ട്വന്റി20 പ്രവര്‍ത്തകന്റെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; പ്രതിരോധത്തിലായി സി.പി.എം
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നേരത്തെതന്നെ പ്രാഥമികവിവരം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുതന്നെ പുറത്തുവന്നതോടെ സി.പി.എം എം.എല്‍.എ ശ്രീനിജനും കൂടുതല്‍ പ്രതിരോധത്തിലായി. ട്വന്റി ട്വന്റി പ്രവര്‍ത്തകരും പാര്‍ട്ടി നേതാവ് സാബു ജേക്കബും എം.എല്‍.എ ശ്രീനിജനെതിരേ രംഗത്തുവന്നിട്ടുണ്ട്. അതേ സമയം അന്വേഷണം നടക്കട്ടെ എന്നാണ് ശ്രീനിജന്റെ പ്രതികരണം.
ദീപുവിന്റെ കൊലപാതകത്തില്‍ പൊലിസിന്റെ എഫ്.ഐ.ആറിലും ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പറഞ്ഞിരുന്നത്.
പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ടായിരുന്നു. ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്.
ഒന്നാം പ്രതിയായ സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെവീണ ദീപുവിന്റെ തലയില്‍ ഇയാള്‍ പലതവണ ചവിട്ടിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു. ഈ സമയം മറ്റുപ്രതികള്‍ ദീപുവിന്റെ ശരീരത്തില്‍ മര്‍ദിച്ചു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികള്‍ അസഭ്യം പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെയാണ് സി.പി.എം പ്രവര്‍ത്തകരായ നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചത്.
ദീപുവിന്റെ തലയില്‍ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയില്‍ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ട്. കരള്‍ രോഗം മൂര്‍ഛിച്ചതും ദീപുവിന്റെ ആരോഗ്യനില വഷളാക്കി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ മരണം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."