ഉക്രൈൻ: കേന്ദ്രസർക്കാർ നിലപാടിന് പ്രതിപക്ഷ പിന്തുണ
ന്യൂഡൽഹി
റഷ്യയുടെ ഉക്രൈൻ ആക്രമണത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷം. ഇന്നലെ ചേർന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ അടക്കമുള്ളവർ സർക്കാർ നിലപാടിനെ പിന്തുണച്ചത്.
ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെയും യോഗം അഭിനന്ദിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ആറ് പാർട്ടികളിൽ നിന്നുള്ള ഒമ്പത് എം.പിമാരാണ് യോഗത്തിൽ പങ്കെടുത്തത്.
രാജ്യത്തിന് തന്ത്രപരമായ സഹായം നൽകിയ റഷ്യയെ എതിർക്കുന്ന ഒരു നടപടിയും ഇന്ത്യക്ക് സ്വീകരിക്കാനാവില്ലെന്നും രാജ്യത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും പ്രതിപക്ഷ എം.പിമാർ യോഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകരുതെന്നും അഭിപ്രായമുയർന്നു. ഒഴിപ്പിക്കൽ നടപടികളിലെ കാലതാമസത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാരിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നു. ഉക്രൈനും റഷ്യയും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."