ആത്മീയോർജത്തിന്റെ പ്രസരണം
ഇസ്മാഈൽ അരിമ്പ്ര
കേരളാ മുസ്ലിംകളുടെ ആത്മീയ പുരോഗതിക്കും വൈജ്ഞാനിക മുന്നേറ്റത്തിനും ചാലകശക്തിയായ പ്രാസ്ഥാനിക നിരയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. കേവലം സംഘടനാ രീതിശാസ്ത്രത്തിന്റെ തലങ്ങളിൽനിന്ന് സമസ്തയെ അതിന്റെ സ്ഥാപക നേതാക്കളും എക്കാലത്തെയും പ്രവർത്തകരും വേറിട്ടു മനസിലാക്കിയതും ഈ ആത്മീയ പ്രസരണത്തിന്റെ വഴിപറഞ്ഞ മാർഗമെന്ന നിലയിലാണ്. അതുകൊണ്ടുതന്നെ, പ്രസ്ഥാനങ്ങളും കൊടികളും തോരണങ്ങളും തീർക്കുന്ന അനുഭൂതിയല്ല സമ്മേളനങ്ങളെന്നതാണ് സമസ്തയുടെ സംഘചരിത്രത്തിലെ നൂറ്റാണ്ടുനീളുന്ന ചരിത്ര പശ്ചാത്തലവും. അത് ആത്മീയ ഊർജത്തിന്റെ പ്രസരണം കൂടിയാണ്. പ്രാർഥനകളുടെ ഇടമാണ്. പഠനങ്ങളുടെയും മനനങ്ങളുടെയും ഒത്തുചേരലാണ്. ആശയ പ്രബോധനത്തിന്റെ മാർഗമായി സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മകൾ കേരളാ മുസ്ലിംകളുടെ പുരോഗതിയിൽ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. കോഴിക്കോട്ട് 2023 ജനുവരി എട്ടിന് നടന്ന ആദർശ സമ്മേളനം കാലത്തോടു ചേർത്തുവച്ച പാരമ്പര്യത്തിന്റെ കണ്ണിതീർക്കുകയായിരുന്നു കടപ്പുറത്ത്.
കേരളത്തിന്റെയും ഇതര സംസ്ഥാനങ്ങളുടെയും വിവിധയിടങ്ങളിൽ നിന്ന് അതിരാവിലെ മുതലേ കൊടിവച്ച വാഹനങ്ങൾ കോഴിക്കോട്ടേക്ക് നീങ്ങിയിരുന്നു. ബസും സ്വകാര്യവാഹനങ്ങളും കടന്നുവന്നു കോഴിക്കോട് കരകവിഞ്ഞ നിമിഷങ്ങൾ... പോയകാലത്തിന്റെ പായ്ക്കപ്പലുകളെ മനസിലേക്ക് ഓർമിപ്പിച്ച് കടലുണ്ടിയിൽനിന്ന് കടലുതാണ്ടിയെത്തിയ പ്രവർത്തകർ... ഉച്ചയ്ക്കു മുമ്പേ നഗരം ജനനിബിഡം. കടൽക്കരയിൽ പകലിന്റെ കാഴ്ച മറയുമ്പോഴേക്കും അറബിക്കടലിനു സമാന്തരമായി മറ്റൊരു ശുഭ്രസാഗരം പരന്നൊഴുകി.
മിമ്പറുകളിൽനിന്ന് തലേ വെള്ളിയാഴ്ച ഇമാമുമാരിൽനിന്ന് ഗ്രഹിച്ച ആ അർഥപാഠങ്ങളുടെ തുടർച്ചയും അതിനുള്ള തേട്ടവുമാണ് മുസ്ലിം കേരളത്തിന് എക്കാലത്തും സമസ്തയുടെ ഓരോ വിളിയാളവും. പ്രാമാണിക നേർരേഖയിലേക്കു ചരടുചേർത്ത് സമസ്ത ചേർത്തുപിടിച്ച ആദർശനൗക കോഴിക്കോട്ടേക്ക് ചലിച്ച നിമിഷമായിരുന്നു ആദർശസമ്മേളനം. നഗരിയിലെത്താനാവാത്തവർ മനസുകൊണ്ട് പാഞ്ഞെത്തി. തത്സമയ സംപ്രേഷണങ്ങളിൽ ലക്ഷക്കണക്കിനു പ്രേക്ഷകർ ചേർന്നിരുന്നു.
