'ഹൈക്കമാന്‍ഡിന്റെ പേരു പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും ഇഷ്ടക്കാരെ തിരുകിക്കയറ്റി'- സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊട്ടിത്തെറിച്ച് കെ സുധാകരനും
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പിയും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വളരെ മോശമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ പറയുന്നു.
'കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കമാന്‍ഡിന്റെ പേരിലുള്ള തിരുകിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്'- അദ്ദേഹം പറഞ്ഞു. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. ആലങ്കാരിക പദവികള്‍ ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."