സ്‌നേഹം പകര്‍ന്നാടിയ മഹാഗുരു
അക്ഷരാര്‍ഥത്തില്‍ സമ്പൂര്‍ണ കലാകാരനെന്ന് ഉന്നത ഭാവരാശിയില്‍ അടയാളപ്പെടുത്താവുന്ന പ്രതിഭാശാലിയായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. സമഗ്ര കലാകാരന്‍ എന്നു സൂക്ഷ്മമായി പറയാവുന്ന പ്രബുദ്ധത. ഗുരുവിന്റെ ശ്വാസവും വിശ്വാസവും കലയായിരുന്നു. കലയുടെ ആട്ടവിളക്കുമായി ഒരു നൂറ്റാണ്ടിന്റെ സുദീര്‍ഘ ജീവിതപ്പാത താണ്ടിയ മഹാപഥികന്‍. 105ാം വയസില്‍ പ്രാണന്റെ തിരി അണയും വരെയും അരങ്ങിലെ വെളിച്ചമായി അദ്ദേഹം നിറഞ്ഞുനിന്നതിനു കാരണവും മറ്റൊന്നല്ല. കലയും കാലവും ഒന്നാകുന്ന വിസ്മയം. എളിമ ആയിരുന്നു ഗുരുവിന്റെ ആഹാര്യ ശോഭ. നിഷ്‌കളങ്കമായ ചിരിയും നിര്‍മലമായ മനസും പച്ചയില്‍ പച്ചയായി നാടിന്റെ കളിവിളക്കായി അവസാനകാലം വരെ പ്രകാശം പരത്തി.
ആഢ്യകലയുടെ വരേണ്യ മണ്ഡലത്തെയും സവര്‍ണ ഭാവുകത്വത്തെയും ഏറ്റവും ജനകീയമായ തലത്തിലേക്ക് സ്വതന്ത്രമാക്കാന്‍ ശ്രമിച്ച ഗുരുവിനു ചുറ്റും എപ്പോഴും ആളുകളും ആസ്വാദകരുമുണ്ടായിരുന്നു. നൃത്തവും കഥകളിയും ഗുരുവില്‍ ഒരുപോലെ പ്രശോഭിച്ചു. കഥകളിയുടെ വടക്കന്‍ രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ വക്താവും പ്രയോക്താവുമായി നിലനില്‍ക്കെത്തന്നെ തെക്കന്‍ സമ്പ്രദായത്തെയും സ്വന്തം രീതിയെയും അതില്‍ സമന്വയിപ്പിച്ച് കഥകളി എന്ന കലയെ ആധുനികമാക്കി സമുദ്ധരിക്കാനും നവീകരിക്കാനും സന്നദ്ധനായി അദ്ദേഹം. അപ്രകാരം കേരളത്തിലെ ഏറ്റവും പ്രൗഢമായ ദൃശ്യകലയില്‍ തനതു മുദ്ര പതിപ്പിക്കാന്‍ ഗുരു ഏറെക്കാലം പ്രായോഗികമായും ചിന്താപരമായും പ്രയത്‌നിച്ചു. കീഴ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലെ കളിവിളക്കിനു മുന്നില്‍ ആദ്യമായി പതിനാലാം വയസില്‍ ചുട്ടി കുത്തുമ്പോള്‍ ഗുരു ഓര്‍ത്തുകാണില്ല, കലയുടെ സുദീര്‍ഘമായ സഞ്ചാരത്തിനു താന്‍ നാന്ദി കുറിക്കുകയാണെന്ന്.
നൃത്തം, നൃത്യം, നാട്യം, വാദ്യം, ആലേഖ്യം, ശില്‍പം എന്നീ സുന്ദര കലകളെല്ലാം പൂര്‍ണമായി സമന്വയിക്കുന്ന കഥകളിയില്‍ സവിശേഷമായ താല്‍പര്യം ഗുരുവിനു കുഞ്ഞുനാളിലേ ഉണ്ടായിരുന്നു. മേപ്പയൂരിലെ രാധാകൃഷ്ണ കഥകളി യോഗത്തില്‍ പഠനമാരംഭിച്ച ചേമഞ്ചേരിയുടെ ആദ്യഗുരു കരുണാകര മേനോനായിരുന്നു. നൃത്തത്തിലാകട്ടെ, പ്രസിദ്ധ നര്‍ത്തകരായ ബാലസരസ്വതിയും ഗുരു ഗോപിനാഥും കലാമണ്ഡലം മാധവന്‍ നായരുമാണ്. കേരളനടനം, കഥകളി എന്നിങ്ങനെയുള്ള കലയുടെ ഉന്നതശ്രേണിയില്‍ വിരാജിക്കുമ്പോഴും സംഗീത നൃത്ത നാടകങ്ങളിലൂടെയും നൃത്ത പരിശീലനത്തിലൂടെയും മറ്റു കലാ പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയതയുടെ മണ്ണിലൂടെ നടക്കാനുള്ള ആര്‍ജവം അദ്ദേഹം എന്നും കാണിച്ചു.