സമ്മേളനം പറഞ്ഞുവച്ചത്
ഇസ്ലാമിന്റെ തനതുരൂപമായ തിരുനബി (സ)യുടെ പ്രബോധന മാർഗത്തിലൂടെ വിശ്വാസികൾക്ക് വഴികാണിക്കുകയെന്ന ലക്ഷ്യത്തെയാണ് സമ്മേളനം പ്രതിനിധീകരിച്ചത്. മതപരമായ പ്രാമാണിക നേർരേഖയിലൂടെ ഉത്തമ നൂറ്റാണ്ടിന്റെ പിന്തുടർച്ചയാണ് പണ്ഡിത നേതൃനിരയിലൂടെ സമസ്ത നിർവഹിച്ചുപോരുന്ന ദൗത്യം. ഇവ അരക്കിട്ടുറപ്പിച്ച ഉദ്ബോധനങ്ങളുടെയും നവീനാശയങ്ങളുടെയും വികലവാദഗതികളുടെയും വ്യതിചലനങ്ങളില്ലാതെ സമുദായത്തെ ഐക്യപാതയിൽ നയിക്കാനുള്ള വിളംബരമായിരുന്നു സമ്മേളനം മുന്നോട്ടുവച്ച പ്രമേയങ്ങൾ.
മതതത്വങ്ങളെ വക്രീകരിക്കുന്ന കാലത്ത്, അത്തരം ശ്രമങ്ങൾക്ക് കാരണങ്ങളാവുന്ന ഓരോ പഴുതുകളെയും ജാഗ്രതയോടെ കാണുന്നുവെന്നതാണ് പണ്ഡിതനിര നൽകിയ സാരോപദേശത്തിന്റെ കാതൽ. വഹാബി ചിന്താധാര സമൂഹത്തിലുണ്ടാക്കിയ തെറ്റിദ്ധാരണകൾ, വികല ആശയങ്ങൾ, ചരിത്ര ധ്വംസനങ്ങൾ, പുരോഗമനത്തിന്റെ ബാനറിൽ ലിബറൽ ചിന്തകൾ കടന്നുകൂടുന്ന വിധം, മതനിരാസത്തിന്റെയും യുക്തിവാദത്തിന്റെയും ഒളിയജണ്ടകൾ തുടങ്ങിയവയെ ആശയസംവേദനങ്ങളിലൂടെ പ്രതിരോധിച്ചും തിരുത്തിയും ജാഗ്രതപാലിച്ചും സമുദായ ബോധവൽക്കരണത്തിന്റെ സന്ദേശമായിരുന്നു ആദർശ സമ്മേളനം. സംഘ്പരിവാറിന് പരവതാനി വിരിച്ച മുജാഹിദ് സമ്മേളനത്തോട് കാര്യഗൗരവത്തിന്റെ ഉണർത്തൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭീകരന് മുസ്ലിം വേഷം ചാർത്തിയും മതപണ്ഡിതരുടെ സാരോപദേശങ്ങളെ പരിഹാസ്യമാക്കിയും നടന്ന നടനങ്ങളോടുള്ള താക്കീത്... ഇതെല്ലാമായിരുന്നു സമ്മേളനം. സുന്നത്ത് ജമാഅത്തിന്റെ അടിത്തറയിൽ ഉറച്ചുനിൽക്കാനും അതിന്റെ പ്രചാരകരായ സമസ്തയിൽ നിലകൊള്ളാനും പുത്തനാശയങ്ങളോടുള്ള പ്രതിരോധവും പ്രതിജ്ഞയായി ഏറ്റെടുത്തു സദസ്. തക്ബീർ മുഖരിതമായ അന്തരീക്ഷത്തിൽ എം.ടി അബ്ദുല്ല മുസ്ലിയാരുടെ പ്രതിജ്ഞാ പ്രഖ്യാപനങ്ങൾ കരുത്തുറ്റ സദസിന് പുതിയ ഊർജം പകരുകയായിരുന്നു.
പ്രാമാണിക പാരമ്പര്യം, കേരളാ മുസ്ലിം നവോത്ഥാനം, സമസ്തയുടെ സംഭാവനകൾ എന്നിവയുടെ ചർച്ച, യുക്തിവാദം, ഇസ്ലാമോഫോബിയ, പാരമ്പര്യ വിരുദ്ധത, പുത്തനാശയങ്ങൾ എന്നിവയോട് ആശയ പ്രതിരോധം... കോഴിക്കോട്ടെ സമസ്ത ആദർശ സമ്മേളനത്തിന്റെ ആകത്തുക ഇങ്ങനെ വായിക്കാം. ഗഹനമായ പഠനപ്രഭാഷങ്ങളാൽ സമ്പന്നമായ സമ്മേളനം. പൊതുസമ്മേളനങ്ങളുടെ മികച്ച രീതിയിലാണ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സംവിധാനിച്ചത്.
