ആരെയും പറ്റിച്ചിട്ടില്ല; ചെയ്തത് ബിസിനസ് മാത്രം, പണം തിരികെ നല്‍കും; പ്രവീണ്‍ റാണ
തൃശൂര്‍: താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും സമയം കിട്ടിയാല്‍ എല്ലാവരുടേയും പണം തിരികെ നല്‍കുമെന്നും നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണ. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
''എല്ലാവര്ക്കും പണം തിരിച്ചുകൊടുക്കും. ബിസിനസ് മാത്രമാണ് ചെയ്തത്. അതില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ജാമ്യം നേടുന്നതിനായി മാറി നിന്നതാണ്.''- വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ റാണ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, അക്കൗണ്ടില്‍ പണമില്ലെന്നാണ് പൊലീസ് പറയുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായി മറുപടി നല്കാന് റാണ തയാറായില്ല.
തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച് കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പൊള്ളാച്ചിയില്‍ നിന്നാണ് പൊലിസ് സംഘം പിടികൂടിയത്. അന്വേഷണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനത്ത് നിന്നും മുങ്ങിയത്.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ ഒളിവില്‍ പോയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദേവരായപുരത്തെ കരിങ്കല്‍ ക്വാറിയില്‍ ക്വാറി തൊഴിലാളിയുടെ കൂടെ ആയിരുന്നു പ്രവീണ്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ കാഷായ വേഷത്തിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളായിരുന്നു ഇവിടെ ഒളിസങ്കേതം ഒരുക്കിയത്. ഇവിടെ നിന്ന അതിഥി തൊഴിലാളിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ പ്രവീണ്‍ റാണ വിളിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പൊലിസ് ഒളിയിടം കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."