ലക്ഷദ്വീപില്‍ നുഴഞ്ഞുകയറുന്ന സംഘ്പരിവാര്‍ അജന്‍ഡകള്‍
കശ്മിരിന്റെ ചുവടുപിടിച്ച് മുസ്‌ലിം വംശീയ നിഷ്‌കാസന പ്രക്രിയയിലേക്ക് ലക്ഷദ്വീപിനെയും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. മുസ്‌ലിംകള്‍ മാത്രമുള്ള ലക്ഷദ്വീപില്‍ സംഘ്പരിവാര്‍ അജന്‍ഡ ഒരു കാലത്തും നടപ്പിലാവില്ലെന്ന് മനസിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ വളഞ്ഞ വഴിയിലൂടെ ഇതു നടപ്പില്‍വരുത്താന്‍ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേലിനെ നിയമിച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ പട്ടേല്‍ ഗുജറാത്തിലെ മുന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നുവെന്നത്, ഈ നിയമനത്തോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പട്ടേല്‍ അധികാരമേറ്റെടുത്തത് മുതല്‍ സംഘ്പരിവാര്‍ അജന്‍ഡ ലക്ഷദ്വീപില്‍ ഒന്നിനു പിറകെ മറ്റൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കൊലപാതക കേസുകളും കുറ്റവാളികളും ഇല്ലാത്ത ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് പട്ടേല്‍ കൊണ്ടുവന്നതിന്റെ പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട്. ലക്ഷദ്വീപിലെ ജനാധിപത്യ മനുഷ്യാവകാശങ്ങള്‍ ഓരോന്നായി പിഴുതെറിയുമ്പോള്‍, അവിടെ നിന്ന് ഉയരാന്‍ സാധ്യതയുള്ള എതിര്‍പ്പുകളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യം വച്ചാണ് മുന്‍കൂട്ടി ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് റെഗുലേഷന്‍ 2021 കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം റിസോര്‍ട്ടുകളില്‍ മദ്യം വിളമ്പുന്നതിനുള്ള അനുമതിയും നല്‍കുകയുണ്ടായി. മദ്യം നിഷിദ്ധമായ മുസ്‌ലിംകളെ പ്രകോപിപ്പിക്കുക എന്നതാണ് ഈ നിയമത്തിന്റെ പിന്നില്‍. ബീഫ് സാധാരണക്കാരായ ദ്വീപ് നിവാസികളുടെ ദൈനംദിന ഭക്ഷണമാണെന്ന് കണ്ടറിഞ്ഞാണ് ഏറ്റവുമൊടുവില്‍ അവരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലും കത്തിവച്ചിരിക്കുന്നത്.
ലക്ഷദ്വീപില്‍ സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പിലാക്കാന്‍ പോകുന്നതിന്റെ ആദ്യപടിയായി കരട് നിയമം പുറത്തുവിട്ടുകഴിഞ്ഞു. പശുവിനെ അറുക്കുന്നതും ബീഫ് വാങ്ങുന്നതും വില്‍ക്കുന്നതും ജാമ്യമില്ലാത്ത കുറ്റമാകും. പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും അഞ്ച് ലക്ഷം രൂപ വരെ പിഴ ശിക്ഷയും വിധിക്കാവുന്ന കുറ്റമായി ബീഫ് തിന്നുന്നത് മാറാന്‍ പോവുകയാണ്. മതപരമായ ചടങ്ങുകള്‍ക്കും ഗോക്കളെ അറുക്കാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിക്കുന്നതിന്റെ ഉള്ളടക്കം വ്യക്തമാണ്. മുസ്‌ലിംകളുടെ ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഉളുഹിയത്ത് നിരോധിക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശ്യം. പോത്ത്, എരുമ മൃഗങ്ങളെയും അറുക്കണമെങ്കില്‍ ലക്ഷദ്വീപ് ഭരണാധികാരിയായ പ്രഫുല്‍ പട്ടേലിന്റെ അനുമതി വേണ്ടിവരും. കരട് നിയമത്തില്‍ വല്ല നിര്‍ദേശവും പൊതുസമൂഹത്തിനു സമര്‍പ്പിക്കാനുണ്ടെങ്കില്‍ മാര്‍ച്ച് 28 വരെ ആവാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തൂക്കിലേറ്റാന്‍ പോകുന്നവനോട് അവസാനത്തെ ആഗ്രഹം ചോദിക്കുന്നതിലപ്പുറം ഈ ഭംഗിവാക്കിന് യാതൊരു അര്‍ഥവുമില്ല.
