയ എളാപ്പ ഇന്നും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ഉണ്ടെങ്കില്‍ എണ്‍പതിനും തൊണ്ണൂറിനുമിടയില്‍ പ്രായമുണ്ടാവും. കോഴിക്കോടെന്ന ജന്മനഗരത്തിലേക്ക് ഒരിക്കലെങ്കിലും വരണമെന്ന മോഹവും പേറി ഞങ്ങളൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നാട്ടില്‍ എന്നോ ആ ജീവിതം അവസാനിച്ചിരിക്കാനും മതി. കുട്ടിക്കാലത്ത് നാടുവിട്ടു പോകാന്‍ വല്ലാത്തൊരു പ്രലോഭനം അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. വല്ല വിക്രസും ഒപ്പിച്ചതിന് വഴക്ക് കേള്‍ക്കുന്ന അവസരങ്ങളില്‍ ആഗ്രഹം പരകോടിയില്‍ എത്തും.
അന്നത്തെ ഭയം കുട്ടികളെ പിടിക്കുന്ന സംഘത്തെക്കുറിച്ചായിരുന്നു. അത്തരം സംഘം അംഗഭംഗം വരുത്തി ഭിക്ഷ തെണ്ടിക്കുമോയെന്ന ആധികള്‍ക്കിടയില്‍ മോഹങ്ങള്‍ എരിഞ്ഞടങ്ങി. കൊല്‍ക്കത്തയെക്കുറിച്ച് പറഞ്ഞ് എതെല്ലാമോ ഓര്‍മകളിലൂടെ പോയി.
ശൈത്യകാലമായതിനാലാവാം കൊല്‍ക്കത്ത നവംബര്‍ മാസത്തില്‍ നേരത്തെ ഇരുള്‍പുതയ്ക്കുന്നത്. അഞ്ചു മണി കഴിഞ്ഞ് അഞ്ചര ആയപ്പോഴേക്കും രാത്രി എട്ടു മണിയുടെ പ്രതീതിയായി. കൊല്‍ക്കത്തയില്‍ തിങ്ങിനിറഞ്ഞല്ലാതെ കടന്നുപോകുന്ന ഒരൊറ്റ ബസും കാണാന്‍ കഴിഞ്ഞില്ല. നഗരവാസികളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായതിനാലാവാം.
വാഹനങ്ങള്‍ തുപ്പുന്ന പുകയും വേഗം സൃഷ്ടിക്കുന്ന പൊടിയും ഏല്‍ക്കാതിരിക്കാന്‍ ആളുകള്‍ കറുത്തമാസ്‌ക് ധരിച്ച് നടക്കുന്നു. റോഡിലും വാഹനങ്ങളിലുമെല്ലാം നിരവധി പേരെ കണ്ടു. താടി മുതല്‍ മൂക്കിന്റെ പാലം വരെയും ഇരു കവിളുകളുടെയും പാതിവരെയും വലിപ്പമുള്ളവയായിരുന്നു ആ മാസ്‌കുകള്‍.
ഞാനും വാങ്ങി അത്തരം രണ്ടെണ്ണം. 20 രൂപയായിരുന്നു ഒരെണ്ണത്തിന്റെ വില. നാട്ടിലും ഉപകാരപ്പെടുമെന്നതിനാല്‍ രണ്ടെണ്ണം കൂടി പലയിടങ്ങളില്‍ നിന്നായി വാങ്ങി. ഇന്ന് കൊറോണ നമുക്കിടയില്‍ സജീവമായതോടെ എല്ലാ മുഖങ്ങളും മാസ്‌ക്കിന് പിന്നിലായിരിക്കുന്നു. മുഖത്ത് പ്ലാസ്റ്റര്‍പോലെ അവ പറ്റിനില്‍ക്കുമ്പോള്‍ മുന്‍പു കണ്ടവരെ തിരിച്ചറിയാന്‍ പ്രയാസം.
