ഉടക്കിട്ട് സി.പി.ഐ, നിയമത്തെ ബാധിക്കാതെ നടപ്പാക്കുമെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഭൂപരിഷ്‌കരണ നിയമ ഭേദഗതി നീക്കത്തിൽ സി.പി.ഐ ഉടക്കിട്ടതോടെ നിയമത്തിൽ ഭേദഗതി നടത്തുമെന്ന് ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന വിശദികരണവുമായി മന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത്.
തോട്ടങ്ങളിൽ ഇടവിളകൃഷിക്കായി ഇപ്പോൾത്തന്നെ മതിയായ നിയമമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് സി.പി.എം വാദിക്കുമ്പോഴാണ് നിയമത്തിൽ വെള്ളം ചേർക്കാനാകില്ലെന്ന് സി.പി.ഐ ആവർത്തിച്ച് പറയുന്നത്. ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നും അതു ചർച്ച ചെയ്തു മാത്രമേ തീരുമാനിക്കാൻ കഴിയൂവെന്നും കാനം പറഞ്ഞു. പ്ലാന്റേഷൻ നിർവചനത്തിന്റെ പരിധിയിൽപ്പെടുന്ന റബർ, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകൾ കൂടി ചേർത്ത് പഴവർഗ കൃഷികൾ ഉൾപ്പടെ തോട്ടത്തിന്റെ ഭാഗമാക്കിയുള്ള കാലോചിത ഭേദഗതികൾ വേണമെന്നാണ് ധനമന്ത്രി വെള്ളിയാഴ്ച ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. ബജറ്റിലെ ഈ പ്രൊപ്പോസൽ നേരത്തെയുമുണ്ടായിരുന്നുവെന്നും കാനം പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൃഷി മന്ത്രിയായിരുന്ന വി.എസ് സുനിൽകുമാർ കൊണ്ടുവന്ന പരിഷ്‌കരണ നിർദേശങ്ങൾ അന്ന് റവന്യൂമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്റെ എതിർപ്പിനെ തുടർന്ന് സി.പി.ഐ എക്‌സിക്യുട്ടീവ് ചർച്ച ചെയ്ത് തള്ളിക്കളഞ്ഞിരുന്നു. തോട്ടങ്ങളിൽ മറ്റ് കൃഷിയാകാമെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിന് കൃത്യമായ എണ്ണവും പരിധിയും വേണമെന്നാണ് സി.പി.ഐയുടെ നിലപാട്. തോട്ടഭൂമിയിലെ പഴവർഗകൃഷിക്കായി ഭൂപരിഷ്‌കരണ നിയമ ഭേദഗതി നടത്തുമെന്ന് ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് കെ.എൻ. ബാലഗോപാൽ ഇന്നലെ കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. തോട്ടങ്ങളിലെ പഴം, പച്ചക്കറി കൃഷിക്കായി വലിയ നിയമഭേദഗതി വേണ്ടിവരില്ല. തോട്ടങ്ങളിൽ ഇവയും കൃഷി ചെയ്യാമെന്ന തരത്തിൽ നിയമം മാറ്റിയാൽ മതിയാകും. ഭൂപരിഷ്‌കരണ നിയമത്തെ ബാധിക്കാതെ തന്നെ ഇതു നടപ്പാക്കുമെന്നും ബാലഗോപാൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."