പഴയിടത്തിലൂടെ രക്ഷപ്പെടുന്ന മുസ‌്ലിം വിദ്വേഷം
യു.എം മുഖ്താര്‍
കഴിഞ്ഞദിവസം സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവുമധികം ചര്‍ച്ചയാവേണ്ടിയിരുന്നത് ഉദ്ഘാടന ദിവസം കേരളത്തിലെ ആയിരക്കണക്കിന് കൗമാരപ്രതിഭകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച കൃത്യമായ ഇസ് ലാം ഭീതിയുടെ ഉള്ളടക്കമുള്ള സ്വാഗതഗാന ആവിഷ്‌കാരം ആയിരുന്നു. എന്നാല്‍, തീര്‍ത്തും നിര്‍ഗുണമായ മാംസ-സസ്യാഹര വിവാദമാണ് കലോത്സവം ബാക്കിവച്ചത്. കലോത്സവത്തിന്റെ ആദ്യദിനം തന്നെയാണ് ഇസ് ലാം ഭീതി നിറഞ്ഞ ഉള്ളടക്കമുള്ള സംഗീതശില്‍പ്പം അവതരിപ്പിച്ചത്.
സാംസ്‌കാരിക പാരമ്പര്യം വേണ്ടുവോളമുള്ള കോഴിക്കോട് പോലൊരു നഗരത്തിന്റെ പ്രൗഢിയും സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തി മികച്ച സംഘാടകമികവോടെ തുടങ്ങിയ കലോത്സവത്തിന്റെ ആദ്യദിനം തന്നെ ഇത്തരമൊരു ആവിഷ്‌കാരം കല്ലുകടിയായെങ്കിലും ഭക്ഷണ വിവാദത്താല്‍ ഇസ് ലാമോഫോബിക് വിഷയം മൂടിവയ്ക്കപ്പെടുകയാണുണ്ടായത്. അതോടെ ഇസ് ലാം ഭീതി ആവിഷ്‌കരിക്കപ്പെട്ട സ്വാഗതഗാനവും അത് തയാറാക്കിയ വ്യക്തിയുടെ സംഘ്പരിവാര്‍ പശ്ചാത്തലവും ഭക്ഷണബഹളത്തില്‍ മുങ്ങിപ്പോയി. അതിനെ വെജ്-നോണ്‍വെജ് വിവാദത്തില്‍ മുക്കിയെന്നും പറയാം.
സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ സൈന്യം പിടികൂടുന്ന ആക്രമണകാരിയായ തീവ്രവാദിക്ക് കഫിയ ധരിച്ചുള്ള മുസ് ലിം വേഷം നല്‍കിയതാണ് വിവാദമായത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഐസിസ് മുതല്‍ കശ്മിരിലെ നിരോധിതസംഘടനകള്‍ വരെ നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം കൊടുക്കുന്ന റെപ്രസന്റേറ്റിവ് ഇമേജിലും ഇല്ലുസ്‌ട്രേഷനിലും കഫിയ കൊടുക്കുന്നത് സാധാരണയാണ്. എന്നാല്‍, കലോത്സവം പോലുള്ള മതനിരപേക്ഷ ചടങ്ങിലും തീവ്രവാദികളെ അടയാളപ്പെടുത്താന്‍ സംഘാടകര്‍ കഫിയ ഉപയോഗിച്ചു. മാപ്പര്‍ഹിക്കാത്ത തെറ്റാണത്.
സ്‌ക്രീനിങ് കമ്മിറ്റിയിലെ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും ജീവന്‍ ബാബു ഐ.എ.എസും ഉള്‍പ്പെടെയുള്ളവര്‍ കണ്ട് അവരുടെ അംഗീകാരം ലഭിച്ച ശേഷമാണ് ദൃശ്യം അവതരിപ്പിച്ചത്. അതിനാല്‍ സി.പി.എം നേതാവ് ഉള്‍പ്പെടെ അടങ്ങിയ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ഒരുദൃശ്യം വിവാദമാകുന്നത് സ്വാഭാവികമായും സര്‍ക്കാരിന് ക്ഷീണം ചെയ്യും. അത് സര്‍ക്കാരിനെ പ്രതിരോധത്തിലുമാക്കും. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം മറ്റൊരു വിവാദം ഉയരേണ്ടതും ഇസ് ലാം ഭീതിയടങ്ങിയ ദൃശ്യം ചര്‍ച്ചയാവാതിരിക്കേണ്ടതും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും കൂടി ആവശ്യമാണ്. അങ്ങിനെയാണ് ഇത്തവണ കലോത്സവത്തില്‍ 'പഴയിടം' പോയി 'പുതിയ ഇടം' വേണമെന്നതുള്‍പ്പെടെയുള്ള പ്രചാരണത്തിന് കൂടുതല്‍ ജനകീയത ലഭിച്ചത്.
സ്വാഗതഗാന ആവിഷ്‌കാരം ഉണ്ടാക്കിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാംസ-സസ്യാഹാര തര്‍ക്കത്തിന് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പ്രചാരണം കിട്ടിയെന്നത് യാദൃശ്ചികമല്ല. കാരണം, സ്‌ക്രീനിങ് നടത്തിയാണ് അനുവാദം നല്‍കിയതെന്ന് വ്യക്തമായതോടെ വിവാദം ഒതുക്കേണ്ടത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഒരുപോലെ ആവശ്യമായിരുന്നു.
