തുടരട്ടങ്ങനെ തുടരട്ടെ
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോൽക്കാനും അവർ അധികാരത്തിൽനിന്ന് തീർത്തും പുറത്താകാനും രാജ്യത്ത് ഒരുപാടാളുകൾ ആഗ്രഹിക്കുന്നു. അത് നാട്ടുകാരുടെ കുറ്റമല്ല. ബി.ജെ.പിയുടെയും അവരെ നയിക്കുന്ന സംഘ്പരിവാറിന്റെയും കൈയിലിരിപ്പ് കാരണമാണത്. എന്നിട്ടും ബി.ജെ.പി തുടർച്ചയായി ജയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ തോൽവി ആഗ്രഹിക്കുന്നവർ തുടർനിരാശ ഏറ്റുവാങ്ങുന്നു.
ഇത്തരം സന്ദർഭങ്ങളിൽ പതിവുള്ള താത്ത്വിക അവലോകനങ്ങൾ ഉടൻ വന്നുതുടങ്ങും. രാഷ്ട്രീയ നിരീക്ഷകരെന്നും വിശകലന വിശാരദൻമാരെന്നുമൊക്കെ പറയപ്പെടുന്നവർ കളം നിറയും. ഈ വിശകലന പടുക്കൾ ഫാസിസത്തിന്റെ സൈദ്ധാന്തിക പരിസരങ്ങളെക്കുറിച്ചും മതേതര കക്ഷികൾ എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന കക്ഷികളുടെ വീഴ്ചകളെക്കുറിച്ചും തലങ്ങും വിലങ്ങും എഴുതും, പ്രഭാഷിക്കും. ഒരുപാടാളുകൾ അതെല്ലാം കേട്ട് വാപൊളിക്കും. ചിലർ അതെല്ലാം സമൂഹമാധ്യമ ഇടങ്ങളിൽ ഷെയർ ചെയ്ത് പരസ്പരം കലഹിക്കും. അതുകഴിഞ്ഞ് ഫാസിസത്തിനെതിരേ ഇത്രയൊക്കെ ചെയ്തല്ലോ എന്നോർത്ത് ആശ്വസിക്കും. എന്നാൽ തുടർന്നും ഈ വിശകലന വിശാരദരുടെ സിദ്ധാന്തങ്ങൾക്കൊന്നും വഴങ്ങാത്ത ജനവിധികൾ വന്നുകൊണ്ടിരിക്കും.
സൈദ്ധാന്തിക വിശകലനങ്ങൾക്കൊന്നും വഴങ്ങിക്കൊടുക്കുന്നതല്ല അർധജനാധിപത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. ജനാധിപത്യം ശീലിച്ചിട്ടില്ലാത്തൊരു ജനസമൂഹത്തിന്റെ സമ്മതി നേടാൻ ഭാരിച്ച സിദ്ധാന്തങ്ങളൊന്നും ചുമന്നുനടക്കേണ്ട കാര്യമില്ല. ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ വിധേയത്വം സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇന്ത്യയടക്കമുള്ള അത്തരം രാജ്യങ്ങളിലെ അധികാര രാഷ്ട്രീയത്തിന്റെ രീതി. സോഷ്യൽ എൻജിനിയറിങ് എന്നൊക്കെ ചിലർ വിളിക്കുന്ന ഇടപാട്. അതിനു വേണ്ട ചേരുവകളും പ്രയോഗരീതികളും അറിയുന്നവർ കളിച്ചു ജയിക്കും. പലപ്പോഴും ജനാധിപത്യ യുക്തികൾക്ക് ഒരുതരത്തിലും പിടികിട്ടാത്ത തരത്തിലോ ജനാധിപത്യ മര്യാദയെന്ന് നമ്മൾ തമാശയ്ക്കെങ്കിലും പറയുന്നതിൽനിന്ന് ഏറെ അകലെയോ ആയിരിക്കും അതിന്റെ പ്രയോഗങ്ങൾ.
