ദേവികുളത്തിന്റെ ഓര്‍മകളില്‍ എം.ജി.ആറിന്റെ താരശോഭ
തൊടുപുഴ: ദേവികുളത്തിന്റെ തെരഞ്ഞെടുപ്പ് ഓര്‍മകളില്‍ ഇന്നും താരശോഭയോടെ എം.ജി.ആര്‍. തമിഴ്‌നാടിന്റെ ജീവശ്വാസവും ഇദയക്കനിയുമായിരുന്ന എം.ജി രാമചന്ദ്രന്‍ രണ്ടുവട്ടമാണ് ദേവികുളത്ത് പ്രചാരണത്തിനെത്തിയത്. ഒരു തവണ ഉടുമ്പഞ്ചോലയിലും എം.ജി.ആര്‍ എത്തി.
1958 ല്‍ സിനിമയില്‍ തിളങ്ങിത്തുടങ്ങിയ കാലത്തായിരുന്നു ആദ്യത്തെ വരവ്. കേരളത്തിലെ ആദ്യ വനിത എം.എല്‍.എ യായ റോസമ്മ പുന്നൂസിന്റെ രണ്ടാമത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായിരുന്നു എം.ജി.ആര്‍ എത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും പ്രസ്റ്റീജ് പോരാട്ടമായി മാറിയ ഉപതെരഞ്ഞെടുപ്പില്‍ അന്ന് റോസമ്മ പുന്നൂസിന്റെ പ്രചാരണ ചുമതലയുണ്ടായിരുന്ന വി.എസ് അ്യച്യുതാനന്ദനാണ് എം.ജി.ആറിനെ മൂന്നാറിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
അന്ന് കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകത്തോടായിരുന്നു എം.ജി.ആറിന് അടുപ്പം. എം.ജി.ആറിന്റെ വരവ് റോസമ്മ പുന്നൂസിന് ഗുണംചെയ്തു. അവര്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടു.
1987 ലായിരുന്നു രണ്ടാമത്തെ വരവ്. ആദ്യത്തെ വരവില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്. മുഖ്യമന്ത്രിയായിരിക്കെ രണ്ടാമതെത്തിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍. ഗണപതിക്കു വേണ്ടിയായിരുന്നു.
എതിരാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എസ്. സുന്ദരമാണിക്യവും. എം.ജി.ആറിനെ കാണാന്‍ ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടി. പക്ഷേ, തെരഞ്ഞെടുപ്പില്‍ 3905 വോട്ടിന് ഗണപതി പരാജയപ്പെട്ടു. എന്നാല്‍ എം.ജി.ആര്‍ ഉടുമ്പഞ്ചോലയില്‍ എത്തിയത് ഗുണം ചെയ്തു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കേരളാ കോണ്‍ഗ്രസ് (എം) ലെ മാത്യു സ്റ്റീഫന് വേണ്ടിയാണ് എം.ജി.ആര്‍ ഇവിടെ പ്രചാരണത്തിനെത്തിയത്.
സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ എം. ജിനദേവനെ മാത്യു സ്റ്റീഫന്‍ അത്തവണ പരാജയപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."