കലയ്ക്ക് ജീവിതവുമായുള്ള ബന്ധത്തെ വിച്ഛേദിക്കുന്ന ആശയധാരയോട് എന്നും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. അതുകൊണ്ടു തന്നെയാണ് കലയുടെ ഉന്നതവും വരേണ്യവുമായ പരിസരത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തേക്ക് പറന്നുയരാന്‍ അദ്ദേഹത്തിനു സാധിച്ചത്. ലളിതവും സരളവുമായി ഇടപെടുമ്പോഴും കലയുടെ അതീവ സങ്കീര്‍ണമായ ഭാവതലങ്ങള്‍ അദ്ദേഹം എപ്പോഴും ഉള്ളില്‍ സംഭരിച്ചുവച്ചു. പദാര്‍ഥാഭിനയത്തിലും വാച്യാര്‍ഥാഭിനയത്തിലും ഒരുപോലെ മികച്ചുനിന്ന ഗുരുവിന്റെ ഇഷ്ടവേഷം ശ്രീകൃഷ്ണനായിരുന്നു. കുചേല വൃത്തം, ദുര്യോധന വധം, രുഗ്മിണീ സ്വയംവരം എന്നിവയിലെ കൃഷ്ണവേഷം അദ്ദേഹത്തിനു പ്രത്യേകം താല്‍പര്യമുണ്ടായിരുന്നു.
വികാരത്തിന്റെ നിറം പിടിപ്പിക്കപ്പെട്ട അഭിനയ വൈഭവമായിരുന്നു ഗുരു. വിനിമയ ശേഷിയും ഭാവനാ ശക്തിയും ആഹാര്യ ശോഭയും അഭിനയ ജ്വലനവും കൊണ്ട് അമാനുഷികത്വവും അതിമാനുഷിക തത്വവും പ്രത്യക്ഷീകരിക്കുന്ന പരശുരാമന്റെയും കൃഷ്ണന്റെയും വേഷം എപ്പോഴും അദ്ദേഹം സമുജ്ജ്വലമാക്കി. ചിന്തിപ്പിക്കുന്നതിനേക്കാള്‍ അനുഭവിപ്പിക്കുന്ന സര്‍ഗശേഷിയാണ് ഗുരു.
1977ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം അദ്ദേഹം കഥകളി ഉള്‍പ്പെടെയുള്ള കലാ സമ്പ്രദായങ്ങളെ പരിപോഷിപ്പിക്കാന്‍ പൂക്കാട് കലാലയം ആരംഭിച്ചു. 1983ല്‍ നാട്യഗൃഹം എന്ന പേരില്‍ ചേലിയയില്‍ കഥകളി വിദ്യാലയം സ്ഥാപിച്ചു. 1944ല്‍ കണ്ണൂരില്‍ ഭാരതീയ നൃത്ത കലാലയം ഗുരുവിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഇത് ഉത്തരമലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമാണ്. പ്രശസ്തരും പ്രഗത്ഭരുമായ അനേകം ശിഷ്യരിലൂടെ അദ്ദേഹത്തിന്റെ കലാപാരമ്പര്യം പടര്‍ന്നു പന്തലിച്ചു. അപ്രകാരം, ഒരു കലാകാരന്‍ എന്നതിനപ്പുറത്ത് വിവിധ കലകളുടെ സമുദ്ധാരകനും വലിയ പ്രചാരകനുമായി ഗുരു മാറിത്തീര്‍ന്നു. മനുഷ്യഹൃദയത്തില്‍ അന്തര്‍ലീനമായ സ്‌നേഹവും കരുണയും സാഹോദര്യവും പുറത്തുകൊണ്ടുവരാന്‍ ഒരു ജന്മകാലം പ്രയത്‌നിച്ച ഗുരുവിന് എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹാദരവ് എപ്പോഴും ലഭിച്ചിരുന്നു. അതിനുപുറമെ അക്കാദമികളുടെയും രാഷ്ട്രത്തിന്റെയും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.
1979ല്‍ നൃത്തത്തിനും 1990ല്‍ കഥകളിക്കും (ഫെലോഷിപ്പ് ) പുരസ്‌കാരം നല്‍കി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001ല്‍ കേരള കലാമണ്ഡലം വിശിഷ്ട സേവനത്തിന് അവാര്‍ഡ് നല്‍കി. 2002ല്‍ കൊച്ചി കേരള ദര്‍പ്പണം നാട്യകുലപതിയായി ബഹുമാനിച്ചു. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2000ത്തിനു ശേഷം കേരളീയ പൊതുമണ്ഡലത്തില്‍ പ്രബുദ്ധമായ സാംസ്‌കാരിക സാന്നിധ്യമായി ഗുരു ചേമഞ്ചേരി മാറിത്തീര്‍ന്നു. വേദികളില്‍നിന്ന് വേദികളിലേക്ക് അദ്ദേഹം പ്രഭാഷകനായും കഥകളി പ്രചാരകനായും പറന്നുനടന്നു. ജന്മദീര്‍ഘം കാലം കലയുടെ പ്രയാണം ആരംഭിച്ച് നൂറാം വയസ് പിന്നിട്ടപ്പോഴും അവിശ്രമം സഞ്ചരിച്ച നിത്യവിസ്മയമാണ് ഗുരു.
അംഗപ്രത്യംഗം പ്രതിഭാവിലാസം പ്രസരിപ്പിക്കുകയും കാലവും വിധ്വംസക ശക്തികളും കരിവേഷവും കത്തിവേഷവും ആടിത്തിമിര്‍ക്കുന്ന വര്‍ത്തമാന സന്ദര്‍ഭങ്ങളിലുമെല്ലാം സ്‌നേഹത്തിന്റെ നവരസങ്ങള്‍ പകര്‍ന്നാടിയ മഹാഗുരു മതേതരത്വത്തിന്റെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും വലിയ കാവലാള്‍ കൂടിയായിരുന്നു. കലയായിരുന്നു ഗുരുവിന് ഉടലും ഉയിരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."