ഗുരുഗ്രാമിലെ ചേരിയില്‍ തീപിടിത്തം; 50 കുടിലുകള്‍ കത്തി നശിച്ചു
ഗുരുഗ്രാം: ബാദ്ഷാപൂരിലെ സെക്ടര്‍ 66ലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ 50 ലധികം കുടിലുകള്‍ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ചേരിയിലുണ്ടായ രണ്ടാമത്തെ തീപിടിത്തമാണ് ഇത്. ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ആളപായങ്ങളുണ്ടായിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ച് ഫയര്‍ സ്റ്റേഷനില്‍ വിവരം ലഭിച്ചത്. ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് എത്തി. രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. 50 ഓളം കുടിലുകള്‍ നശിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്‌നിശമന ഉദ്യോഗസ്ഥനായ നരേന്ദര്‍ കുമാര്‍ പറഞ്ഞു.
ദിവസക്കൂലിക്കാരുടെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും കുടിലുകളാണ് കത്തി നശിച്ചത്. ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. വീട് നഷ്ടപ്പെട്ടവര്‍ക്കായി താല്‍ക്കാലിക ടെന്റുകളും ഭക്ഷണവും വെള്ളവും ഒരുക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ചയും ഇതേ ചേരിയില്‍ തീപിടിത്തമുണ്ടായിരുന്നു. സെക്ടര്‍ 49ലുണ്ടായ തീപിടിത്തത്തില്‍ 200ലധികം കുടിലുകളാണ് കത്തിനശിച്ചത്. തുടര്‍ന്ന് 600ലധികം താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനാലാണ് ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ആളപായമുണ്ടാകാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."