നാടകീയ തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ കെവിന് മക്കാര്‍ത്തി യു.എസ് സ്പീക്കര്‍
വാഷിങ്ടണ്‍: കെവിന് മക്കാര്‍ത്തിയെ യു.എസ് ജനപ്രതിനിധി സഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുത്തു. ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ തീവ്ര വലതുപക്ഷ സാമാജികരുടെ എതിര്‍പ്പ് കാരണം മക്കാര്‍ത്തിക്ക് ആദ്യ റൗണ്ട് വോട്ടെടുപ്പുകളില്‍ വിജയിക്കാനാവശ്യമായ വോട്ട് ലഭിച്ചിരുന്നില്ല.
നാല് ദിവസങ്ങളിലായി 15 റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് മക്കാര്‍ത്തിക്ക് വിജയിക്കാനായത്. 160 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സ്പീക്കര്‍ തെരഞ്ഞെടുപ്പായി ഇത് മാറി. 57 കാരനായ മക്കാര്‍ത്തി കാലിഫോര്‍ണിയയില്‍ നിന്നുള്ള ജനപ്രതിനിധിയാണ്. സ്പീക്കറായിരുന്ന നാന്‍സി പെലോസിയുടെ പിന്‍ഗാമിയായാണ് മക്കാര്‍ത്തി ചുമതലയേല്‍ക്കുന്നത്.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്മാര് ജനപ്രതിനിധിസഭയില്‍ നേരിയ ഭൂരിപക്ഷത്തോടെ നിയന്ത്രണം നേടിയെങ്കിലും മക്കാര്‍ത്തിയുടെ സ്വന്തം പാര്‍ട്ടിയിലെ നിരവധി വലതുപക്ഷ നിയമസഭാംഗങ്ങള്‍ അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തുടക്കത്തില്‍ വിസമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."