കുതിച്ചും കുത്തനെ ഇടിഞ്ഞും സ്വർണവില
സ്വന്തം ലേഖിക
കൊച്ചി
സ്വർണവിലയിൽ ഇന്നലെ ദൃശ്യമായത് കുതിപ്പും കുത്തനെയുള്ള ഇറക്കവും. രാവിലെ പവന് 1040 രൂപ വർധിക്കുകയും ഉച്ചയോടെ 720 രൂപ ഇടിയുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം, രൂപയുടെ മൂല്യം വർധിച്ചത് എന്നിവയാണ് സ്വർണവിലയിലെ കുതിപ്പിനും ഇടിവിനും കാരണമായത്.ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 130 രൂപ വർധിച്ച് പവന് 40,560 രൂപ എന്ന നിലയിലേക്ക് സ്വർണവില കുതിക്കുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് വില 5,070 രൂപയായി മാറി. എന്നാൽ, ഉച്ചയോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അതോടെ പവന് 39,840 രൂപയും ഗ്രാമിന് 4,980 രൂപയുമായി മാറി. അന്താരാഷ്ട്ര വിപണിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്നലെ രാവിലെ അന്താരാഷ്ട്രവിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 2056 ഡോളറായി ഉയരുകയും പിന്നീട് 2040 ഡോളർ എന്ന നിലയിലേക്ക് താഴുകയുമായിരുന്നു. ഇതോടൊപ്പം രൂപയുടെ മൂല്യത്തിൽ ഇന്നലെ 20 പൈസയുടെ വർധന ഉണ്ടായത് സ്വർണ വിലയിൽ പ്രതിഫലിച്ചു. 2020 ഓഗസ്റ്റ് 7 ന് പവന് 42,000 രൂപയെന്ന റെക്കോർഡ് കുറിച്ച ശേഷം ഇതാദ്യമായാണ് പവന് 40,000 കടക്കുന്നത്. റഷ്യയുടെ ഉക്രൈൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുമെന്ന് തന്നെയാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."