സാമൂഹ്യ വിധേയത്വത്തിന് എളുപ്പം വഴങ്ങുന്ന ജനസമൂഹങ്ങളുള്ള ഇന്ത്യയിൽ സമർഥമായ രാഷ്ട്രീയപ്രയോഗങ്ങളിലൂടെ ഏതു രാഷ്ട്രീയത്തിനും എളുപ്പം ജനസമ്മതി സ്വരൂപിച്ചെടുക്കാം, അതെത്രമാത്രം അസംബന്ധമാണെങ്കിലും. പ്രയോഗത്തിലെ മിടുക്കാണ് പ്രധാനം. അങ്ങനെ ഒരിക്കൽ സ്വരൂപിച്ചെടുക്കുന്ന ജനപിന്തുണ അത്ര വേഗമൊന്നും മാഞ്ഞുപോകില്ല. എത്രയേറെ വാഗ്ദാനലംഘനങ്ങളും ജനവിരുദ്ധതയും സംഭവിച്ചാലും. പല കാര്യങ്ങളിലും ഭരണകൂടത്തോട് വിയോജിപ്പുള്ളവർ പോലും വോട്ടു ചെയ്താണ് ഭരണത്തുടർച്ചകൾ നൽകുന്നത്. എതിർപ്പിനിടയിലും പിന്തുണയ്ക്കാനുള്ള കാരണങ്ങൾ അവർ കണ്ടെത്തിക്കോളും. വിധേയ സമൂഹത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം അങ്ങനെയാണ്. ഒരിക്കൽ സ്വീകരിച്ച രാഷ്ട്രീയത്തെ ഏറെക്കാലത്തിനു ശേഷമായിരിക്കും അവരൊന്നു പുനഃപരിശോധിക്കാൻ തയാറാകുക. അതും അതിലും മികച്ച സാമൂഹ്യ വിധേയത്വം ഉണ്ടാക്കിയെടുക്കാൻ മിടുക്കുള്ള മറ്റൊരു രാഷ്ട്രീയശക്തി ഉദയംകൊണ്ടെങ്കിൽ മാത്രം.
ഈ സാധ്യത വിദഗ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഏറെ എതിർപ്പുകൾക്കിടയിലും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തുടർച്ച നേടിക്കൊണ്ടിരിക്കുന്നത്. രാമക്ഷേത്രം, ന്യൂനപക്ഷ വിരോധം, ഗോവധ വിരോധം തുടങ്ങിയ ചേരുവകൾ സമർഥമായി കൂട്ടിച്ചേർത്ത് ഇന്ത്യൻ ജനതയിലെ വലിയൊരു വിഭാഗത്തിൽ അവർ സൃഷ്ടിച്ചെടുത്ത വിധേയത്വം അതേപടി തുടരുകയാണ്. ഭരണകൂടത്തിന്റെ ജനവിരുദ്ധതയെല്ലാം അവിടെ അപ്രസക്തമാകുന്നു.
അതിന് മികച്ച ഉദാഹരണമാണ് യു.പിയിലെ നിയമസഭാ തെരഞ്ഞടുപ്പ് ഫലം. കർഷക രോഷവും ദലിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരേ നടന്ന അതിക്രമങ്ങളുമൊക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹിയിൽ നടന്ന നീണ്ട സമരത്തിൽ പങ്കെടുത്ത യു.പിയിലെ കർഷകരിൽ വലിയൊരു വിഭാഗം പോലും ബി.ജെ.പിക്ക് വോട്ട് ചെയ്തെന്ന് വ്യക്തം. ഈയൊരു വിഷയത്തിൽ അവർക്ക് കേന്ദ്ര സർക്കാരിനോട് വിയോജിപ്പുണ്ടായിരിക്കാം. അതേസമയം തന്നെ രാമക്ഷേത്രവും ദലിത്- ന്യൂനപക്ഷ വിരോധവുമൊക്കെ ബി.ജെ.പിക്ക് വിധേയപ്പെടാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടാവണം.
ഒരുകാലത്ത് ഈ ആനുകൂല്യം നന്നായി അനുഭവിച്ച പാർട്ടിയാണ് കോൺഗ്രസ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണത്തിൽ വലിയ അഴിമതികളും ജനവിരുദ്ധ നടപടികളുമുണ്ടായിട്ടും അവർക്ക് ഭരണത്തുടർച്ചകളുണ്ടായി. ഏറെക്കാലത്തിനു ശേഷമാണ് ജനം അവരെ മടുത്ത് തിരസ്‌കരിച്ചത്. അത് വലിയൊരു തിരസ്‌കാരമായി മാറി.
