കളികാണാൻ പോയത് റബീഹിന്റെ ഇഷ്ട ബൈക്കിൽ എല്ലാം കീഴ്‌മേൽ മറിച്ച് കറുത്ത ഞായർ
സി.പി സുബൈർ
മലപ്പുറം
ശനിയാഴ്ച അഞ്ചുകണ്ടൻ വീട്ടിലും ഒതുക്കുങ്ങൽ പ്രദേശത്തും ആഹ്ലാദവും ആരവവും അണപൊട്ടുകയായിരുന്നു. സുഹൃത്തിന്റെ കളി കാണാൻ പ്രത്യേകം ക്ഷണിക്കപ്പെട്ട് ഗോവയിലേക്ക് പോകുക, ഫാമിലി ടിക്കറ്റിൽ കളി കാണുക, അതും സ്വന്തം സഹോദരനും പ്രിയ സുഹൃത്തുമായ അബ്ദുറബീഹ് പതിനായിരങ്ങൾക്കുമുന്നിൽ പന്തുതട്ടുന്നത് നേരിൽ കാണുക... നേരം പുലർന്നാൽ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള പോരാട്ടമാണ്.
എല്ലാം കീഴ്‌മേൽമറിഞ്ഞത് പെട്ടന്നായിരുന്നു. ഞെട്ടുന്ന വാർത്ത കേട്ടാണ് ഞായറാഴ്ച നാടുണർന്നത്. കളി കാണാൻ ഗോവയിലേക്ക് പുറപ്പെട്ട ബൈക്കിൽ ലോറിയിടിച്ച് റബീഹിന്റെ ആത്മസുഹൃത്ത് ജംഷീറും സഹോദരൻ ഷിബിലും മരണപ്പെട്ടു. റബീഹിന്റെ പിതൃസഹോദര പുത്രനാണ് ഷിബിൽ. വാർത്ത സത്യമാകരുതേയെന്ന പ്രാർഥനയിലായിരുന്നു കുടുംബവും നാട്ടുകാരും.
ആത്മസുഹൃത്തായ ഹൈദരാബാദ് എഫ്.സി താരം അബ്ദുറബീഹിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ജംഷീറും ഷിബിലും അടക്കം ഏഴു പേർ ഗോവയിലേക്ക് പോയത്. അഞ്ചുപേർ കാറിലും രണ്ടുപേർ ബൈക്കിലുമായാണ് യാത്ര പുറപ്പെട്ടത്. റബീഹിന്റെ ഇഷ്ട ബൈക്കായ റോയൽ എൻഫിൽഡിലായിരുന്നു ജംഷീറും ഷിബിലും.
വാർത്ത കേട്ടറിഞ്ഞ് നാട് ഒതുക്കുങ്ങലിലേക്ക് ഒഴുകി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു എം.എസ്.എഫ് പ്രവർത്തകരായ ഇരുവരുമെന്ന് നാട്ടുകാർ പറയുന്നു.
മരണവാർത്തയറിഞ്ഞ് എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉൾപ്പെടെ നിരവധിപേർ അനുശോചിച്ചു. ഇരുവരും നാട്ടിലെ എല്ലാ നല്ല കാര്യങ്ങളുടെയും മുന്നിലുണ്ടായിരുന്ന ഉത്തമ ചെറുപ്പക്കാരാണെന്ന കാര്യം വേർപാടിന്റെ വേദന വർധിപ്പിക്കുന്നതായി സമദാനി പറഞ്ഞു.
രാത്രി എട്ടു മണിയോടെ മയ്യിത്തുകൾ വീട്ടിലെത്തിക്കുകയും തുടർന്ന് 9ന് ചെറുകുന്ന് ബി.പി.എ.എൽ.പി സ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്ത ശേഷം 11.30ന് ഒതുക്കുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അപകടം നടന്ന വിവരം അറിഞ്ഞ റബീഹ് കളി ഉപേക്ഷിച്ച് നാട്ടിലേക്ക് പുറപ്പെട്ടു. ഒതുക്കുങ്ങലിലും പരിസരങ്ങളിലും വലിയ സ്‌ക്രീനിലും പൊതു സ്ഥലങ്ങളിലും തീരുമാനിച്ചിരുന്ന കളിയുടെ പ്രദർശനങ്ങൾ ഉപേക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."