സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രചാരണത്തിന് കര്‍ഷക പോരാളികളുമെത്തും
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ അണിനിരക്കാന്‍ കര്‍ഷകര്‍. ബി.ജെ.പിക്കെതിരായ ക്യാമ്പയിനുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ സന്ദര്‍ശനം നടത്തും.
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 98ാം ദിവസത്തിലേക്ക് കടക്കവേയാണ് പുതിയ സമര പ്രഖ്യാപനവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
'ഞങ്ങള്‍ ഒരു പാര്‍ട്ടിക്കും വേണ്ടി വോട്ട് ചോദിക്കില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാത്ത ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കും,' സംയുക്ത കിസാന്‍ മോര്‍ച്ച നേതാവായ ബല്‍ബീര്‍ സിംഗ് രജേവാള്‍ പറഞ്ഞു. 'ബി.ജെ.പിക്കെതിരെ കര്‍ഷകര്‍, ബി.ജെ.പിയെ ശിക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടായിരിക്കും പ്രചാരണപരിപാടികള്‍. കര്‍ഷക കൂട്ടായ്മകളും പൊതുപരിപാടികളും നടത്തി ബി.ജെ.പിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തുറന്നു കാണിക്കുകയാണ് ലക്ഷ്യം.
മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബി.ജെ.പി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണപരിപാടികള്‍ നടത്തും. കേരളത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം നടത്തുമെന്നാണ് കര്‍ഷകനേതാക്കള്‍ അറിയിച്ചത്. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ ബി.ജെ.പിക്കെതിരെ പ്രചാരണ പരിപാടികളുണ്ടാകും. ബല്‍ബീര്‍ സിംഗ് മാര്‍ച്ച് 15ന് ആലപ്പുഴ കുട്ടനാട്ടിലെ കര്‍ഷകയോഗത്തിനെത്തും.
മോദി സര്‍ക്കാര്‍ എങ്ങനെയാണ് കര്‍ഷകരോട് ഇടപെട്ടതെന്ന് ജനങ്ങളുടെ മുന്‍പില്‍ തുറന്നുകാണിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്ന മോദി സര്‍ക്കാരിനെ വോട്ടെടുപ്പിലൂടെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് കര്‍ഷക നേതാക്കള്‍ കത്ത് അയക്കും.
കര്‍ഷകരുടെ പുതിയ തീരുമാനം ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ വെല്ലുവിളികള്‍ക്കൊപ്പം കര്‍ഷകരുടെ പ്രചാരണപരിപാടികള്‍ കൂടിയാകുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയ വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."