ഏക സിവിൽകോഡ്: ഭരണഘടനാശിൽപ്പികൾ ഉദ്ദേശിച്ചതെന്ത്?
പ്രൊഫ. റോണി കെ. ബേബി
സ്വതന്ത്ര ഇന്ത്യക്ക് എഴുതിത്തയാറാക്കിയ ഭരണഘടന നൽകുന്നതിന് രൂപീകരിക്കപ്പെട്ട ഭരണഘടന നിർമാണ സഭയിൽ തുടർച്ചയായ രണ്ടുവർഷവും ഏക സിവിൽകോഡിനെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടന്നതായി രേഖകളിൽ കാണാം. ശക്തവും തീവ്രവുമായ വാദപ്രതിവാദങ്ങളാണ് ഏക സിവിൽകോഡിന് അനുകൂലമായും പ്രതികൂലമായും സഭയിൽ ഉയർന്നത്. കരട് ഭരണഘടനയിൽ മതസ്വാതന്ത്ര്യങ്ങളിൽ രാഷ്ട്രത്തിന് ഇടപെടാൻ അധികാരം നൽകുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. വ്യക്തിനിയമങ്ങൾ മൗലികാവകാശങ്ങളാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മദിരാശി സംസ്ഥാനത്തെ മുഹമ്മദ് ഇസ്മാഇൗൽ സഭയിൽ അവതരിപ്പിച്ചു. ഇതിനെ പിന്തുണച്ചുകൊണ്ട് മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും സ്വന്തം വ്യക്തിനിയമങ്ങൾ തുടരാൻ അനുവദിക്കണമെന്ന നിലപാട് എം.എ അയ്യങ്കാർ സ്വീകരിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ ഒരിക്കൽപ്പോലും വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമത്തിൽ കടന്നുകയറ്റമുണ്ടായില്ലെന്ന് ചർച്ചകളിൽ പങ്കെടുത്ത മുസ്‌ലിം സമുദായ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇതിനെ എതിർത്തുകൊണ്ട് കെ.എം മുൻഷിയുടെ നേതൃത്വത്തിലുള്ളവർ ഏകീകൃത സിവിൽ നിയമങ്ങൾക്കായി വാദിച്ചു. എങ്കിലും സഭയുടെ പൊതുവികാരം വ്യക്തിനിയമങ്ങൾക്ക് അനുകൂലമായിരുന്നു.
ഭരണഘടന നിർമാണസഭയിലെ ചർച്ചകളെ വളച്ചൊടിച്ചുകൊണ്ട് ആർട്ടിക്കിൾ 44 വഴിയായി ഏകീകൃത സിവിൽ കോഡിനുവേണ്ടി ഭരണഘടനാശിൽപ്പികൾ നിലകൊണ്ടെന്ന് വാദിക്കുന്നവർ വ്യക്തിനിയമങ്ങൾക്ക് അനുകൂലമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റു വകുപ്പുകളെ മനപ്പൂർവം തമസ്‌ക്കരിക്കുകയാണ് . ഭരണഘടനയിൽ നടപ്പിലാക്കണമെന്ന് കോടതികൾക്ക് നിർബന്ധം പിടിക്കാൻ കഴിയാത്ത മാർഗനിർദേശക തത്വങ്ങളുടെ (Directive Principles of State Policy) പട്ടികയിൽ ആർട്ടിക്കിൾ 44 ഉൾപ്പെടുത്തിയെങ്കിലും അതിനോടൊപ്പം ഏഴാം പട്ടികയിൽ മൂന്നാമത്തെ ലിസ്റ്റിൽ അഞ്ചാം ഇനമായും ആർട്ടിക്കിൾ 372 വഴിയായും വ്യക്തിനിയമങ്ങൾക്കുള്ള അവകാശം ഭരണഘടന നിർമാണസഭ ഭരണഘടനയിൽ ഉൾപ്പെടുത്തുകയുണ്ടായി.
