'തബ്‌ലീഗ് മർകസ് പള്ളി തുറക്കുന്നതിൽ വ്യക്തത വേണം' കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതി നിർദേശം പള്ളി തുറക്കുന്നതിൽ നിലപാട്
മാറ്റി കേന്ദ്രം
ന്യൂഡൽഹി
നിസാമുദ്ദീനിലെ തബ് ലീഗ് മർകസിലെ ബംഗ്ലേവാലി പള്ളി തുറക്കുന്നതിൽ വ്യക്തത വരുത്തി തിങ്കളാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ച കേസ് പരിഗണിക്കവെ പള്ളിയുടെ ഒരു നില മാത്രം തുറക്കാമെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് മനോജ് കുമാർ ഒഹ് രി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. നിസ്‌കാരത്തിന് എത്രപേർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്നാണ് കേന്ദ്ര നിലപാട്. എങ്കിൽ ബാക്കി നിലകൾ കൂടി തുറക്കുന്നതിൽ എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു.
നിലവിൽ കൊവിഡ് നിയന്ത്രണത്തിൽ മതാഘോഷങ്ങൾക്ക് വിലക്കില്ല. ഇവിടെ പൂർണമായും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാൻ എന്താണ് തടസം. മർകസിന്റെ നാലാം നില വരെ ആളുകൾക്ക് വിലക്കില്ല. പിന്നെ നമസ്‌കാരത്തിന് തുറന്നു കൊടുക്കാതിരിക്കുന്നതെന്താണെന്നും കോടതി ചോദിച്ചു.
മർകസിലെ പള്ളി പൂർണമായും തുറന്നു കൊടുക്കാമെന്നായിരുന്നു ഫെബ്രുവരി 22ന് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ മാർച്ച് നാലിന് കേസ് പരിഗണിക്കവെ ഭാഗികമായി മാത്രമേ തുറക്കാൻ അനുവദിക്കൂ എന്ന് നിലപാട് മാറ്റി.
സ്വത്തു തർക്കമുള്ള കെട്ടിടം പോലും ഇത്തരത്തിൽ അടച്ചിടാൻ നിയമം അനുവദിക്കുന്നില്ലെന്ന് മർകസിന് വേണ്ടി ഹാജരായ അഭിഭാഷക റെബേക്കാ ജോൺ കോടതിയിൽ ചൂണ്ടിക്കാട്ടി. മർകസിന്റെ പേരിൽ കേസുണ്ടെന്ന് വച്ചോളൂ. എങ്കിലും കെട്ടിടം മൊത്തം അടച്ചിടാൻ ഏതു വകുപ്പാണുള്ളതെന്നും റെബേക്കാ ജോൺ വാദിച്ചു. ഇതോടെയാണ് തിങ്കളാഴ്ച തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ഒന്നാം കൊവിഡ് തരംഗകാലത്താണ് കൊവിഡ് മാർഗരേഖ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മർകസ് അടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."