കസ്റ്റംസും സി.പി.എമ്മും നേര്‍ക്കുനേര്‍: കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് സി.പി.എം: ഭീഷണി വിലപോകില്ലെന്ന് കസ്റ്റംസ്
കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വീണ്ടും കേരളത്തില്‍ വട്ടമിട്ടു പറക്കുകയാണെന്ന ആരോപണവുമായി സി.പി.എം.
രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. അതേ സമയം സി.പി.എമ്മിനെതിരേ കസ്റ്റംസ് ഓഫിസര്‍ സുമിത് കുമാറും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു പാര്‍ട്ടി ഭീഷണി മുഴക്കുന്നു. അത് വിലപോകില്ലെന്നും ഫേസ് ബുക്കില്‍ അദ്ദേഹം വ്യക്തമാക്കി. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം നല്‍കിയതിനു പിന്നാലെ സി.പി.എം വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് കമ്മിഷണറുടെ പ്രതികരണം. എല്‍.ഡി.എഫ് മാര്‍ച്ചിന്റെ പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയാണ്, രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പരാമര്‍ശിക്കാതെ കസ്റ്റംസ് കമ്മിഷണറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരുകള്‍ പരാമര്‍ശിച്ച് ഇന്നലെയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കിയത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴിയിലെ വിവരങ്ങളാണ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണിയിലാണ് ഡോളര്‍ കടത്തു നടന്നതെന്ന് സ്വപ്ന പറഞ്ഞതായി പത്രികയിലുണ്ട്.
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിനെ ഉദ്ധരിച്ചുള്ള വാര്‍ത്ത. തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടിസ് അയച്ചിരിക്കുകയാണ്.
അതിനു ശേഷമാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത പരന്നത്. കസ്റ്റംസ് ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഇവര്‍ക്ക് നോട്ടിസ് അയച്ചിരിക്കുകയാണ്. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഏറ്റവും വിലകൂടിയത് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
1.13 ലക്ഷം രൂപയുടെ ഫോണാണ് ഇവര്‍ ഉപയോഗിച്ചത്. സ്വര്‍ണക്കടത്ത് വിവാദമായ ശേഷം ഫോണ്‍ ഉപയോഗം നിര്‍ത്തിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഐ.എം.ഇ.ഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിംകാര്‍ഡ് കണ്ടെത്തിയത്. കോണ്‍സല്‍ജനറലിന് നല്‍കിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും.
അതേ സമയം കസ്റ്റംസും കേന്ദ്ര അന്വേഷണ ഏജന്‍സികളും രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് എല്‍.ഡി.എഫ് ഇന്നു കസ്റ്റംസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുകയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫിസുകളിലേക്കാണ് മാര്‍ച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."