മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ താന്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നലെ നടന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണസമിതി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിലാണ് മുല്ലപ്പള്ളി നിലപാട് പ്രഖ്യാപിച്ചത്.
മുന്നണിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് തന്റെ പ്രധാന ദൗത്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തനിക്കുമേല്‍ മത്സരിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. അന്നും പാര്‍ട്ടിയെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് താന്‍ ഏറ്റെടുത്തതെന്നും മുല്ലപ്പളളി പറഞ്ഞു.
കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വീട്ടിലെത്തി സമ്മര്‍ദം ചെലുത്തിയിട്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍ സുധീരന്‍ ഉറച്ചുനില്‍ക്കുകയാണ്. പി.ജെ കുര്യന്‍ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
നേരത്തെ, കണ്ണൂരിലോ കല്‍പ്പറ്റയിലോ കൊയിലാണ്ടിയിലോ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുല്ലപ്പള്ളിയെ മത്സരിപ്പിച്ച ശേഷം കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമായിരുന്നു. ഈ നീക്കങ്ങളെ പൊളിക്കുംവിധമാണ് മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി തുറന്നുപറഞ്ഞത്. എന്നാല്‍ അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റേതായതിനാല്‍ നിലപാടിന് അധികം ആയുസുണ്ടാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെ. സുധാകരനും കെ. മുരളീധരനും യോഗത്തിനു ശേഷം വ്യക്തമാക്കി. നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മണ്ഡലത്തിലും എം.പിമാരുടെ പേര് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."