അംബേദ്ക്കറുടെ ഉറച്ചനിലപാടുകൾ
മൗലികാവകാശങ്ങളുടെ പട്ടികയിൽ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25 ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് ഭരണഘടനാശിൽപ്പിയായ അംബേദ്ക്കർ ഇങ്ങനെ പറഞ്ഞു; 'രാഷ്ട്രത്തിന്റെ അധികാരം അനിയന്ത്രിതമാണെങ്കിലും യഥാർഥത്തിൽ അത് നിയന്ത്രിതം തന്നെയാണ്. കാരണം വ്യത്യസ്ത മതവിഭാഗങ്ങളുടെ വികാരങ്ങൾ ഉൾക്കൊണ്ട് മാത്രമേ രാഷ്ട്രത്തിന് അതിന്റെ അധികാരം നിർവഹിക്കാൻ കഴിയുകയുള്ളൂ. ഒരു സമുദായത്തിനും കലാപത്തിന്റെ മാർഗത്തിലേക്ക് വഴിതുറന്നുകൊണ്ട് രാഷ്ട്രത്തിന് അതിന്റെ അധികാരം നിർവഹിക്കാൻ കഴിയില്ല. അങ്ങനെ ഏതെങ്കിലും ഗവൺമെന്റ് ചെയ്‌തെങ്കിൽ അത് ചെയ്യുന്നത് ഭ്രാന്തമായ നടപടികളാണ് (Constitution Assembly Debates, Vol- Vll, P - 544-546).
ഭരണഘടന നിർമാണസഭയിലുണ്ടായ ചർച്ചകളുടെ ചുവടുപിടിച്ച് മാർഗനിർദേശക തത്വങ്ങളുടെ പട്ടികയിൽ ആർട്ടിക്കിൾ 44ൽ 'രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ബാധകമായ ഒരു ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതാണ്' എന്ന് ഉൾപ്പെടുത്തുകവഴി ഭാവിയിൽ വ്യക്തിനിയമങ്ങളിൽ ഇടപെടാനുള്ള സ്റ്റേറ്റിന്റെ സാധ്യതകൾ ഭരണഘടനാശിൽപ്പികൾ തുറന്നിടുകയാണ് ചെയ്തത്. ഭരണഘടന നിലവിൽവരുന്ന സമയത്ത് ഹിന്ദു വ്യക്തിനിയമങ്ങളിലെ പൊളിച്ചെഴുത്തായിരുന്നു ഈ ഭരണഘടനാ വകുപ്പുകൊണ്ട് ബി.ആർ അംബേദ്ക്കറും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കന്മാർ ഉദ്ദേശിച്ചിരുന്നത് എന്നത് അവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാണ്. 'രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ഈ ഭരണഘടനാവകുപ്പുകൊണ്ട് ഒരിക്കലും ഭയപ്പെടേണ്ടതില്ല' എന്ന ഉറപ്പാണ് ഭരണഘടന നിർമാണസഭയിൽ ബി.ആർ അംബേദ്ക്കർ നൽകിയത്.
ഏക സിവിൽകോഡിന് അനുകൂലമായി അംബേദ്ക്കർ ശക്തമായി വാദിക്കാതിരുന്നത് ഇതിൻ്റെ മറവിൽ ഹിന്ദുമതത്തിലെ ജാതിസമ്പ്രദായത്തെ നിലനിർത്തുന്ന പിന്നോക്കവും അപരിഷ്‌കൃതവുമായ നിയമവ്യവസ്ഥകൾ മറ്റു സമുദായങ്ങളുടെ മേലും അടിച്ചേൽപ്പിക്കുമോ എന്ന ഭയമായിരുന്നു. രാജ്യത്തു മുഴുവൻ ഒരു ഏക സിവിൽ നിയമവ്യവസ്ഥയ്ക്ക് ശ്രമിക്കുന്നതിന് പകരം അംബേദ്ക്കർ ആദ്യം ശ്രദ്ധചെലുത്തിയത് ഹിന്ദു മതത്തിലെ നിയമങ്ങളുടെ പരിഷ്‌ക്കരണത്തിന് വേണ്ടിയായിരുന്നു. പ്രസിദ്ധമായ ഹിന്ദു കോഡ് ബിൽ ഇതിന്റെ ഭാഗമായിരുന്നു. ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് അംബേദ്ക്കർ പറയുന്നു; 'മേൽത്തട്ട്, കീഴ്ത്തട്ട് ബന്ധങ്ങളും വർഗ, വംശ വൈരുധ്യങ്ങളും ലിംഗ, ലൈംഗിക ഭിന്നതകളും അസമത്വങ്ങളും സവർണ ഹൈന്ദവാശയ നിർമിതിയാണ്. ഇവ സാമ്പത്തിക പ്രശ്‌നങ്ങളും നിയമനിർമാണത്തിലെ വെല്ലുവിളികളുമായി പിൽക്കാലത്ത് രൂപാന്തരം പ്രാപിച്ച് ഭരണഘടനയുടെ ഫലദായകമായ സംവാദശക്തിക്കു മുന്നിൽ പ്രഹേളികയായി മാറുകയും