ഐ.എസ്.എല്ലിന് പോകവെ അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
മരിച്ചത് മലപ്പുറം സ്വദേശികൾ
സ്വന്തം ലേഖകൻ
ഉദുമ (കാസർകോട്)
ഗോവയിലെ ഫറ്റോർദയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം കാണാൻ മലപ്പുറത്ത് നിന്നു തിരിച്ച രണ്ടു യുവാക്കൾ ഉദുമയിൽ വാഹനാപകടത്തിൽ മരിച്ചു.
ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ അഞ്ചുകണ്ടൻ ഷിബിൽ (20), പള്ളിതൊടി പി.ടി ജംഷീർ (21) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് എഫ്.സി താരം അബ്ദുൽറബീഹിന്റെ പിതാവിന്റെ സഹോദര പുത്രനാണു മരിച്ച ഷിബിൽ.
ഇന്നലെ പുലർച്ചെ 5.30നു കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ ഉദുമ പള്ളത്ത് ഇരുവരും സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. വാൻ ഡ്രൈവർ പൈവളിഗെ കുരുടപദവ് സ്വദേശി ടി. ഷാഫിക്കെതിരേ (30) മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലിസ് കേസെടുത്തു. ശനിയാഴ്ച രാത്രി പതിനൊന്നോടെ ഏഴംഗ സംഘമായാണ് യുവാക്കൾ ഒതുക്കുങ്ങലിൽനിന്നു യാത്ര തിരിച്ചത്.
മരിച്ച ജംഷീറിന്റെ ഇളയ സഹോദരൻ നൗഫൽ, നവാസ്, നിഷാൻ, റഹീസ്, ഷിബിൻ എന്നിവർ കാറിലാണ് സഞ്ചരിച്ചത്. അബ്ദുൽറബീഹാണ് ഏഴുപേർക്കുള്ള ടിക്കറ്റെടുത്തു നൽകിയത്. പുലർച്ചെ കാസർകോട് ഭാഗത്ത് കനത്ത മഴയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരാണ് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.എ.കെ സുബൈറിന്റെയും ജസീനയുടെയും മകനായ ഷിബിൽ ചെറുകുളമ്പ് ഐ.കെ.ടി.എം കോളജ് ബി.കോം വിദ്യാർഥിയാണ്. സഹോദരങ്ങൾ: അഷ്മിൽ, റുമൈസ്, ഫിദ.
പി.ടി കരീമിന്റെയും ജമീലയുടെയും മകനാണു കോയമ്പത്തൂരിൽ ബയോകെമിസ്ട്രി വിദ്യാർഥിയായ ജംഷീർ. സഹോദരങ്ങൾ: നൗഫൽ, നിഹാൽ, ജംഷാദ്, ജുമൈല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."