ഷൂട്ടിങ് ഇതിഹാസം കരോലി ടക്കാസ്
കുന്നത്തൂര്‍ രാധാകൃഷ്ണന്‍
കരോലി ടക്കാസിനെ കുറിച്ചു കേട്ടിട്ടുണ്ടോ? അംഗപരിമിതിയെ സാഹസികമായി അതിജീവിച്ച് തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ കരോലി ടക്കാസ് എന്ന ഹംഗേറിയന്‍ അത്‌ലറ്റിനെ? ഇല്ലെങ്കില്‍ പറയാം. ടക്കാസിന്റെ ജീവിതകഥ അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും നിരാശയെ നിലംപരിശാക്കിയ കഥയാണത്. മറ്റേതൊരു ജനതയെക്കാളും ആ കഥ ഹംഗറിക്കാര്‍ക്കറിയാം. 1910ല്‍ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലായിരുന്നു ടക്കാസിന്റെ ജനനം. മുതിര്‍ന്നപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്നു. പിസ്റ്റള്‍ ഷൂട്ടിംഗ് ടക്കാസിന്റെ ലഹരിയായിരുന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് പിസ്റ്റള്‍ ഷൂട്ടിംഗ് ടീമിലെ അംഗമായിരുന്നു. 1936 ആകുമ്പോഴേക്കും മികച്ച ഷൂട്ടറായി ടക്കാസ് മാറി. എന്നിട്ടും അക്കൊല്ലത്തെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അക്കാലത്ത് സൈന്യത്തിലെ കമ്മീഷന്‍ഡ് ഓഫിസര്‍മാര്‍ക്കു മാത്രമായിരുന്നു ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവാദം. ടക്കാസ് സര്‍ജന്റ് മാത്രമായിരുന്നു. ബര്‍ലിന്‍ ഒളിമ്പിക്‌സിന് ശേഷം ഹംഗറി ഈ വിലക്ക് നീക്കി. യഥാര്‍ഥത്തില്‍ അക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച പിസ്റ്റള്‍ ഷൂട്ടറായിരുന്നു അദ്ദേഹം. ഷൂട്ടിംഗില്‍ ഹംഗേറിയന്‍ ജനതയെ വിസ്മയത്തുമ്പിലെത്തിച്ച ടക്കാസ് 1940ല്‍ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുമെന്നായിരുന്നു കായികലോകത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഓര്‍ക്കാപ്പുറത്ത് വന്നെത്തിയ ദുരന്തം ആ പ്രതീക്ഷ തല്ലിക്കെടുത്തി. ടോക്കിയോ ഒളിമ്പിക്‌സിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ സൈനികപരിശീലനത്തിനിടെ കൈബോംബ് പൊട്ടിത്തെറിച്ച് ടക്കാസിന്റെ വലതുകൈ ചിതറിത്തെറിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 28 മാത്രമായിരുന്നു പ്രായം.
ഒരുമാസത്തെ ആശുപത്രിവാസത്തിനുശേഷം ഹതാശനായിട്ടാണ് ടക്കാസ് വീട്ടിലേക്ക് മടങ്ങിയത്. വലതുകൈ നഷ്ടമായി. ഒളിമ്പിക് സ്വപ്‌നവും പൊലിഞ്ഞു. ഈ അവസ്ഥയില്‍ ഏതൊരാളും തകര്‍ന്നുപോകേണ്ടതാണ്. ജീവിതകാലം മുഴുവന്‍ ദുഃഖിച്ചു കഴിയാനായിരിക്കും അയാളുടെ വിധി. എന്നാല്‍ ദുഃഖത്തെ കെട്ടിപ്പിടിച്ചിരിക്കാന്‍ ടക്കാസ് തയാറായിരുന്നില്ല. പട്ടാളത്തിലെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ലോലമായ മനസ്സ് പരുക്കനാക്കി മാറ്റിയിരുന്നു. അതിനാല്‍ പ്രതികൂല സാഹചര്യത്തെ എങ്ങനെ മറികടക്കാം എന്നായി ചിന്ത. പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് കഴിയവെ ഒളിമ്പിക് ഗെയിംസിന്റെ ആരവങ്ങള്‍ മനസ്സില്‍ നിറയും. ഷൂട്ടിംഗില്‍ താന്‍ നേടുന്ന സ്വര്‍ണമെഡലിന്റെ തിളക്കം സ്വപ്‌നങ്ങള്‍ക്ക് നിറംപകരും. അപ്പോള്‍ വലതുകൈ നഷ്ടപ്പെട്ടവനാണ് താന്‍ എന്ന യാഥാര്‍ഥ്യബോധം ആ സ്വപ്‌നങ്ങളെ നിഷ്പ്രഭമാക്കും. വലതുകൈ ഇല്ലാതെ പിസ്റ്റള്‍ ഷൂട്ടിങ് സാധ്യമാകുമോ? ടക്കാസിന്റെ ചിന്ത ആ വഴിക്കായി.