ഇന്ത്യയിൽ ജനവിരുദ്ധ ഭരണങ്ങളുടെ അന്ത്യത്തിന് ഒരേയൊരു സാധ്യത അതുമാത്രമാണ്. ഏറെക്കാലം വിധേയപ്പെട്ട് ചുമന്നുനടക്കുന്ന ജനങ്ങളിൽ ഒടുവിലുണ്ടാകുന്ന മടുപ്പ് നൽകുന്ന തിരിച്ചടി. അതിത്തിരി കനത്തതായിരിക്കും. ദേശീയതലത്തിൽ കോൺഗ്രസിനും പശ്ചിമ ബംഗാളിൽ സി.പി.എമ്മിനുമൊക്കെ സംഭവിച്ചത് അതാണ്. ബി.ജെ.പിയെയും ഭാവിയിൽ കാത്തിരിക്കുന്നത് അതുതന്നെയാണ്. അവർക്ക് അതിനുള്ള സമയം കൊടുക്കുക. അർധജനാധിപത്യ സമൂഹങ്ങളിൽ ഒരു ജനവിരുദ്ധ രാഷ്ട്രീയ ചേരിയെ തകർക്കാൻ മാർഗം ഒന്നുമാത്രമാണുള്ളത്. തകർന്നുകാണാൻ ആഗ്രഹിക്കുന്ന ചേരിക്ക് ഭരണത്തുടർച്ചകൾ നൽകുക. ബാക്കിയെല്ലാം അതിന്റെ വഴിക്കു നടന്നോളും.
ദാനശീലരായ
നമ്മുടെ നേതാക്കൾ
ഇടുക്കി ജില്ലയിലെ രാഷ്ട്രീയ നേതാക്കൾ പൊതുവെ നിഷ്‌കളങ്കരാണ്. അവർ കുടിലതകളോ വിദ്വേഷമോ ഒന്നും മനസ്സിൽ കൊണ്ടുനടക്കില്ല. തോന്നുന്നത് വെട്ടിത്തുറന്നങ്ങ് പറയും. അക്കൂട്ടത്തിൽ ഏറ്റവും നിഷ്‌കളങ്കനായ മണിയാശാൻ മുമ്പ് വൺ, ടു, ത്രീ കൊലകളെക്കുറിച്ചും 'മറ്റേ പണി'യെക്കുറിച്ചുമൊക്കെ പറഞ്ഞത് വലിയ പുകിലുണ്ടാക്കിയിരുന്നു. സത്യത്തിൽ പലരും മനസ്സിൽ ഒളിപ്പിച്ചുവച്ചത് അദ്ദേഹം പരസ്യമായി പറഞ്ഞെന്നു മാത്രം. കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായിപ്പോയതാണ് മണിയാശാന്റെ പരാജയമെന്ന് ആരും തിരിച്ചറിഞ്ഞില്ല.
ജില്ലയിൽ മണിയാശാന്റെ പാർട്ടിയായ സി.പി.എമ്മിൽ മാത്രമല്ല നിഷ്‌കളങ്കരുള്ളത്. അവിടെ മിക്ക പാർട്ടിക്കാരും അങ്ങനെയാണ്. ഇടുക്കിയുടെ സവിശേഷതയാണത്. ജോയ്‌സ് ജോർജ്, സി.പി മാത്യു തുടങ്ങിയ നേതാക്കളും ചില സന്ദർഭങ്ങളിൽ നടത്തിയ ചില പരാമർശങ്ങളെ കപടകേരളം വിവാദമാക്കി അലമ്പാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ഇതുപോലെ ഒരു പച്ചപ്പരമാർഥം പ്രസംഗത്തിനിടയിൽ പറഞ്ഞതും ചിലർ വിവാദമാക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ജീവൻ സി.പി.എം ഭിക്ഷയായി നൽകിയതാണെന്നായിരുന്നു വർഗീസിന്റെ പരാമർശം. അതു കേട്ടയുടൻ കുറെ കോൺഗ്രസ് നേതാക്കൾ കോലാഹലവുമായി ഇറങ്ങി. വർഗീസ് വധഭീഷണി മുഴക്കിയെന്നും അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കണമെന്നുമൊക്കെ പറഞ്ഞാണ് ബഹളം.
കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം വച്ചുനോക്കുമ്പോൾ വർഗീസ് പറഞ്ഞത് ശരിയാണ്. ഇവിടുത്തെ ഭരണവർഗ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനമാർഗങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഇനമാണ് അക്രമവും കൊലയും. നിങ്ങൾ ഈ സംസ്ഥാനത്തെ ഏതെങ്കിലുമൊരു ഭരണവർഗ രാഷ്ട്രീയകക്ഷിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രവർത്തനം എതിർചേരിയിലുള്ളവരിൽ ഏതെങ്കിലും തരത്തിലുള്ള വിരോധം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ ഏതു നിമിഷവും നിങ്ങൾ കൊലചെയ്യപ്പെട്ടേക്കാം. അതു സംഭവിക്കാതെ ആയുസ് നീണ്ടുപോകുന്നുണ്ടെങ്കിൽ അത് എതിർപാർട്ടിക്കാരുടെ ഔദാര്യമാണെന്ന് കരുതിയാൽ മതി.
ഏതു രാഷ്ട്രീയകക്ഷി വിചാരിച്ചാലും ആരെയും എപ്പോൾ വേണമെങ്കിലും കൊല്ലാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ദിനേന വരുന്ന വാർത്തകളിൽനിന്ന് വ്യക്തമാണ്. എന്നിട്ടും ചില അല്ലറചില്ലറ സംഭവങ്ങളൊഴിച്ചാൽ എതിർപാർട്ടികളിലെ വലിയ നേതാക്കളെ കൊല്ലാതെ പാർട്ടികൾ സംയമനം പാലിക്കുന്നു. പകരം സാധാരണക്കാരായ പ്രവർത്തകരെ കൊന്ന് അരിശം തീർക്കുന്നു.
ഇങ്ങനെ നേതാക്കൾക്ക് മറ്റു പാർട്ടികളിലെ നേതാക്കൾ ആയുസ് ഉദാരമായി ദാനം ചെയ്യുന്നതിന് ഒരു കാരണവുമുണ്ട്. അധികാരം പരമപ്രധാനമായ ഭരണവർഗ രഷ്ട്രീയത്തിൽ യഥാർഥത്തിൽ നേതാക്കൾ തമ്മിൽ ഒരു ശത്രുതയുമില്ല. ഇന്നത്തെ ശത്രു നാളെ മിത്രമാവാം. ഒരിക്കൽ കണ്ണൂർ ജില്ലയിൽ സി.പി.എം പ്രവർത്തകരെ കൊല്ലുന്നതിനുള്ള ഓപറേഷനുകൾക്ക് ചുക്കാൻ പിടിച്ചയാളെന്ന് പാർട്ടി നേതാക്കൾ ആരോപിച്ചിരുന്ന പഴയ ബി.ജെ.പി നേതാവ് വാസു മാസ്റ്റർ ഇപ്പോൾ സി.പി.എം നേതാവാണ്. ഏതു നേതാവും എപ്പോഴും പാർട്ടി മാറാം. മാത്രമല്ല ഇവർ വ്യത്യസ്ത പാർട്ടികളിലായാലും മൂലധന താൽപര്യങ്ങളുടെ സംരക്ഷണ കാര്യത്തിൽ ഒറ്റക്കെട്ടുമാണ്. അങ്ങനെയുള്ളവർ പരസ്പരം കൊല്ലേണ്ട കാര്യമില്ലല്ലോ.
പിന്നെ കക്ഷിഭേദമില്ലാതെ താൽപര്യങ്ങളിൽ ഒരുമിച്ചുനിൽക്കാൻ വിസമ്മതിക്കുന്ന ചിലരും നേതാക്കളായി വളർന്നുവരാറുണ്ട്. അഴീക്കോടൻ രാഘവൻ, കുഞ്ഞാലി, ടി.പി ചന്ദ്രശേഖരൻ എന്നിവരെപ്പോലെയുള്ളവർ. ഒത്തുതീർപ്പുകൾക്ക് നിന്നുകൊടുക്കാത്ത അത്തരക്കാർ കാലത്തിനു ചേരാത്ത രാഷ്ട്രീയക്കാരാണ്. അതുകൊണ്ടാണ് അങ്ങനെയുള്ളവർ 'ഒറ്റപ്പെട്ട സംഭവ'ങ്ങളിൽ കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."