ആരോഗ്യമേഖലയ്ക്ക് കരുത്തേകാൻ 2,629.33 കോടി
തിരുവനന്തപുരം
ആരോഗ്യ മേഖലയ്ക്ക് 2,629.33 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. നാഷണൽ ഹെൽത്ത് മിഷന് 484.8 കോടിയും നാഷണൽ ആയുഷ് മിഷന് 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സാമൂഹ്യ പങ്കാളിത്തത്തോടെ സ്റ്റേറ്റ് കാൻസർ സ്ട്രാറ്റജി അവതരിപ്പിക്കും. കാൻസർ പ്രതിരോധം സംബന്ധിച്ച് ശാസ്ത്രീയ അവബോധം നൽകാനും ആശുപത്രികളിൽ കൂടുതൽ കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിടുന്നു. കാൻസർ കെയർ സ്യൂട്ട് എന്ന പേരിൽ കാൻസർ രോഗികളുടെയും ബോൺമാരോ ഡോണർമാരുടെയും വിവരങ്ങളും സമഗ്ര കാൻസർ നിയന്ത്രണ തന്ത്രങ്ങളും ഉൾപ്പെടുത്തിയ സോഫ്റ്റ് വെയർ വികസിപ്പിക്കും.
തിരുവനന്തപുരം ആർ.സി.സിക്ക് 81 കോടി രൂപ വകയിരുത്തി. ആർ.സി.സിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും. കൊച്ചി കാൻസർ റിസർച്ച് സെന്ററിനെ അപ്പെക്‌സ് സെന്ററായി വികസിപ്പിക്കും. ഇതിന് 14.5 കോടി അനുവദിച്ചു. 360 കിടക്കകളുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കും. മലബാർ കാൻസർ സെന്ററിന് 28 കോടി അനുവദിച്ചു. സാന്ത്വന പരിചരണത്തിന് നൂതന കോഴ്‌സുകൾ ആരംഭിക്കും. പാലിയേറ്റീവ് രംഗത്തെ സമഗ്ര പദ്ധകൾക്കായി അഞ്ചു കോടി അനുവദിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 500 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക പൂർണമായും വഹിക്കുന്ന ചിസ് സ്‌കീമിലുൾപ്പെട്ട 19.56 ലക്ഷം കുടുംബങ്ങളടക്കം ആകെ 41.59 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സംസ്ഥാന മെഡിക്കൽ കോളജുകളുടെയും തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയുടെയും വികസനത്തിന് 250.7 കോടി വകയിരുത്തി. കേരള ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി അനുവദിച്ചു. കൊവിഡാനന്തര പഠനങ്ങൾക്കും ഉചിതമായ ചികിത്സാ രീതിയുടെ വികസനത്തിനുമായി അഞ്ചു കോടി വകയിരുത്തി.
അരിവാൾ രോഗികളുടെ കുടുംബങ്ങൾക്ക് ജീവിത വരുമാനം വർധിപ്പിക്കുന്ന പ്രവൃത്തികൾക്ക് ഒറ്റത്തവണ ധനസഹായമായി രണ്ടു ലക്ഷം രൂപ അനുവദിക്കും. ഈ പദ്ധതിക്ക് 3.78 കോടി അനുവദിച്ചു. മെഡിക്കൽ സംരംഭക ഇക്കോ സിസ്റ്റം സൃഷ്ടിക്കാൻ മെഡിക്കൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കൂട്ടിയിണക്കി കൺസോഷ്യം രൂപീകരിക്കും. 100 കോടി രൂപ ചെലവിൽ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കും.
ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി മെഡിക്കൽ, കാർഷിക, മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട് 500 കോടി ചെലവിൽ കേരള ജനോമിക് ഡാറ്റാ സെന്റർ സ്ഥാപിക്കും. ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പ്രയോജനകരമായ ന്യൂട്രാസ്യൂട്ടിക്കൽസിൽ ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ ഡി.പി.ആർ തയാറാക്കാൻ 25 ലക്ഷം വകയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."