നേമം എന്ന പരീക്ഷണം
അവസാനം കെ. മുരളീധരന്‍ നേമത്ത് നിലയുറപ്പിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഒരു സ്വഭാവം കൈവന്നു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍, രമേശ് ചെന്നിത്തല ഹരിപ്പാട്ട്. ആകെ സ്ഥാനാര്‍ഥികളില്‍ 55 ശതമാനത്തോളം പേര്‍ യുവാക്കളാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിശദീകരണം. എല്ലാം ഭദ്രം. ഇനി തെരഞ്ഞെടുപ്പ് വന്നാല്‍ മതി. പൊട്ടിത്തെറികളുണ്ടെങ്കിലും നേമം വലിയൊരാശ്വാസം. ലതികാ സുഭാഷ് ഉയര്‍ത്തിയതു പോലെയുള്ള പ്രശ്‌നങ്ങള്‍ അവിടെയുണ്ടെങ്കിലും.
നേമമാണ് കോണ്‍ഗ്രസിനെ ഏറെ വട്ടംകറക്കിയ മണ്ഡലം. അവിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന് ആദ്യമേ മുല്ലപ്പള്ളി പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടി ഉടന്‍തന്നെ നിഷേധിച്ചു. പിന്നെയും പിന്നെയും അതേ പല്ലവി ആവര്‍ത്തിക്കപ്പെട്ടു. രമേശ് ചെന്നിത്തല അതേറ്റു പിടിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പോലൊരു കരുത്തന്‍ നേമത്തിറങ്ങിയാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ കെട്ടുകെട്ടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. പിന്നാലെ ഹൈക്കമാന്‍ഡും അതാവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടി-നേമം പല്ലവി ദിവസങ്ങളോളം അന്തരീക്ഷത്തില്‍ പറന്നുനടന്നു. ഉമ്മന്‍ ചാണ്ടി അടുത്തില്ല. അവസാനം നേമത്ത് കരുത്തന്‍ വരുമെന്നായി മുല്ലപ്പള്ളി. കരുത്തനായി അവതരിച്ചത് മുരളീധരന്‍. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളുടെ വികാരവായ്പില്‍ അമര്‍ന്നു. രമേശ് ചെന്നിത്തല ഹരിപ്പാട്ടും.
എന്താണ് നേമത്തിന്റെ രാഷ്ട്രീയം? ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ ഇവിടെ മത്സരിക്കുന്നുവെന്നതു തന്നെ പ്രധാന രാഷ്ട്രീയം. അതു കോണ്‍ഗ്രസിനു പ്രധാനമാണ്. കേരള നിയമസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കു കൈയിലുള്ള ഒരേയൊരു സീറ്റാണു നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേമത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തിയപ്പോള്‍ കേരള രാഷ്ട്രീയചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുകയായിരുന്നു. ബി.ജെ.പി നിയമസഭയില്‍ കാലുകുത്തിയിരിക്കുന്നു, നേമത്തുനിന്ന്. സി.പി.എമ്മിനെയും യു.ഡി.എഫിനെയും പിന്നിലാക്കിയാണ് ബി.ജെ.പി നേമം കൈക്കലാക്കിയത്. 2016ല്‍ ഒ. രാജഗോപാലിനു കിട്ടിയത് 67,813 വോട്ടാണ്. രണ്ടാം സ്ഥാനത്തെത്തിയ വി. ശിവന്‍കുട്ടിക്ക് 59,142 വോട്ട് കിട്ടി. വ്യത്യാസം 8,671 വോട്ട്. വി. സുരേന്ദ്രന്‍പിള്ള (ജെ.ഡി.യു) 13,860 വോട്ട് നേടി മൂന്നാം സ്ഥാനത്തായി.