ചെയ്യും. അവയ്ക്കു പരിഹാരമെന്ന നിലയിൽ അത്രയേറെ പ്രധാന്യമുള്ള ഒന്നെന്ന നിലയിൽ ഹിന്ദു കോഡ് ബില്ലിനെ ഞാൻ ഉയർത്തിക്കാട്ടുന്നത്'- (മന്ത്രിസഭയിൽ ഡോ. അംബേദ്കർ നടത്തിയ പ്രസംഗത്തിൽനിന്ന് ഉദ്ധരിച്ചത്). ഇതിൽനിന്ന് വ്യക്തമാവുന്നത് ഏക സിവിൽകോഡ് എന്ന ആശയം ഭരണഘടനയുടെ മാർഗനിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയത് ചിതറിക്കിടന്നിരുന്ന ഹിന്ദു സമുദായങ്ങളിലെ വ്യക്തിനിയമങ്ങളുടെ ഏകീകരണത്തിനുവേണ്ടിയാണ്. അതല്ലാതെ ഇപ്പോൾ പറയുന്നപോലെ ന്യൂനപക്ഷമതങ്ങളിലേതുൾപ്പെടെ വ്യത്യസ്ത മതങ്ങളുടെ വ്യക്തിനിയമങ്ങളുടെ ഏകീകരണത്തിനുവേണ്ടിയല്ല.
ഭരണഘടനാശിൽപ്പികളുടെ ലക്ഷ്യവും ഹിന്ദു കോഡ് ബില്ലും
സർ. ബി.എൻ റാവു കമ്മിറ്റി 1946ൽ തയാറാക്കി നൽകിയ ഹിന്ദു കോഡ് ബിൽ അന്നുമുതൽ കേന്ദ്ര അസംബ്ലിയിലും ഭരണഘടന നിർമാണസഭയിലും വിശദമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായിരുന്നു. ഭരണഘടനയിൽ ഏകീകൃത സിവിൽകോഡിനുള്ള നിർദേശംവഴി എന്താണ് തങ്ങൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എന്ന് 'ഹിന്ദു കോഡ് ബിൽ' പാർലമെന്റിൽ അവതരിപ്പിക്കുക വഴി പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവും ആദ്യ നിയമമന്ത്രി ബി.ആർ അംബേദ്കറും വ്യക്തമാക്കിയിരുന്നു. ഹിന്ദു സാമൂഹിക ജീവിതവും മതാനുഷ്ഠാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരുന്നതിനും രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം സ്ത്രീയുടെ സ്വത്തവകാശത്തെ നിയമവൽക്കരിക്കുന്നതിനുമാണ് ഹിന്ദു കോഡ് ബിൽ ലക്ഷ്യമിട്ടത്. പാർലമെന്റിൽ ഹിന്ദു കോഡ് ബിൽ പാസാകാത്തപക്ഷം താൻ നേതൃത്വം നൽകുന്ന സർക്കാർ രാജിവയ്ക്കുമെന്നുപോലും നെഹ്റുവിന് പറയേണ്ടിവന്നു. അത്രയ്ക്ക് രൂക്ഷമായിരുന്നു പാർലമെന്റിന് അകത്തും പുറത്തും ബില്ലിനെതിരേയുള്ള ഹിന്ദു യാഥാസ്ഥിതികവാദികളുടെ എതിർപ്പ്.
രൂക്ഷമായ എതിർപ്പുകൾക്കിടയിൽ 1951 ഫെബ്രുവരി അഞ്ചാം തീയതി നിയമമന്ത്രിയായ അംബേദ്ക്കർ ഹിന്ദുകോഡ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ചർച്ച മൂന്നുദിവസം നീണ്ടിട്ടും എതിർപ്പുകൾ രൂക്ഷമായതിനാൽ ബിൽ സെപ്റ്റംബറിലെ സമ്മേളനത്തിലേക്കു മാറ്റി. 1951 സെപ്റ്റംബർ 17ന് ബിൽ വീണ്ടും പരിഗണനയ്ക്കുവന്നപ്പോൾ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം ബില്ലിനെതിരായ നിലപാടിലായിരുന്നു. പാർലമെന്റ് പാസാക്കിയാലും പ്രസിഡന്റ് ബില്ലിൽ ഒപ്പിടില്ല എന്ന ശക്തമായ അഭ്യൂഹവും ഉണ്ടായി. തുടർന്ന് ചർച്ചകൾ പൂർത്തിയാക്കി വോട്ടിനിട്ടപ്പോൾ പരാജയപ്പെടുകയുണ്ടായി. ഇതിൽ പ്രതിഷേധിച്ച് അംബേദ്ക്കർ നിയമമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അംബേദ്ക്കറുടെ വാക്കുകൾ കടമെടുത്താൽ 'നാലു വകുപ്പുകൾ പാസാക്കിയശേഷം അതിനെ കൊന്നു കുഴിച്ചുമൂടി. ഒരിറ്റു കണ്ണീരോ ഒരുവരി ചരമഗീതമോ ഇല്ലാതെ'.
