വയോജനങ്ങളെ ചേര്‍ത്തു നിര്‍ത്തുക
ഹിലാല്‍ ഹസ്സന്‍
സന്തോഷത്തില്‍ കഴിയുന്ന ജനങ്ങള്‍. ജാതി മത ലിംഗ പ്രായ ഭേദമന്യേ, പാവപ്പെട്ടവനെന്നോ ധനാഢ്യനെന്നോ വേര്‍തിരിവില്ലാതെ ഉണ്ടായിരിക്കുക എന്നതാണല്ലോ ആത്യന്തികമായി സമൂഹം കാംഷിക്കുന്നത്. ആയുസ്സിനെ മൂന്നു ഘട്ടങ്ങളായി കാണുകയാണെങ്കില്‍ കുട്ടിക്കാലവും യൗവ്വനവും വാര്‍ധ്യക്ക്യവും അതിന്റെതായ പരിഗണനയോടെ, പ്രാധാന്യത്തോടെ സജീവമാക്കുകയും ആനന്ദപ്രദമായിരിക്കുകയും ചെയ്യുക എന്നുള്ളതാണല്ലോ ഉയര്‍ന്ന ജീവിത നിലവാരമായി നാം കണക്കാക്കുന്നത്. അതിനു വേണ്ടി കുടുംബങ്ങളും സമൂഹവും ഭരണകൂടവും പല രീതിയിലും പരിശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.
എങ്കിലും ഒന്നു കൂടി ബോധപൂര്‍വ്വമായ ശ്രദ്ധ പതിയേണ്ട 58.54 ലക്ഷം ജനങ്ങളെ കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ജീവിത ചക്രത്തില്‍ ആയുസ് അനുവദിച്ചാല്‍ എല്ലാവരും അനുഭവിക്കേണ്ടുന്ന ഒരു ഘട്ടം. ഈ കാലത്തെ ക്ലേശരഹിതമായി, പരമാവധി സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അസുലഭ നിമിഷങ്ങളായി മാറ്റാന്‍ കുടുംബവും സമൂഹവും ഭരണകൂടവും വ്യക്തമായ പദ്ധതികളോടെ സമീപിക്കേണ്ടതുണ്ട്.
ജീവിത നിലവാരത്തിലുള്ള മികവു കാരണം മനുഷ്യായുസ്സിന്റെ ദൈര്ഘ്യം കൂടി കൂടി വരികയാണ്. ഇന്ത്യയില്‍ അത് കൂടുതലും കേരളത്തിലാണ്. അതില്‍ തന്നെ ആപേക്ഷികമായി സ്ത്രീകളാണ് കൂടുതലായുള്ളത്. കേവലം ദീര്‍ഘായുസ്സല്ല, നിലവാരമുള്ള ജീവിതമാണ് ഏവരും കാംക്ഷിക്കുന്നത്.
എല്ലാ വര്‍ഷവും ഒക്‌റ്റോബര്‍ 1 വയോജന ദിനമായി ആചരിക്കുവാന്‍ 1990 ഡിസംബര്‍ 14 നു ചേര്‍ന്ന യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയില്‍ തീരുമാനിച്ചു. ലോകമാകമാനമുള്ള പ്രായം ചെന്നവര്‍ അനുഭവിക്കുന്ന വിഷമതകള്‍, പീഡനങ്ങള്‍, അവഗണനങ്ങള്‍ മനസ്സിലാക്കി ശാശ്വതമായി പരിഹാരം കാണാന്‍ വേണ്ടിയുളള ശ്രമമാണത്. ബോധവല്‍ക്കരണത്തിനു വേണ്ടിയാണ് ഒരു ദിനം പ്രഖ്യാപിച്ചിരിക്കുന്നത്.
വീട്ടില്‍ നിന്നു തന്നെ തുടങ്ങേണ്ടതുണ്ട്. അവിടെ ഇത്രയും കാലം ജീവിച്ചു പോന്നവരാണ് അവര്‍ എന്ന ബോധ്യത്തോടെ ഈ ലോകത്തിലെ എല്ലാ ആനുകൂല്യങ്ങള്‍ക്കും അവകാശികളാണെന്ന ബോധ്യത്തോടെ, ആ പ്രാധാന്യത്തോടെയുള്ള ഒരിടം അവര്‍ക്കു വേണ്ടി ഒരുക്കിവെക്കേണ്ടതുണ്ട് . സ്വാഭാവികമായി വന്നേക്കാവുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ ക്ഷീണിത അവസ്ഥ മനസ്സിലാക്കി ആനുപാതികമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കാണേണ്ടതുണ്ട്.
വാര്‍ദ്ധക്യസഹജവും ജീവിതശൈലി മൂലവും ഉണ്ടാകാവുന്ന രോഗങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ വേണ്ടുന്ന പദ്ധതികള്‍ വേണം. Geritaric വിഭാഗത്തിലും family medicine വിഭാഗത്തിലുമായി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണം. സന്നദ്ധ സംഘടനകള്‍, ആശാ വര്‍ക്കേഴ്‌സ്, പെയിന്‍ അന്റ് പാലിയേറ്റീവ് വിഭാഗംഗള്‍ ജാഗ്രതയോടെ സജീവമായിരിക്കണം.
