സി.എം അബ്ദുല്ല മൗലവി വധം അന്വേഷണം സയന്റിഫിക് സംഘത്തെ ഏൽപ്പിക്കണം: പി.എ പൗരൻ
കാസർകോട്
പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയർ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസ് സി.ബി.ഐയിലെ അന്വേഷണ വൈദഗ്ധ്യമുള്ള സയന്റിഫിക് സംഘത്തെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരൻ ആവശ്യപ്പെട്ടു. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷൻ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 591ാം ദിന സമരം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
അബ്ദുല്ല മൗലവി വധക്കേസിൽ ലോക്കൽ പൊലിസ് തയാറാക്കിയ റിപ്പോർട്ട് പിൻപറ്റിയാണ് ക്രൈംബ്രാഞ്ച്, സി.ബി.ഐ സംഘങ്ങൾ അന്വേഷണം നടത്തിയത്.
എന്നാൽ കോടതി നിർദേശ പ്രകാരം പോണ്ടിച്ചേരിയിലെ ജിപ്മർ കേന്ദ്രത്തിലെ ഉന്നത മെഡിക്കൽ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ അബ്ദുല്ല മൗലവി സ്വയംഹത്യ നടത്താൻ സാധ്യത ഇല്ലെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോടതിക്ക് മുന്നിലുള്ള സി.ബി.ഐയുടെ രണ്ടു റിപ്പോർട്ടുകളും ജിപ്മർ സംഘത്തിന്റെ റിപ്പോർട്ടും തുലനം ചെയ്ത് അതിലെ വൈരുധ്യങ്ങൾ കണ്ടെത്തി അന്വേഷണത്തിൽ ഏറെ വൈദഗ്ധ്യമുള്ള സയന്റിഫിക് സംഘത്തെ അന്വേഷണം കോടതി ഏൽപ്പിച്ചാൽ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉബൈദ് കടവത്ത് അധ്യക്ഷനായി. അഷ്റഫ് റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ സലാം ദാരിമി, അബൂബക്കർ സിദ്ദീഖ് മൗലവി, സി.എ മുഹമ്മദ് ഷാഫി, താജുദ്ദീൻ പടിഞ്ഞാർ, അഹമ്മദ് ഷാഫി ദേളി, അബാസ് ഹാജി ബെദിര, മൊയ്തു ഹാജി, സാബിർ ദേളി, മഹ്മൂദ് ദേളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."