തുടർന്ന് 1951ൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ നെഹ്റു കോൺഗ്രസിന്റെ മുഖ്യവിഷയമായി ഉയർത്തിക്കാട്ടിയതും വാഗ്ദാനം ചെയ്തതും അധികാരത്തിൽ തിരിച്ചെത്തിയാൽ ഹിന്ദു കോഡ് ബിൽ പാസാക്കുമെന്ന ഉറപ്പായിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയ നെഹ്റു സർക്കാർ 1955, 1956 വർഷങ്ങളിൽ ഹിന്ദുവിവാഹ നിയമം, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, ദത്തെടുക്കൽ നിയമം എന്നിവ പാസാക്കി. ഹിന്ദുസമുദായത്തിലെ ആയിരക്കണക്കിന് ജാതികളെ കൂട്ടിയിണക്കുന്ന പൊതുവായ ഒരു നിയമത്തിന്റെ അഭാവത്തിലാണ് പാർലമെന്റ് ഹിന്ദു കോഡ് നിയമം കൊണ്ടുവന്നത് എന്നതാണ് യാഥാർഥ്യം. അല്ലാതെ സംഘ്പരിവാർ ഇന്ന് പ്രചരിപ്പിക്കുന്നതുപോലെ ഏകീകൃത വ്യക്തിനിയമത്തിന്റെ ആദ്യ ചുവടുവയ്പ്പായിരുന്നില്ല അന്നത്തെ ഹിന്ദു കോഡ് നിയമം.
ആയിരക്കണക്കിന് ജാതികളും ഉപജാതികളുമായി തിരിഞ്ഞ് ആചാരങ്ങളിലും വ്യക്തിനിയമങ്ങളിലും ഒരു തരത്തിലും സമാനതകൾ പുലർത്താത്ത ഹിന്ദു സമുദായത്തിനകത്ത് ഏകീകരണം കൊണ്ടുവരുന്നതിനുള്ള ഏകീകൃത സിവിൽ കോഡായ ഹിന്ദു കോഡ് ബില്ലിനെ അതിശക്തമായി എതിർത്ത ആർ.എസ്.എസും സംഘ്പരിവാറും ഇന്ന് അതിന്റെ വക്താക്കളായി മാറുന്നത് വിരോധാഭാസം തന്നെയാണ്. ഇൗ ബില്ലിനെതിരേ അന്നത്തെ ആർ.എസ്.എസിന്റെ നിലപാട് എന്താണെന്ന് നോക്കുക. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് ഹിന്ദുക്കൾ പിന്തുടരേണ്ടത് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ധർമ്മശാസ്ത്രങ്ങളാണെന്നായിരുന്നു ആർ.എസ്.എസ് അന്നു സ്വീകരിച്ച നിലപാട്. 1949ൽ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യ ഹിന്ദു കോഡ് ബിൽ വിരുദ്ധസമിതി രൂപീകരിച്ചു. 1949 ഡിസംബർ 11ന് ഡൽഹിയിലെ രാംലീലാ മൈതാനിയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത നേതാക്കൾ ഹിന്ദുക്കൾക്കുമേൽ പതിക്കാൻ പോകുന്ന 'ആറ്റംബോംബ്' എന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്. അത്രക്കും തീവ്രമായ പ്രചാരണമാണ് ആർ.എസ്.എസ് അന്ന് ബില്ലിനെതിരേ അഴിച്ചുവിട്ടത്.
ഭരണഘടന നിലവിൽവന്ന് ഏഴു പതിറ്റാണ്ടുകൾക്കുശേഷം ഭരണഘടനാശിൽപ്പികളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായ വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും അരങ്ങുകൊഴുപ്പിക്കുമ്പോൾ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് എന്തായിരുന്നു യഥാർഥ വസ്തുതകളെന്ന് തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."