സോള്‍ദാര്‍ റഷ്യന്‍ കൂലിപ്പടയാളി സംഘം പിടിച്ചെടുത്തെന്ന്; നിഷേധിച്ച് ഉക്രൈന്‍
മോസ്‌കോ: തന്റെ പോരാളികള്‍ ഉക്രൈനിലെ സോള്‍ദാര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യയുടെ കൂലിപ്പടയാളി ഗ്രൂപ്പായ വാഗ്‌നറിന്റെ തലവന്‍ യെവ്‌ജെനി പ്രിഗോഷിന്‍. വാഗ്‌നര്‍ യൂണിറ്റുകള്‍ സോള്‍ദാറിന്റെ മുഴുവന്‍ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞുവെന്നും നഗരത്തിന്റെ മധ്യത്തില്‍ ഇപ്പോഴും പോരാട്ടം നടക്കുകയാണെന്നും പ്രിഗോഷിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ബന്ദികളാക്കിയവരുടെ എണ്ണം ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ക്രെംലിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യവസായി കൂടിയായ പ്രിഗോഷിന്‍ പറഞ്ഞു. വാഗ്‌നര്‍ പോരാളികള്‍ക്കൊപ്പം സൈനിക യൂണിഫോമിലുള്ള തന്റെ ഫോട്ടോ പ്രിഗോഷിന്‍ പ്രസിദ്ധീകരിച്ചു. പക്ഷേ അത് എവിടെ നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. സോളെദാറിലെ ഉപ്പ് ഖനിയില്‍ നിന്നുള്ളതാണെന്ന് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വാഗ്‌നറിന്റെ അവകാശവാദം തെറ്റാണെന്നും സോള്‍ദാര്‍ തങ്ങളുടെ സൈന്യം കൈവശം വച്ചിരിക്കുകയാണെന്നും ഉക്രെയ്ന്‍ പ്രതികരിച്ചു. നഗരത്തിന്മേലുള്ള വാഗ്‌നറുടെ നിയന്ത്രണത്തിന്റെ വ്യാപ്തി സ്ഥിരീകരിക്കാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സോള്‍ദാറിനായുള്ള പോരാട്ടങ്ങള്‍ രക്തരൂക്ഷിതവും തീവ്രവുമാണ്. മാസങ്ങളായി റഷ്യ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബഖ്മുട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ (ഒമ്പത് മൈല്‍) അകലെയുള്ള ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ഉപ്പ് ഖനന നഗരമാണ് സോള്‍ദാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."