ശബരിമലയില്‍ മുഖ്യമന്ത്രിക്കെതിരേ എന്‍.എസ്.എസ്: എന്‍.എസ്.എസിനെതിരെ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എന്‍.എസ്.എസ്. എന്‍.എസ്.എസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞതിന് വിരുദ്ധമായ നിലപാടല്ലേയെന്നാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചോദിക്കുന്നത്. നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്നാല്‍ ശബരിമല അടഞ്ഞ അധ്യായമാണെന്നാണ് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്. പ്രശ്‌നം ഇപ്പോള്‍ ചിലരുടെ മനസില്‍ മാത്രമാണ്. ശബരിമല വിഷയത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത സത്യവാങ്മൂലത്തെ എതിര്‍ക്കുന്ന ഒന്നും ഇടത് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. ശബരിമലയില്‍ കടകംപള്ളി സുരേന്ദ്രന്‍ അല്ല വിവാദമുണ്ടാക്കിയത്. കോണ്‍ഗ്രസാണ് ചര്‍ച്ചയാക്കിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു. അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണം അതാണ് മര്യാദയെന്നും എന്‍എസ്എസിന്റെ ചോദ്യത്തിന് കാനം മറുപടി നല്‍കി.
എന്നാല്‍ കേസ് നടത്തിത്തോറ്റുവെന്ന കാനത്തിന്റെ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്നാണ് സുകുമാരന്‍ നായര്‍ തിരിച്ചടിച്ചത്.
ഇപ്പോള്‍ തെരെഞ്ഞെടുപ്പ് വന്നപ്പോള്‍ ശബരിമല വിഷയം വീണ്ടും കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഇതിന് മുന്‍പൊരു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ശബരിമല ചര്‍ച്ചയായോ? ശബരിമല കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആ കേസില്‍ പുതിയ വിധി വരുമ്പോള്‍ മാത്രമേ ഇനി ശബരിമല വിഷയത്തിലൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നായിരുന്നു ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ശബരിമല കേസില്‍ സുപ്രീംകോടതി വിധി വന്നാല്‍ എല്ലാവരുമായി ആലോചിച്ച് സര്‍ക്കാര്‍ വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരേയാണ് എന്‍.എസ്.എസ് രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."