പഴയിടം ഹത്യക്ക് തുടക്കമിട്ടത് മാധ്യമപ്രവര്‍ത്തകനായ അരുണ്‍കുമാറാണ്. പിന്നീടിത് സൈബര്‍ സഖാക്കളും കോണ്‍ഗ്രസിന്റെ യുവനേതാക്കളും ഏറ്റുപിടിച്ചതോടെ ഇസ് ലാമോഫോബിക് ദൃശ്യാവിഷ്‌കാരം കേവലം മുസ് ലിം സ്വത്വവാദികളുടെ ഫേസ്ബുക്ക് വാളില്‍ മാത്രം ഒതുങ്ങി. മുസ് ലിം സംഘടനാ നേതാക്കള്‍ പ്രതികരിച്ചതോടെ അത് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തലക്കെട്ടിലും വന്നതൊഴിച്ചാല്‍ വിഷയം ഒരു ചര്‍ച്ചയായതേയില്ല.
ദൃശ്യത്തില്‍ കഫിയ വന്നത് മനപ്പൂര്‍വമല്ലെന്നാണ് സംവിധാനം ചെയ്ത 'മാതാ പേരാമ്പ്ര' അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ദൃശ്യം ആവിഷ്‌കരിച്ച സതീഷ് ബാബുവിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഓടിച്ചുനോക്കിയാല്‍ ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ഒരിക്കലും പറയില്ല. ലക്ഷണമൊത്ത സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് ദൃശ്യം അവതരിപ്പിച്ചയാള്‍. സംഘ്പരിവാര്‍ പ്രചാരണങ്ങളും വര്‍ഗീയ സന്ദേശങ്ങളും കൊണ്ട് നിറഞ്ഞിട്ടുണ്ട് അയാളുടെ ഫേസ്ബുക്ക് വാള്‍.
കലോത്സവത്തില്‍ മാംസാഹാരവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതോടെ പഴയിടം വിവാദത്തിന്റെ ആദ്യഘട്ടം അവസാനിച്ചെങ്കിലും ഇനി വരാന്‍പോകുന്നത് കടുത്തവര്‍ഗീയ പ്രചാരണങ്ങളുടെ തുടര്‍ഘട്ടങ്ങളാണ്. ഇതിനകം തന്നെ പഴയിടത്തിന്റെ ഇരവാദ പ്രസ്താവനകള്‍ ഉയര്‍ത്തി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഒരുവിധത്തിലും മുസ് ലിം നേതാക്കളോ മുസ് ലിം കേന്ദ്രങ്ങളോ അല്ല മേളയിലെ സസ്യാഹാര അധിപത്യം ചര്‍ച്ചയാക്കിയതും അത് തിരുത്തിച്ചതും. എങ്കിലും ഇനി അതിന്റെ പരുക്ക് ഏല്‍ക്കുക മുസ് ലിം സമുദായത്തിനായിരിക്കുമെന്നതിലും സംശയമില്ല.
'ഇനി പാചകം ചെയ്യാന്‍ പേടിയാണ്, ഇനി ചെയ്യുന്നില്ല' എന്നാണ് കലോത്സവത്തിന് ശേഷം പഴയിടം നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങിനെ ഭയക്കേണ്ട ഒരുസാഹചര്യവും കേരളത്തിലുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അടുത്ത തവണ മാംസാഹാരം ഉള്‍പ്പെടുത്തുകയാണെങ്കില്‍ അതിന് പഴയിടം വേണ്ടെന്ന് ആരും തീരുമാനിച്ചിട്ടുമില്ല.
അദ്ദേഹം സ്വയം പിന്‍വാങ്ങുകയായിരുന്നു. പ്രെഫഷനല്‍ സസ്യാഹാര പാചകക്കാരനായ പഴയിടം മാംസാഹാരം പാചകംചെയ്തു തുടങ്ങുകയും അത് സസ്യാഹാര പ്രേമികള്‍ അറിഞ്ഞാല്‍ അദ്ദേഹത്തിന്റെ വിപണിമൂല്യം ഇടിയുമെന്നതും വാസ്തവമാണ്. അതിനാല്‍ മാംസാഹാരം വിളമ്പുന്ന കലോത്സവത്തിന്റെ പാചകപ്പുരയുടെ ചുമതല ഏറ്റെടുക്കുന്നത് പഴയിടത്തിന് വലിയ വ്യാപാര നഷ്ടം വരുത്തിവയ്ക്കും. ഈ സാഹചര്യത്തില്‍ സ്വയം പിന്‍വലിയുകയാണ് അദ്ദേഹത്തിന് മെച്ചവും. എന്നാല്‍ 'ഭയം തോന്നുന്നു' എന്നൊരു തുടര്‍ചര്‍ച്ച കേരള സാമൂഹിക അന്തരീക്ഷത്തില്‍ ഇട്ടുകൊടുക്കുകയാണ് പഴയിടം ചെയ്തത്.വിവാദം സംഘ്പരിവാര്‍ ഇനിയും കത്തിച്ചുകൊണ്ടിരിക്കും. കാരണം അടുത്ത മേളയില്‍ മാംസാഹാരത്തില്‍ 'ഹലാല്‍' പാടില്ലെന്ന് ഇതിനകം അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."