ആ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അന്വേഷിക്കട്ടെ: അമിത് ഷായ്ക്ക് മറുപടിയുമായി കാരാട്ട് റസാഖ്
തിരുവനന്തപുരം: അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതെങ്കില്‍ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ്. സഹോദരന്റെ മരണത്തില്‍ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ സംശയമില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു.
'അപകടമരണം നടന്നിട്ട് രണ്ടരവര്‍ഷമായി.അന്ന് എഫ്.ഐ.ആര്‍ ഇടാന്‍ അല്പം വൈകി എന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല.ഇനി അമിത് ഷാ പറഞ്ഞത് എന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതും അവരാണ്.ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പറഞ്ഞത്. അതിനാല്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു'.കാരാട്ട് റസാഖ് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രധാനസാക്ഷിയായ ഒരാളുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യം. ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്. ഡോളര്‍സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.'ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ' എന്നായിരുന്നു ഷായുടെ ഒരു ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."