സയന്‍സ് സിറ്റിയിലേക്കുള്ള ബസ്
അന്തരീക്ഷ മലിനീകരണത്തോതില്‍ കൊല്‍ക്കത്ത ആദ്യ പത്തു സ്ഥാനത്തുപോലുമില്ലെന്ന് നാം പറഞ്ഞെങ്കിലും കൊല്‍ക്കത്തയില്‍ വാഹനങ്ങളുടെ പുക നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു വേണം കരുതാന്‍. കൊല്‍ക്കത്ത റോഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ കട്ടപ്പുക തുപ്പുന്ന പഴകിയ ബസുകള്‍ മാത്രം റോഡില്‍നിന്നു മാറ്റിയാല്‍ 50 ശതമാനമെങ്കിലും അന്തരീക്ഷ മലിനീകരണം കുറയുമെന്നാണ് എനിക്ക് തോന്നിയത്.
ബസ് സ്‌റ്റോപ്പ് എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു നടന്നത്. മുക്കാല്‍ കിലോമീറ്ററോളം നടന്നപ്പോഴാണ് ബസ് പോകുന്ന ഒരു റോഡിലെത്തിയത്. സ്റ്റാന്റില്‍ ചെന്ന ശേഷവും പലരോടും ചോദിച്ചാണ് സയന്‍സ് സിറ്റിയിലേക്കുള്ള വണ്ടിയില്‍ കയറിപ്പറ്റിയത്. കൊല്‍ക്കത്തയിലെ ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ തള്ളുന്ന പുക ശ്വസിച്ച് ഒരു മണിക്കൂറിലധികം സഞ്ചരിക്കണം നഗരപ്രാന്തത്തില്‍ സ്ഥിതിചെയ്യുന്ന സയന്‍സ് സിറ്റിയിലെത്താന്‍.
ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ സമ്പൂര്‍ണ്ണ ചരിത്രം സുവ്യക്തമായി സയന്‍സ് സിറ്റിയില്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന നദികളുടെ പ്രയാണം, അവയുടെ തീരങ്ങളുടെ കിടപ്പ്, ഗംഗ ഉത്ഭവിക്കുന്ന ഗംഗോത്രിയുടെ ചിത്രം. ഹിമാനികളും അവിടുത്തെ സസ്യജാലങ്ങളും കാടും മലയും കുന്നും പുഴകളുമെല്ലാം നേരില്‍ കാണുന്ന അനുഭൂതിയാണ് സന്ദരര്‍ശകന് പകര്‍ന്നുനല്‍കുന്നത്. സിന്ധു, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയ നദികളുടെ ചിത്രങ്ങളും തീരപ്രദേശങ്ങളിലെ കൃഷിയും സസ്യജാലങ്ങളുമെല്ലാം നേരില്‍കണ്ട പ്രതീതി.
മണ്‍സൂണിന്റെ വരവ്, അവ കടന്നുപോകുന്ന ദിശ, രാജ്യത്തിന് വെള്ളം നല്‍കുന്ന ഹിമാനികള്‍ തുടങ്ങിയവയെക്കുറിച്ചും ഒരെത്തിനോട്ടത്തില്‍നിന്നു തന്നെ ധാരാളം കാര്യങ്ങള്‍ അറിയാനാവുന്ന രീതിയിലാണ് ചിത്രീകരണം. ആകാശത്തുനിന്നു പകര്‍ത്തിയ ജീവസുറ്റ ചിത്രങ്ങളാണ് ചില്ലു പ്രദലത്തില്‍ ആവശ്യമായ വിശദീകരണങ്ങള്‍ ചേര്‍ത്ത് ഒട്ടിച്ചുവച്ചിരിക്കുന്നത്. നിറഞ്ഞ പ്രകാശത്തിന് നടുവില്‍ അവ വെട്ടിത്തിളങ്ങി. ഗണിതതത്വങ്ങള്‍ അടുത്തറിയാനായി ക്രമീകരിച്ച ഹാളില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട കണക്കിന്റെ പ്രാധാന്യവും സന്ദര്‍ശകന് ബോധ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."