എന്തുകൊണ്ട് ബലിഷ്ഠമായ ഇടതുകൈ കൊണ്ട് ഷൂട്ടിങ് പരിശീലനം നടത്തിക്കൂടാ? പിന്നെ മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു. ഹംഗറിക്കാര്‍ ഇതിനകം ടക്കാസിനെ മറന്നിരുന്നു. എങ്കിലും അദ്ദേഹം പുതിയ ചരിത്രം രചിക്കാനുള്ള തയാറെടുപ്പിലായിരുന്നു. പരമരഹസ്യമായിട്ടായിരുന്നു പരിശീലനം.
1939 ആയി. ദേശീയ പിസ്റ്റള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാളുകളെത്തി. മല്‍സരസ്ഥലത്ത് അംഗപരിമിതനായ ടക്കാസിനെ കണ്ട മറ്റു ഷൂട്ടര്‍മാര്‍ അദ്ദേഹം ചാമ്പ്യന്‍ഷിപ്പ് കാണാനെത്തിയതാണെന്നാണ് കരുതിയത്. വയ്യാതായിട്ടും മല്‍സരം കാണാനെത്തിയതില്‍ അവര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ടക്കാസിന്റെ ഉറച്ച മറുപടി ഇപ്രകാരമായിരുന്നു: ''ഞാന്‍ ഷൂട്ടിങ് കാണാനല്ല; മത്സരിക്കാനാണ് വന്നത്.''
അതു കേട്ട് ഷൂട്ടര്‍മാര്‍ അമ്പരന്നു. അവരെ ഒന്നുകൂടി അമ്പരപ്പിച്ച് മത്സരത്തില്‍ ചാമ്പ്യനാവുകയും ചെയ്തു അദ്ദേഹം.
പിന്നെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി ശ്രമം. ഇതിനിടെ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം മൂലം 1940ലും 1944ലും ഒളിമ്പിക് ഗെയിംസുകള്‍ റദ്ദാക്കി. എന്നാല്‍ അതൊന്നും ടക്കാസിന്റെ ആവേശത്തെ ബാധിച്ചില്ല. വര്‍ഷങ്ങളോളം പരിശീലനം തുടര്‍ന്നു. 1948ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ഷൂട്ടിങ്ങില്‍ അപ്പോഴത്തെ ലോകചാമ്പ്യന്‍ അര്‍ജന്റീനക്കാരനായ കാര്‍ലോസ് എന്റിക് ഡയസ് സാന്‍സ് വാലന്റ് ആയിരുന്നു. ഷൂട്ടിങ് സ്ഥലത്ത് ടക്കാസിനെ കണ്ട കാര്‍ലോസിന്റെ ചോദ്യം 'ചങ്ങാതി എന്താണിവിടെ' എന്നായിരുന്നു. ഞാന്‍ പഠിക്കാന്‍ വന്നതാണെന്നായിരുന്നു ടക്കാസിന്റെ മറുപടി. എന്നാല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ടക്കാസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുക മാത്രമല്ല, പുതിയ ലോക റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. നാലുവര്‍ഷം കഴിഞ്ഞ് ഹെല്‍സിങ്കി ഒളിമ്പിക്‌സിലും ടക്കാസ് ഇടതു കൈകൊണ്ട് സ്വര്‍ണമെഡല്‍ നേടി. രണ്ടും 25 മീറ്റര്‍ റാപിഡ് ഫയര്‍ വിഭാഗത്തിലായിരുന്നു.
പക്ഷെ, 1956ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ അടിതെറ്റി. അദ്ദേഹം എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എങ്കിലും 1958ല്‍ ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. പിന്നീട് ഷൂട്ടിങ് പരിശീലകന്റെ കുപ്പായമണിഞ്ഞു. സ്വന്തം രാജ്യത്ത് നിരവധി കായിക പ്രതിഭകളെ വാര്‍ത്തെടുത്തു. ലഫ്. കേണലായിട്ടായിരുന്നു ടക്കാസ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ഹംഗറിയുടെ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ 35 തവണ അദ്ദേഹം ജേതാവായി.
ഒളിമ്പിക്‌സില്‍ മത്സരിച്ച മൂന്നാമത്തെ അംഗപരിമിതനാണ് ടക്കാസ്. ജോര്‍ജ് ഐസര്‍(1904), ഒലിവര്‍ ഹലാസി(1928) എന്നിവരാണ് മുന്‍ഗാമികള്‍. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഒളിമ്പിക് നായകരില്‍ ഒരാളായ ടക്കാസ് 1976ലാണ് ഈലോകം വിട്ടുപോയത്. ഹംഗറിയുടെ എക്കാലത്തെയും മികച്ച ഹീറോയായി ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."