കള്ളവോട്ട് ആരോപണം തിരിച്ചടിയായി;അഞ്ച് വോട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരി കോണ്‍ഗ്രസുകാരി
തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന രമേശ് ചെന്നിത്തലയുടെ വാദം തിരിച്ചടിയാകുന്നു. ഉദുമ മണ്ഡലത്തില്‍ അഞ്ച് വോട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരി കോണ്‍ഗ്രസുകാരി.
കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും ഇവര്‍ പറയുന്നു.എന്നാല്‍ തന്റെ പേരില്‍ അഞ്ച് വോട്ടുള്ള വിവരം അറിഞ്ഞിട്ടില്ലെന്ന് കുമാരിയുടെ കുടുംബം പറഞ്ഞു.
അതേസമയം ചെന്നിത്തലയുടെ ആരോപണത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ അന്വേഷിച്ചറിയണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.
കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു രമേശ് ചെന്നിത്തല ഇന്ന് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നത്.
140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 എന്നിങ്ങനെയാണ് വ്യാജവോട്ടര്‍മാരുടെ എണ്ണംമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."