ഉക്രൈനിൽനിന്ന് 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രം
ന്യൂഡൽഹി
ഉക്രൈനിൽ നിന്ന് ഇതുവരെ 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. തങ്ങളെ എത്രയുംപെട്ടെന്ന് ഇന്ത്യയിലെത്തിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഉക്രൈന്റെ അതിർത്തിരാജ്യങ്ങളായ റൊമാനിയയിലും മാൽഡോവയിലുമായി കുടുങ്ങിയ ഫാത്തിമ അഹാന മുഹമ്മദ് അഷ്‌റഫ് അടക്കം 250 വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിക്കവെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
ഫാത്തിമയെയും കൂടെയുള്ളവരെയും ഇന്നലെ രാത്രി തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അറ്റോർണി ജനറൽ ഉറപ്പുനൽകി. ഉക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ ആശങ്ക പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയെ അറിയിച്ചതായി അറ്റോർണി ജനറൽ പറഞ്ഞു. റൊമാനിയയിൽ ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്ന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഇന്നലെ രാത്രി തന്നെ എത്തുമെന്നാണ് പി.കെ മിശ്ര അറിയിച്ചത്. കുവൈത്ത് യുദ്ധകാലത്ത് ലക്ഷക്കണക്കിനുപേരെ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിച്ച അനുഭവപരിചയം രാജ്യത്തിനുണ്ട്. നമ്മുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ രാജ്യത്തിന് ശേഷിയുണ്ടെന്നും കെ.കെ വേണുഗോപാൽ പറഞ്ഞു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."