പ്രധാന പ്രഭാഷണങ്ങളുടെ
സംഗ്രഹം ഇങ്ങനെ വായിക്കാം.
ഹാബത്തിനെ അംഗീകരിച്ചവരാണ് സുന്നികൾ. പൂർവികരെ മാകൃകാപുരുഷൻമാരായി സ്വീകരിക്കുന്നവരാണ് നാം. വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും പൂർവിക മാർഗത്തിലാണ് മനസിലാക്കേണ്ടത്. അറബിഭാഷ മനസിലാക്കുകയെന്നതിന്റെ അടിസ്ഥാനത്തിൽ പ്രമാണങ്ങൾ മനസിലാക്കാനാവില്ല. നബി(സ) വിവരിച്ചതും വിവരിച്ചു നൽകാൻ നിർദേശിച്ച മാർഗത്തിലും അതിന്റെ അടിസ്ഥാന തത്വങ്ങളും അനുസരിച്ചാണ് അതു മനസിലാക്കിയെടുക്കേണ്ടത്.
സ്വഹാബികളെ അനാദരിക്കുന്ന നിലപാടാണ് മുജാഹിദ് വിഭാഗം സ്വീകരിച്ചത്. ഇത്തരത്തിൽ ചിത്രീകരിച്ച നിലപാട് ഇവരുടെ രചനകളിലുണ്ട്. നവോത്ഥാനം ഉണ്ടാക്കിയത് ഞങ്ങളാണെന്നാണ് പുത്തനാശയക്കാർ അവകാശപ്പെടുന്നത്. എന്നാൽ സമുദായത്തിന് പ്രശ്നമുണ്ടായാൽ നവോത്ഥാന പ്രസ്ഥാനം എവിടെയാണ് പോകുന്നത്? യുക്തിക്ക് യോജിക്കാത്തത് തള്ളപ്പെടുകയെന്ന വാദം ശരിയല്ല. യുക്തിയോട് യോജിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. അതിനു പിന്നാലെ പോവേണ്ടതില്ല. അതല്ല വിശ്വാസത്തിന്റെ അടിസ്ഥാനം. നബി (സ) പറഞ്ഞ മാർഗം പൂർണമായി സ്വീകരിക്കുക. അതാണ് അഹ്ലുസുന്നത്തി വൽ ജമാഅയുടെ മാർഗം. അതാണ് സമസ്തയുടെ മാർഗം.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
രുംകാലത്തേക്കുള്ള മുന്നൊരുക്കമാണ് ഈ സമ്മേളനം. മുസ്ലിം സമുദായത്തിന്റെ ധൈഷണിക വ്യക്തിത്വത്തിന് വഴികാട്ടിയ സമസ്ത നൂറാം വാർഷികം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. സമൂഹത്തെ മതപരമായ വിദ്യാഭ്യാസത്തിലൂടെ ദൗത്യനിർവഹണം ആരംഭിച്ച് മദ്റസാ പ്രസ്ഥാനത്തിലൂടെ തുടങ്ങി സമന്വയ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയാണ് സമസ്ത ഇന്ന് സമുദായത്തിന് വെളിച്ചമേകുന്നത്. സമസ്തയുടെ നേതാക്കൾ അവർ അഭിസംബോധന ചെയ്യേണ്ട സമൂഹത്തോട് അവർക്കു മനസിലാവുന്ന ശൈലിയിൽ പ്രബോധനം എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ബഹുസ്വര സമൂഹത്തിൽ ഇന്ത്യയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണം. മതേതരത്വത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നതാണ് ഇന്ത്യയ്ക്കു വേണ്ടിയും ന്യൂനപക്ഷ മുസ് ലിം സമുദായത്തിന് ചെയ്യാനുള്ളത്. കേരളത്തിൽ അത് സമസ്തയിലൂടെയാണ് സാധ്യമാകുന്നത്. ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ്, ചെറുശ്ശേരി ഉസ്താദ്, പൂക്കോയ തങ്ങൾ, ഉമറലി തങ്ങൾ, ബാഫഖി തങ്ങൾ തുടങ്ങി ഉലമാക്കളും ഉമറാക്കളും യോജിച്ചു നിന്നാണ് കേരളത്തിൽ എതിരുകളില്ലാതെ ഇത്തരം കാര്യങ്ങളിൽ മുന്നോട്ടുപോകാൻ സാധിച്ചത്.