മുന്‍പ് കെ. കരുണാകരന്‍ മത്സരിച്ചു ജയിച്ച സീറ്റാണിത്. കോണ്‍ഗ്രസ് ഈ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ ഒരിക്കലും ഒ. രാജഗോപാല്‍ ജയിക്കുമായിരുന്നില്ല. 2011ലും യു.ഡി.എഫില്‍ നേമം ജെ.ഡി.യുവിനായിരുന്നു. സ്ഥാനാര്‍ഥി ചാരുപാറ രവി. കിട്ടിയ വോട്ട് 20,248. സി.പി.എമ്മിലെ വി. ശിവന്‍കുട്ടി നേമം പിടിച്ചു, 50,076 വോട്ടോടെ. രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാലിനു കിട്ടിയത് 43,661 വോട്ട്. ഇനിയിപ്പോള്‍ ബി.ജെ.പിയെ നേമത്ത് ആര്‍ക്കും പിടിച്ചുകെട്ടാനാവില്ലെന്ന് ബി.ജെ.പിയുടെ അഹംഭാവം. ഒന്നും കൂസാതെ സി.പി.എം സ്ഥാനാര്‍ഥി ശിവന്‍കുട്ടി. കോണ്‍ഗ്രസ് അന്വേഷിച്ചു നടന്ന കരുത്തനായി കെ. മുരളീധരനും നേമത്തെത്തി. ഇനിയെന്ത് എന്നാണ് ചോദ്യം.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകൂടി പരിശോധിച്ചിട്ടു വേണം നേമത്തിന്റെ രാഷ്ട്രീയത്തിലേക്കു കടക്കാന്‍. തിരുവനന്തപുരത്ത് ഒരു ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് ശശി തരൂര്‍ കുമ്മനത്തെ പിന്നിലാക്കിയത്. പക്ഷേ, നേമം നിയമസഭാ മണ്ഡലത്തില്‍ കുമ്മനം ഒന്നാമതെത്തി, 58,513 വോട്ടുമായി. രണ്ടാം സ്ഥാനത്തെത്തിയ ശശി തരൂരിന് 46,472 വോട്ടും കിട്ടി. സി. ദിവാകരനു കിട്ടിയത് 33,921 വോട്ട്. ഈ വോട്ട് നിലയിലാണ് നേമത്തെ രാഷ്ട്രീയം മുഴുവന്‍ ചുരുണ്ടു കൂടിക്കിടക്കുന്നത്. തിരുവനന്തപുരത്തുകാര്‍ക്ക് പ്രിയങ്കരനായ ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വന്നതുകൊണ്ടാണ് ഇത്രയധികം വ്യത്യാസത്തില്‍ തിരുവനന്തപുരത്ത് ജയിക്കാനായത്. എങ്കിലും നേമത്ത് അദ്ദേഹം രണ്ടാമതായി. കുമ്മനത്തിനു പിന്നില്‍.
കെ. മുരളീധരന്‍ ശശി തരൂരിനേക്കാള്‍ കരുത്തനാണോ നേമം പിടിക്കാന്‍? പെട്ടെന്നൊരുത്തരം പറയാന്‍ ആര്‍ക്കുമാകില്ല തന്നെ. മുരളീധരന്‍ കളത്തിലിറങ്ങുന്നതോടെ ശക്തമായൊരു തൃകക്ഷി മത്സരത്തിലേക്ക് നേമത്തെ അങ്കം ഉയരും. തികച്ചും ലക്ഷണയുക്തമായൊരു ത്രികോണ മത്സരം. കോണ്‍ഗ്രസ് ഏതു കരുത്തനെ കൊണ്ടുവന്നാലും നേമത്ത് തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വെല്ലുവിളി. കോണ്‍ഗ്രസ് നേമത്ത് കരുത്തനെത്തന്നെ നിര്‍ത്തണമെന്ന് സി.പി.എമ്മും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ കിട്ടിയാലേ സി.പി.എമ്മിനു ജയസാധ്യത ഉറപ്പിക്കാനാവൂ. 2011ലും 2016ലും മറിച്ചാണ് സംഭവിച്ചത്. തണ്ടു തവണയും കോണ്‍ഗ്രസ് നേമം ഘടകകക്ഷിക്ക് നല്‍കി. അവര്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി. 2011ല്‍ ശിവന്‍കുട്ടി ജയിച്ചു. ഒ. രാജഗോപാല്‍ 7,000 വോട്ട് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 2016ല്‍ വീണ്ടും യു.ഡി.എഫിന്റെ ദുര്‍ബലന്‍. കിട്ടിയത് വെറും 13,860 വോട്ട്. നേമം ബി.ജെ.പിയുടെ കൈയില്‍.
