വര്‍ഗീയതയിൽ പന്തലിക്കുന്ന നവരാഷ്ട്രീയം
കെ.പി നൗഷാദ് അലി
9847524901
വര്‍ഗീയതയല്ല സ്നേഹവും െഎക്യവുമാണ് മഹാബലമെന്ന തത്വത്തിൽ ഒരുമിച്ചിരുന്ന രാഷ്ട്രീയക്കാലം പുതുതലമുറയെ സംബന്ധിച്ചേടത്തോളം ചരിത്ര സത്യം മാത്രമാകാൻ പോകുകയാണ്. 2014നു ശേഷം കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നടത്തുന്ന കുതിപ്പുകള്‍ രാഷ്ട്രീയത്തിന്റെ നിര്‍വചനങ്ങള്‍ തിരുത്തികുറിക്കാന്‍ പാകത്തിലുള്ളതാണ്. 303 അംഗങ്ങളില്‍ ഒരു മുസ്ലിം എം.പി പോലും വേണ്ടെന്ന് തീരുമാനിച്ച ബി.ജെ.പി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ബഹുസ്വരതയുടേതല്ല. അതില്‍ വൈവിധ്യങ്ങളില്ല. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ത്രാസില്‍ കനം തൂങ്ങുന്നത് വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും തട്ടിനാണ്. അധികാരം പരമപ്രധാനമായ ജനാധിപത്യ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ വിജയഫോര്‍മുല അനുകരിക്കാന്‍ അപ്രതീക്ഷിതമായി പലരും കടന്നുവരുന്നു എന്നത് നിരാശാജനകമായ വസ്തുതയാണ്. വര്‍ഗീയത ആശാസ്യമായ ഒരാശയമായി പരസ്യമായി വിളംബരം ചെയ്യപ്പെടുന്നു. അതിനു പാകപ്പെടുന്ന പൊതുബോധം സാവധാനം രൂപപ്പെടുത്തുകയാണ്.
രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിദ്വേഷ പ്രയോഗങ്ങളും പ്രസംഗവും യഥേഷ്ടമാണെന്നു പറയാം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുതല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വരെ വിജയത്തിന്റെ രസക്കൂട്ടായി ഇതുമാറിക്കഴിഞ്ഞു. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ മുന്‍കാലത്തെ അപേക്ഷിച്ച് വളരെയധികം വര്‍ധിച്ചതായി പ്രമുഖ എന്‍.ജി.ഒയായ ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്‍ഡ് ഡമോക്രസി (എ.എന്‍.എച്ച്.എ.ഡി) പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ വെറുപ്പ് പടര്‍ത്തി നേട്ടമുണ്ടാക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ഉത്തരവാദപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ പലപ്പോഴും മൗനം പാലിക്കുന്നതായാണ് കാണാനാകുന്നത്. പല്ലും നഖവും കൊഴിഞ്ഞ് അധികാരം ഉപേക്ഷിച്ചിരിക്കുകയാണോ എന്ന് ഈയിടെ കമ്മിഷനോടു ചോദിച്ചത് സുപ്രീംകോടതിയായിരുന്നു.
ഭരണ വൈകല്യങ്ങളില്‍ നിന്നും ഗുരുതര സ്വഭാവമുള്ള ജനകീയ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ എളുപ്പമാണെന്നുള്ളതിനാല്‍ ഭരണകേന്ദ്രങ്ങളിലുള്ളവര്‍ വര്‍ഗീയ ധ്രുവീകരണ പ്രയോഗങ്ങളുമായി നേരിട്ടിറങ്ങുന്നത് പതിവു കാഴ്ചയായിരിക്കുന്നു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായകമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുകയാണ്. തീവ്രമായ വര്‍ഗീയ അജണ്ടകള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ണയിച്ചു കൊടുക്കുകയും അതുമായി മുന്നോട്ടു നീങ്ങാനുള്ള ആഹ്വാനങ്ങള്‍ പരസ്യമായി മുഴങ്ങുകയും ചെയ്യുന്നുണ്ട്. ഹിജാബും മതപരിവര്‍ത്തന നിരോധന നിയമവും ഉത്സവപറമ്പുകളില്‍ നിന്നും മുസ്ലിം കച്ചവടക്കാര്‍ക്ക് പ്രവേശാനുമതി നിഷേധിക്കുന്നതും ആഘോഷ വേളകളില്‍ മാംസാഹാരം വിലക്കുന്നതും തുടങ്ങിയവ മാറി മാറി പ്രയോഗിക്കപ്പെടുന്നു. വര്‍ഗീയ മാപിനിയിലെ തിളനില താഴാതെ കൃത്യമായ ഇടവേളകളില്‍ ഇവ അരങ്ങേറ്റുന്നതില്‍ വലിയ നൈപുണ്യം ബന്ധപ്പെട്ടവര്‍ക്കുണ്ട്. കോഴിക്കോട് നടന്ന കലോത്സവത്തില്‍ യക്ഷഗാന കലാകാരന്‍മാര്‍ക്ക് വിളക്ക് കൊളുത്താനായില്ല എന്നൊരു ആരോപണം കേള്‍ക്കുകയുണ്ടായി. ഇതു കേരള രാഷ്ട്രീയത്തെക്കാള്‍ തീരദേശ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു.
രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളായ വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, പട്ടിണി, ഇന്ധന വിലവര്‍ധന, അതിര്‍ത്തി പ്രശ്‌നം തുടങ്ങിയവയെല്ലാം മൂടിവച്ച് ഹിന്ദു-മുസ്ലിം എന്നുരുവിട്ട് ഭിന്നതയുണ്ടാക്കുന്ന പുതിയ കാല മാധ്യമങ്ങളെ ഭാരത് ജോഡോ യാത്രക്കിടയില്‍ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ പിന്‍നിര രാജ്യങ്ങള്‍ക്കൊപ്പമാണുതാനും. സര്‍ക്കാരിനെതിരേ വാര്‍ത്ത നല്‍കിയാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളത്.
വിദ്വേഷ പ്രയോഗങ്ങള്‍ നിറഞ്ഞ പ്രസംഗങ്ങള്‍ എക്കാലത്തും പൊതുസമാധാനത്തിനു ഭീഷണിയാണ്. അല്‍പ്പാല്‍പ്പമായി ഇറ്റിറങ്ങുന്ന നിശബ്ദ വിഷമായി അവ മുക്കിലും മൂലയിലും പരക്കും. കലാപങ്ങള്‍ തൊട്ട് വംശഹത്യകള്‍ക്കു വരെ മുന്നോടിയായി ഹീന പ്രയോഗങ്ങള്‍ അവതരിച്ചിട്ടുണ്ട്. ഹോളോകോസ്റ്റിന് മുന്നോടിയായി ജൂതരെ നാസികള്‍ വിളിച്ചത് വെട്ടുകിളികള്‍ എന്നായിരുന്നു. 1994 ലെ റുവാണ്ടന്‍ വംശഹത്യയുടെ കാലത്ത് ടുട്‌സികളെ, ഹുതു വംശജര്‍ ആക്ഷേപിച്ചത് ചാഴികള്‍ എന്നു വിളിച്ചായിരുന്നു.
ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ബി.ജെ.പി നേതാക്കളായ കപില്‍ മിശ്രക്കും പര്‍വേശ് വര്‍മ്മക്കുമെതിരേ വിദ്വേഷ പ്രസംഗം മുന്‍നിര്‍ത്തി കേസെടുക്കണമെന്ന് ഡല്‍ഹി നിയമസഭ ന്യൂനപക്ഷ ക്ഷേമകാര്യ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് വേളകളിലും ചിരിയോടെയും നടത്തുന്ന പ്രയോഗങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഒരിക്കല്‍ നിരീക്ഷിച്ചിരുന്നു.
എന്നാല്‍ സുപ്രീംകോടതി വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അലംഭാവത്തെ നിശിതമായി വിമര്‍ശിച്ച സുപ്രീംകോടതി നിയമ കമ്മിഷന്റെ 267-ാംമത് റിപ്പോര്‍ട്ട് അനുസരിച്ച് വെറുപ്പ് പടര്‍ത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നിര്‍മാണത്തിനായി സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം പടര്‍ത്തുന്ന ചാനല്‍ അവതാരകര്‍ക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചത് കഴിഞ്ഞദിവസമാണ്.