ഗോവധം നടക്കുന്നുണ്ടെന്ന സംശയത്താലോ, ബീഫ് സൂക്ഷിക്കുകയോ, വില്‍ക്കുകയോ ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നും കരട് നിയമത്തില്‍ പറയുന്നുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപില്‍ നിയമിക്കപ്പെടുന്ന സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏത് സമയത്തും ലക്ഷദ്വീപിലെ മുസ്‌ലിം വീടുകളില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ ദേഹോപദ്രവം ഏല്‍പിക്കാനുള്ള അവസരമാണ് ലഭിക്കുക. മുസ്‌ലിം ഭൂരിപക്ഷമുള്ള ലക്ഷദ്വീപില്‍നിന്നു മുസ്‌ലിംകളെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നടപടിയുടെ ബ്ലൂ പ്രിന്റാണ് കേന്ദ്ര നിയമമന്ത്രാലയം പുറത്ത് വിട്ട 'ലക്ഷദ്വീപ് അനിമല്‍ പ്രിസര്‍വേഷന്‍ റഗുലേഷന്‍ 2021' നിയമത്തിന്റെ കരട്.
കേരളത്തില്‍നിന്ന് 200 മുതല്‍ 400 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷദ്വീപ് സമൂഹത്തിലേക്ക് എളുപ്പത്തില്‍ എത്താനുള്ള മാര്‍ഗം ബേപ്പൂര്‍ വഴിയും കൊച്ചി വഴിയുമാണ്. ലക്ഷദ്വീപിലേക്കും മറിച്ചും ആളുകള്‍ സഞ്ചരിക്കാനും ചരക്കുകള്‍ കൊണ്ടുപോകാനും ഈ രണ്ട് വഴികളായിരുന്നു ഉപയോഗിച്ചിരുന്നത്. ഭൂരിപക്ഷം ലക്ഷദ്വീപ് നിവാസികളും സംസാരിക്കുന്നത് മലയാളമാണ്. അതിനാല്‍ തന്നെ കേരളവുമായുള്ള ലക്ഷദ്വീപിന്റെ ബന്ധം ഗാഢമാണ്. ഈ ബന്ധവും നാളെ മുറിക്കപ്പെട്ടേക്കാം. കൊച്ചിയില്‍ നിന്നോ ബേപ്പൂരില്‍ നിന്നോ ലക്ഷദ്വീപിലേക്കെത്താനുള്ള മാര്‍ഗങ്ങള്‍ തടയപ്പെടും. ചരക്കുനീക്കം സ്തംഭിക്കും. പകരം ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലെ മംഗളൂരു വഴിയിലൂടെ മാത്രമായിരിക്കും ബന്ധപ്പെടാന്‍ കഴിയുക. ഇതുവഴി ലക്ഷദ്വീപിനെ ഒറ്റപ്പെടുത്താനും കേന്ദ്ര സര്‍ക്കാരിന് കഴിയും. ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതം അപ്പപ്പോള്‍ മംഗളൂരു തുറമുഖത്തിലൂടെ നിഷ്പ്രയാസം നടപ്പിലാക്കാനും കഴിയും.
നിഷ്‌കളങ്കരായ ഒരു ജനതയാണ് ലക്ഷദ്വീപ് നിവാസികള്‍. മോഷ്ടാക്കളും മദ്യപാനികളും ഇല്ലാത്ത സ്വച്ഛസുന്ദരമായ ഒരു നാട്ടില്‍ അതെല്ലാം കുത്തിനിറയ്ക്കാനായിരിക്കും കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നീക്കം. സമാധാനപ്രിയരും ശാന്ത സ്വഭാവികളുമായ ജനതയെ കാലുഷ്യത്തിന്റെ അരാജകത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന നാളുകളായിരിക്കും വരാന്‍ പോകുന്നത്. ലക്ഷദ്വീപിലെ ജനസമൂഹത്തിന്റെ ചരിത്രവും സംസ്‌ക്കാരവും ഭക്ഷണ രീതിയും തകര്‍ക്കാനുള്ള ഫാസിസ്റ്റ് നയങ്ങള്‍ പ്രഫുല്‍ പട്ടേലെന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുമ്പോള്‍, കശ്മിരികളെ പോലെ ജന്മനാട്ടില്‍ പുറത്തേക്കിറങ്ങാന്‍ കഴിയാതെ, തടങ്കല്‍ പാളയത്തിലെന്നവണ്ണം വീടുകള്‍ക്കുള്ളില്‍ കഴിയേണ്ട ദുര്‍വിധി ലക്ഷദ്വീപ് ജനതയ്ക്കും ഏറെ അകലെയാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."