ഇനിയുമുണ്ട് നേമത്തെ രാഷ്ട്രീയം ചുരുളു നിവര്‍ത്താന്‍. കെ. മുരളീധരനും കുമ്മനം രാജശേഖരനും വി. ശിവന്‍കുട്ടിയും മത്സരിക്കുമ്പോള്‍ ആരു ജയിക്കും? പത്രഭാഷയില്‍ പറഞ്ഞാല്‍, അതു തീപാറുന്ന പോരാട്ടമായിരിക്കും, തീര്‍ച്ച.
കെ. മുരളീധരന്‍ എന്തുകൊണ്ടും കരുത്തന്‍ തന്നെ. സി.പി.എമ്മിന്റെ കൈയില്‍നിന്ന് വട്ടിയൂര്‍ക്കാവ് പിടിച്ചെടുത്തയാളാണ് മുരളി. മണ്ഡലത്തിനൊപ്പം നില്‍ക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നന്നായി നോക്കിനടത്തുകയും നാട്ടുകാരുടെ പ്രശ്‌നങ്ങളിലൊക്കെ ഇടപെടുകയും ചെയ്തുതുടങ്ങിയതോടെ വോട്ടര്‍മാര്‍ക്ക് മുരളീധരനില്‍ വിശ്വാസമായി. അവര്‍ കൈവെള്ളയില്‍ വച്ചുതന്നെ മുരളിയെ കൊണ്ടുനടന്നു. അങ്ങനെയിരുന്നപ്പോഴാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നത്. വടകരയില്‍ സി.പി.എമ്മിലെ പി. ജയരാജനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരു കരുത്തനെ തേടിയ കാലം. മുല്ലപ്പള്ളി ഉള്‍പ്പെടെ കരുത്തന്മാരൊക്കെയും ഒഴിഞ്ഞുമാറിയപ്പോള്‍ ധൈര്യപൂര്‍വം മുന്നോട്ടുവന്ന് മുരളി വടകരയുടെ വെല്ലുവിളി ഏറ്റെടുത്തു. പി. ജയരാജനെ തോല്‍പ്പിച്ച് ലോക്‌സഭയിലേക്ക്. ഇപ്പോഴിതാ, നേമം ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിക്കാന്‍ വീണ്ടും കെ. മുരളീധരന്‍. കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളൊക്കെയും ഏറ്റുവാങ്ങാന്‍ മുരളീധരന്‍ മാത്രം!
കാര്യമൊക്കെ ശരി. നേമം മുരളിക്ക് വഴങ്ങുമോ? ഏറ്റവും വലിയ ചോദ്യം അതു തന്നെയാണ്. 1980കള്‍ തൊട്ടേ കുമ്മനം തിരുവനന്തപുരത്തുണ്ട്. കോട്ടയത്തുകാരനാണെങ്കിലും കൂടുതല്‍ സമയവും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു. പത്തനംതിട്ട ജില്ലയിലെ നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭത്തിലൂടെയായിരുന്നു തുടക്കം. ഹിന്ദു സംഘടനകള്‍ നേതൃത്വം കൊടുത്ത നിലയ്ക്കല്‍ പ്രക്ഷോഭത്തിന് എല്ലാമെല്ലാമായിരുന്നു കുമ്മനം. ഹൈന്ദവസന്നാഹം കണ്ട് ക്രിസ്ത്യാനികള്‍ പേടിച്ചുവിറച്ചു. 1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളവര്‍മരാജായെ ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി വലിയൊരു ഹൈന്ദവ രാഷ്ട്രീയ പരീക്ഷണം നടത്തിയതും കുമ്മനം തന്നെ. അന്ന് കോണ്‍ഗ്രസിലെ എ. ചാള്‍സ് ആണ് ജയിച്ചതെങ്കിലും കേരളവര്‍മരാജാ ഇടതു സ്ഥാനാര്‍ഥി എ. നീലലോഹിതദാസന്‍ നാടാരുടെ പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയത് അന്നു തിളക്കമേറിയ വിജയമായിരുന്നു.