വര്‍ഗീയത കേരളത്തിലും
താല്‍ക്കാലിക ലാഭങ്ങള്‍ക്കു വേണ്ടിയുള്ള പ്രീണനങ്ങളാണ് പില്‍ക്കാലങ്ങളില്‍ വര്‍ഗീയതക്ക് വലിയ വളമായി മാറിയിട്ടുള്ളത്. കേരളത്തില്‍ വര്‍ഗീയതയെ തടഞ്ഞുനിര്‍ത്തുന്നത് തങ്ങളാണെന്ന വാദം ഇടതുപക്ഷം സ്ഥിരമായി അവകാശപ്പെടാറുണ്ട്. വൈരുദ്ധ്യാത്മകതയില്‍ ഊന്നിയ സാമൂഹിക മുന്നേറ്റവും വര്‍ഗ കാഴ്ച്ചപ്പാടുമാണ് അതിനു കാരണമായി പറയാറുള്ളത്. മൗലികമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്ന കാലത്ത് സി.പി.എമ്മിന്റെ വാദങ്ങളില്‍ ആപേക്ഷികമായ ശരികളുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വിജയ സമവാക്യങ്ങളും അടിസ്ഥാന രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കി മുന്നേറുന്ന പുതിയ ഇടതുരാഷ്ട്രീയം പ്രയോഗങ്ങള്‍ കേരളത്തില്‍ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് കേരളം യു.ഡി.എഫ് ഭരിക്കുന്ന പക്ഷം കുഞ്ഞൂഞ്ഞും കുഞ്ഞു മാണിയും കുഞ്ഞാലിക്കുട്ടിയും കേരളം ഭരിക്കുമെന്ന സി.പി.എമ്മിന്റെ പ്രസ്താവനയില്‍ കൃത്യമായ വര്‍ഗീയതയുണ്ടായിരുന്നു. വിജയം ആവര്‍ത്തിക്കാന്‍ 2021ല്‍ സി.പി.എം മുദ്രാവാക്യം പരിഷ്‌കരിക്കുകയുണ്ടായി. യു.ഡി.എഫ് ജയിച്ചാല്‍ ഹസ്സനും അമീറും കുഞ്ഞാലിക്കുട്ടിയും ഭരിക്കുമെന്നാക്കി. വര്‍ഗീയ മുദ്രാവാക്യം ഇസ്ലാമോഫോബിയ കൂടി മുന്നില്‍ക്കണ്ട് മിനുക്കിയെടുത്ത സി.പി.എം വീണ്ടും ലക്ഷ്യം നേടി.
മതേതര മുഖമായി പ്രചുര പ്രചാരം നേടിയവര്‍ പോലും താല്‍ക്കാലിക നേട്ടത്തിനും തെരഞ്ഞെടുപ്പ് വിജയത്തിനുമായി ഉത്തരേന്ത്യന്‍ വാര്‍പ്പുമാതൃകകള്‍ പകര്‍ത്തി വയ്ക്കുമ്പോള്‍ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം അക്ഷരാര്‍ഥത്തില്‍ പ്രയാണം തുടങ്ങുകയാണ്.
കലോത്സവ വേദികളില്‍ നോണ്‍വെജ് ഭക്ഷണങ്ങളും വിളമ്പണമെന്ന ചില ലിബറലുകളുടെ ആവശ്യം കേരളത്തില്‍ തീര്‍ത്ത ചേരിത്തിരിവുകളില്‍ പാഠങ്ങളുണ്ട്. ആവശ്യമുന്നയിച്ചവരും മതവുമായി ബന്ധമൊന്നുമില്ലെങ്കിലും ഏറ്റുപിടിച്ചവര്‍ വിഷയത്തെ വര്‍ഗീയമാക്കി. ഹലാല്‍ വിളമ്പിയാല്‍ സമരമെന്നും പോര്‍ക്ക് വിളമ്പണമെന്നും ആവശ്യപ്പെടുന്നവര്‍ നടത്തിയത് നിഴല്‍ യുദ്ധമായിരുന്നു.
വെജ്, നോണ്‍വെജ് ഭക്ഷണ വൈവിധ്യത്തെ പോലും കക്ഷി ചേരാതിരുന്നിട്ടും മതവുമായി കൂട്ടിക്കെട്ടുന്നതില്‍ ചിലര്‍ വിജയിച്ചത് നിസ്സാരമായി കാണാന്‍ സാധിക്കില്ല. വര്‍ഗീയതയെ ഉപാധികളും ലാഭേച്ഛയുമില്ലാതെ എതിര്‍ക്കുന്ന രാഷ്ട്രീയത്തെ വരവേല്‍ക്കുക മാത്രമാണ് ഇതിനുള്ള ഒറ്റമൂലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."