സഗീര്‍ വരക്ക് 50 വയസ്
കാക്കയും പൂച്ചയും അണ്ണാറക്കണ്ണനുമൊക്കെയായിരുന്നു ഏകാന്തതയില്‍ കുഞ്ഞുസഗീറിന്റെ കൂട്ടുകാര്‍. പിന്നീട് അവരൊക്കെ തന്റെ ഭാവനയുടെ ആകാശവിരിപ്പില്‍ ഒഴുകിനടന്നു. കാലം താളുകള്‍ മറിച്ചപ്പോള്‍ സഗീര്‍ അതൊക്കെ മലയാളിയുടെ മനസില്‍ കൗതുകമുണര്‍ത്തുന്ന കഥാപാത്രങ്ങളാക്കിമാറ്റി.
കുടുംബം പോറ്റാന്‍ വേണ്ടി 'സഗീര്‍ ആര്‍ട്‌സ്' എന്ന ബോര്‍ഡെഴുത്ത് സ്ഥാപനം തുടങ്ങി. തന്റെ കലാനൈപുണ്യം ബോര്‍ഡെഴുത്തിലും പ്രകടമായിരുന്നു. ഇതിനിടയില്‍ വിവാഹം കഴിഞ്ഞു. സഗീര്‍ ആര്‍ട്‌സ് കൊണ്ടും ജീവിതം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു മനസിലായപ്പോള്‍ ഗള്‍ഫിലേക്ക് തിരിച്ചു. പ്രവാസജീവിതം തുടങ്ങിയപ്പോഴും തന്റെ കലാജീവിതം കൈവിട്ടില്ല. 'അസാധു'വിലും 'പാക്കനാരി'ലും അന്നൊക്കെ വരച്ചിരുന്നു. നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചശേഷം വീണ്ടും തന്റെ കലാജീവിതം സജീവമാക്കി.
വരയുടെ നാനാമുഖങ്ങള്‍
കൊമേഴ്‌സ്യല്‍ ആര്‍ട്ടില്‍ തുടങ്ങി, മാഗസിന്‍ ഇല്ലസ്‌ട്രേഷന്‍, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍, പെയിന്റിങ് എന്നിങ്ങനെ വിവിധമേഖലകളില്‍ സഗീര്‍ തന്റേതായ ഇടംനേടിയിട്ടുണ്ട്. എങ്കിലും സഗീര്‍ അറിയപ്പെടുന്നത് കാര്‍ട്ടൂണിസ്റ്റായാണ്.
മലബാറിലെ സാമൂഹ്യജീവിതം അദ്ദേഹം തന്റെ കാര്‍ട്ടൂണ്‍ പരമ്പരകളിലൂടെ വളരെ ഭംഗിയായി, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹ്യവിമര്‍ശനവും അതേസമയം, ചിരിയുടെ മേമ്പൊടിയും വരയിലുടനീളം പ്രകടമാണ്. മലബാറിലെ ജീവിതം ഗള്‍ഫ് നാടുകളുമായി ബന്ധപ്പെട്ടതുകൊണ്ട് ഗള്‍ഫുകാരനും ഇതിലൊക്കെ കഥാപാത്രങ്ങളാവുന്നുണ്ട്. പച്ചയായ ജീവിതത്തിന്റെ വേദനകളും ഉത്കണ്ഠയും നിഷ്‌കളങ്കതയും എല്ലാം ഈ കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ചിത്രീകരിച്ചിട്ടുണ്ട്.
എങ്ങും സഗീര്‍ വരകള്‍
ചന്ദ്രിക ആഴ്ചപ്പതിപ്പിലെ 'ഗള്‍ഫുംപടി പി.ഒ' ഇതില്‍ ഏറെ ശ്രദ്ധേയമാണ്. ഈ കാര്‍ട്ടൂണ്‍ പരമ്പര പിന്നീട് പുസ്തകമാക്കിയപ്പോള്‍ എം.എസ് മാധവന്‍ നല്ലൊരു മുഖവുര എഴുതിയിട്ടുണ്ട്. മഹിളാചന്ദ്രികയിലെ 'അമ്മായി അമ്മയും മരുമകളും' ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്‍ട്ടൂണ്‍ പംക്തിയാണ്.
മുസ്‌ലിം കഥാപാത്രങ്ങളെ ഇത്രത്തോളം തന്മയത്തത്തോടെ അവതരിപ്പിച്ച മറ്റൊരു കാര്‍ട്ടൂണിസ്റ്റ് മലയാളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല.
സഗീറിന്റെ കാര്‍ട്ടൂണുകളില്‍ ഒരൂ കാര്‍ട്ടൂണിന് വേണ്ട എല്ലാ ചേരുവകളുമുണ്ട്. സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയലോഗുകള്‍ നാടന്‍ ശൈലിയില്‍ അവതരിപ്പിക്കുമ്പോള്‍ ഏറെ ജീവസ്സുറ്റതാകുന്നു.
ആരെയും ആകര്‍ഷിക്കുന്ന ഭംഗിയായ വര, ആ വരയില്‍ തന്നെ കഥാപാത്രം നമ്മോട് സംസാരിക്കുന്നതായി തോന്നും. നര്‍മമുണ്ട്, ചിന്തിക്കാനുണ്ട്, വിമര്‍ശനമുണ്ട്, പച്ചയായ ജീവിതമുണ്ട്, നന്മയുണ്ട്, സന്ദേശവുമുണ്ട്.
മാധ്യമം, ചന്ദ്രിക, തേജസ്, മലയാള മനോരമ (മലപ്പുറം), വര്‍ത്തമാനം എന്നീ പത്രങ്ങളിലും ചടയന്‍, അസാധു, പാക്കനാര്‍, കുമാരി, മലയാളനാട് തുടങ്ങി നിരവധി മാഗസിനുകളില്‍ നോവല്‍, കഥകള്‍ എന്നിവയ്ക്കുവേണ്ടിയുള്ള ഇല്ലസ്‌ട്രേഷനുകളും കാര്‍ട്ടൂണുകളും സഗീറിന്റേതായി നിറഞ്ഞുനിന്നു.
തേടിയെത്തിയ അംഗീകാരങ്ങള്‍
'ബഹുമാന്യനായ ബാദുഷ' എന്ന പുസ്തകത്തില്‍ വരച്ചതിന് 1996 ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരവും 2006 ല്‍ ആടിസ്റ്റ് എ.എസ് നായര്‍ പുരസ്‌കാരവും 2011 ല്‍ രാഷ്ട്രീയ കാര്‍ട്ടൂണിന് ഇലക്ടൂണ്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കുവേണ്ടിയുള്ള ബാലമാഗസിനുകളിലേക്ക് ആകര്‍ഷകമായ നിരവധി ചിത്രകഥകളും വരച്ചിട്ടുണ്ട്. ചന്ദ്രികയില്‍ 'വക്രരേഖ' എന്ന പേരില്‍ ഒരു പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ കോളവും അദ്ദേഹം ചെയ്തിട്ടുണ്ട്.
മലയാള കാര്‍ട്ടൂണിന്റെ 100 വര്‍ഷം പിന്നിടുമ്പോള്‍, സഗീര്‍ വരയുടെ 50-ാം വാര്‍ഷികം 2021 മാര്‍ച്ച് ആദ്യവാരം മുതല്‍ ആഘോഷിക്കപ്പെടുകയാണ്. ആ വിരല്‍ത്തുമ്പില്‍ ഇനിയും പിറക്കാന്‍ പോകുന്ന കഥാപാത്രങ്ങള്‍ക്കുവേണ്ടി നമുക്ക് കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."