തിരുവനന്തപുരം ഈസ്റ്റില്‍ രാജാ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഇതെല്ലാം സി.പി.എം സൈദ്ധാന്തികനും നേതാവുമായിരുന്ന ഇ.എം.എസിനെ ഏറെ വേദനിപ്പിച്ചു. ഭൂരിപക്ഷ വര്‍ഗീയത വളരുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഉത്കണ്ഠ. അതിനു ന്യൂനപക്ഷ വര്‍ഗീയതയും ഒരു കാരണമാണെന്നു ചൂണ്ടിക്കാട്ടിയ ഇ.എം.എസ് കടുത്ത നടപടികളിലേക്കു കടന്നതോടെ അന്ന് ഇടതുമുന്നണിയില്‍ ഘടകകക്ഷിയായിരുന്ന ഇന്ത്യന്‍ നാഷനല്‍ ലീഗ് മുന്നണി വിടുകയും ഐക്യജനാധിപത്യ മുന്നണിയില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് എതിര്‍നിലപാട് സ്വീകരിച്ച എം.വി.ആറിനെ സി.പി.എം പുറത്താക്കുകയും ചെയ്തു. രാഘവന്‍ പിന്നീട് ഐക്യജനാധിപത്യ മുന്നണിയില്‍ ചേരുകയും എം.എല്‍.എയും മന്ത്രിയാവുകയും ചെയ്തു. കരുണാകരനാണ് രാഘവനെ യു.ഡി.എഫിലേക്ക് സ്വീകരിച്ചാനയിച്ചത്.
ആ കരുണാകരന്റെ മകന്‍ കെ. മുരളീധരനാണ് കുമ്മനത്തിനെതിരേ ഗോദയില്‍. സി.പി.എം സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിയും മൂന്നാമതൊരു കോണില്‍ ശത്രുപക്ഷത്തു തന്നെയുണ്ട്. ഒരു കടുത്ത മത്സരത്തില്‍ ഇടതുപക്ഷത്തെയും ബി.ജെ.പിയെയും പിന്നിലാക്കി നേമം പിടിച്ചെടുക്കാന്‍ മുരളീധരനാവുമോ? ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചോദ്യവും ഇതുതന്നെ. നേമം പിടിച്ചാല്‍ മുരളീധരന്‍ കോണ്‍ഗ്രസിലെ കിരീടംവച്ച രാജാവ് തന്നെയാവും. വരുംനാളുകളില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ നിരയില്‍ തന്നെയാവും അദ്ദേഹത്തിന്റെ സ്ഥാനം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അതിന്റെ പ്രതിഫലത്തില്‍ നല്ലൊരു പങ്കിന്റെയും സ്വാഭാവിക അവകാശി മുരളി തന്നെയായിരിക്കും.
യു.ഡി.എഫിന് അധികാരം കിട്ടിയില്ലെങ്കിലും മുരളിക്കു നേട്ടം തന്നെയാവും. വരാന്‍പോകുന്ന നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ന്യായമായും മുരളിക്കവകാശപ്പെട്ടതാവും. തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ കോണ്‍ഗ്രസ് ആകെ തകര്‍ന്നുപോകും. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ട കോണ്‍ഗ്രസില്‍ തിരിച്ചടി നേരിട്ടത് മുഖ്യമന്ത്രി എ.കെ ആന്റണിയാണെന്നോര്‍ക്കുക. അന്ന് ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടാല്‍ നേതാക്കള്‍ക്ക് കൈയുംവീശി വീട്ടിലേക്കു മടങ്ങാനാവില്ല തന്നെ. ജയം നേടുന്ന പ്രധാനി മുരളീധരന്‍ തന്നെയാവും.
ഇനി കുമ്മനത്തിന്റെ കാര്യമോ? കുമ്മനം ജയിച്ചാല്‍ നേമം സീറ്റ് നിലനിര്‍ത്തി എന്ന വാര്‍ത്ത പുറത്തുവരും. തോറ്റാല്‍ അതില്ല. കേരളത്തില്‍ ബി.ജെ.പിക്ക് ആകെയുള്ള ഒരേയൊരു സീറ്റ് നഷ്ടപ്പെടുന്നത് ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനു പാര്‍ട്ടി ദേശീയ നേതൃത്വത്തിനു മുന്നില്‍ സമാധാനം ബോധിപ്പിക്കേണ്ടി വരും. നേമം ഒരു പരീക്ഷണം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."