ഒറ്റപ്പെടലിന്റെയോ, അവഗണനയുടെയോ, മറ്റേതെങ്കിലും കാരണത്താലോ, മനോവിഷമം അനുഭവിക്കുന്നവര്‍, ജീവിത അനുഭവങ്ങള്‍ നല്‍കിയ നൈരാശ്യം മൂലമോ , അവസാന കാലത്തേ കുറിച്ചുള്ള ആകുലതകള്‍ കൊണ്ടോ, മറ്റു കാരണങ്ങള്‍ കൊണ്ടോ ഉണ്ടായേക്കാവുന്ന ഡിപ്രഷന്‍ ബാധിച്ചവര്‍.അങ്ങിനെയുള്ള അവസ്ഥ വരാതിരിക്കാനുള്ള ചുറ്റു പാടുകള്‍ സൃഷ്ടിക്കുകയും, ഉണ്ടെങ്കില്‍ തന്നെ ശാസ്ത്രീയമായി ഗൃഹപാഠത്തോടെ മാറ്റിയെടുക്കേണ്ടതുണ്ട്.
ആത്മീയ കാര്യങ്ങളില്‍ മനസ്സമധാനം ലഭിക്കുന്നവര്‍ക്കു വേണ്ട സൗകര്യങ്ങല്‍ ഒരുക്കണം. ആരാധനാലയങ്ങളില്‍ പോകണമെന്നാഗ്രഹിക്കുന്നവര്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നത് ആലോചിക്കാവുന്നതാണ്. ആത്മീയതയില്‍ ഭ്രമാത്മകമായി പോയേക്കാവുന്ന മനസ്സുകള്‍ കടിഞ്ഞാണിടാന്‍ സഹായിക്കണ്ടതുണ്ട്.
ഇഷ്ടപ്പെട്ട കലാകായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍, ശാരീരിക ക്ഷമതയനുസരിച്ചു ഔട്ട് ഡോര്‍ ഗെയിംസിലോ, ചെസ്സ്, കാരംസ് മുതലായ കളികളിലോ, പാട്ട്, നൃത്തം അങ്ങിനെയുള്ള സര്‍ഗ്ഗ വാസനകള്‍ പ്രകടിപ്പിച്ചു കൊണ്ടോ ആനന്ദകരമായ സജീവമായ ദിനരാത്രങ്ങല്‍ ആക്കി മാറ്റേണ്ടതുണ്ട്.
യാത്രകള്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണം . ഇപ്പോള്‍ തന്നെ സീനിയര്‍ സിറ്റിസണ്‍സ് യാത്രാ നിരക്കില്‍ തീവണ്ടിയിലും സ്റ്റേറ്റ് ബസ്സുകളിലും വിമാനത്തിലും ഇളവുകളുണ്ട്. താമസത്തിന് സ്വകാര്യ മേഖലകളിലും കൂടി ഇളവുകള്‍ നല്‍കാന്‍ സാധിക്കണം. അതു ടൂറിസ്റ്റ് മേഖലകളില്‍ ബിസിനസ്സ് വര്‍ധിപ്പിക്കുകയും ചെയ്യും.
കേന്ദ്ര സര്‍ക്കാരിന്റേതായും കേരള സര്‍ക്കറ്റിന്റേതായും പല സഹായ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതു മുഴുവനായി അറിയിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും, ബോധവല്‍ക്കരണം നടത്തുകയും വേണം.സംസ്ഥാനത്തെ മുഴുവന്‍ വയോജനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും എല്ലാവര്ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
അരാധനാലയങ്ങളിലും എല്ലാ പൊതു ഇടങ്ങളിലും ഭിന്നശേഷി സൗഹൃദം എന്ന പോലെ വയോജന സൗഹൃദമാക്കേണ്ടതുണ്ട്. വീടുകളില്‍, കുടുംബ സദസ്സുകളില്‍, ചടങ്ങുകളില്‍ മുതല്‍ കഴിയാവുന്നത്ര ഇടങ്ങള്‍ സജീവമായി പങ്കെടുക്കാനുള്ള അവസരങ്ങല്‍ സൃഷ്ടിച്ചു മനുഷ്യസാധ്യമായ രീതിയില്‍ ഉത്തരവാദിത്തബോധത്തോടെ വയോജനങ്ങളുടെ വരും ദിനങ്ങള്‍ ആരോഗ്യ പൂര്‍ണവും മനസമാധനമുള്ളതും ആനന്ദപൂര്‍ണ്ണവുമാക്കാം. പല മേഖലയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന കേരളത്തിന് ഇതിലും ഒരു മാതൃക സൃഷ്ടിക്കാം. അങ്ങിനെ ഒന്നായിരിക്കട്ടെ നവ കേരളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."