മുസ്ലിം ലീഗ് ഉലമാക്കളോടൊപ്പം ചേർന്നുനിന്ന പ്രസ്ഥാനമാണ്. ഉലമാക്കളും ഉമറാക്കളും ചേർന്നു നിന്ന് കാണിച്ച ജാഗ്രതയാണ് മുസ്ലിം സമൂഹത്തിന് ഇസ്സത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കിയത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ൻഗാമികളുടെ വഴിയെ സഞ്ചരിച്ച് മുന്നോട്ടുപോകാൻ സമുദായവും പണ്ഡിതൻമാരും തയാറാവണം. കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും തെളിച്ച മാർഗത്തിൽ സമുദായത്തെ നയിക്കാൻ സമസ്തയുടെ പണ്ഡിതൻമാർക്കു സാധിക്കണം. സമുദായം ലോകാടിസ്ഥാനത്തിൽ നേരിടുന്ന പ്രതിസന്ധികൾക്കു പോലും ശംസുൽ ഉലമയും കണ്ണിയത്തും സമസ്തയുടെ പണ്ഡിതൻമാരും അതിന് വഴികൾ നിർദേശിച്ചു നൽകിയിട്ടുണ്ട്. കേരളത്തിന്റെ ശരിയായ ദിശ നിർണയിച്ചതും ശംസുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതൻമാരാണ്. ഏത് വഴിയിലൂടെ നടക്കാനാണോ അവർ പറഞ്ഞത് അതേ നിരയിൽ മാത്രം സമുദായത്തെ നടത്തിക്കൊണ്ടുപോവണം. അവർ പാടില്ലെന്നു പറഞ്ഞ മാർഗമാണെങ്കിൽ പാടില്ലാത്തത് തന്നെയാണ്. അതേ മാർഗം സ്വീകരിച്ച് നാം മുന്നോട്ടു പോകണം. അത് പറയാനും കേൾക്കാനും ധരിപ്പിക്കാനുമാണ് ഈ ലക്ഷങ്ങൾ ഒരുമിച്ചുകൂടിയത്. അതിനു ഉണർന്നു പ്രവർത്തിക്കുകയാണ് എല്ലാവരും.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ
രളത്തിന്റെ മതസൗഹാർദം പരിരക്ഷിച്ചതിൽ മികച്ച പങ്കുവഹിക്കാൻ സമസ്തയ്ക്കു സാധിച്ചു. കേരളീയരുടെ ആത്മാഭിമാനമായ പ്രസ്ഥാനത്തോട് ചേർന്നു നിൽക്കുമ്പോഴേ എല്ലാം പൂർണമാവുകയുള്ളൂ. കേരള മുസ്ലിംകളുടെ ഇസ്ലാമികവും ആത്മീയവുമായ അടിത്തറ പാകിയ പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അടിയുറച്ചു നിൽക്കുക. സമസ്തയുടെ പിറവി മുതൽ പാണക്കാട് കുടുംബം സമസ്തയോട് ചേർന്നുനിന്നാണ് പ്രവർത്തിച്ചത്. പാണക്കാട്ടെ കുടുംബാംഗങ്ങൾ സമസ്തയുടെ പല സംഘടനകളുടെയും ഭാഗമാണ്. എന്നാൽ ആ സംഘടനകളും സ്ഥാനങ്ങളും സമസ്തയുടേത് മാത്രമാകുമ്പോൾ മാത്രമാണ് അതു പൂർണമാവുകയുള്ളൂ.
അബ്ബാസലി ശിഹാബ് തങ്ങൾ
ർവസൂരികളായ മഹാൻമാരായ സ്വഹാബികളെയും മുൻഗാമികളെയുമെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട്, പ്രമാണങ്ങളെ വളച്ചൊടിച്ചും ഭിന്നിപ്പുമായി കടന്നുവന്ന പുത്തനാശയങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയാണ് വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ സമസ്തയെന്ന ആദർശ പ്രസ്ഥാനം രൂപീകരിച്ചത്. സാദാത്തുക്കളും ആരിഫീങ്ങളായ പണ്ഡിതൻമാരും ഈ പ്രസ്ഥാനത്തോടൊപ്പം നിലകൊണ്ടു. അല്ലാഹുവിന്റെ അനുഗ്രഹം ഈ പ്രസ്ഥാനത്തിനുണ്ടായി. ഒരു നൂറ്റാണ്ടോടടുക്കുമ്പോൾ കേരളത്തിന്റെ അജയ്യമായ പ്രസ്ഥാനമായി സമസ്ത മാറി. സ്ഥാപിത ലക്ഷ്യത്തിൽ നിലകൊണ്ട് യാഥാർഥ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ മാർഗമാണ് മനസിലാക്കി കൊടുക്കുന്നത്. ഈ മാർഗത്തിൽ അടിയുറച്ച് നിൽക്കണം.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
റുപ്പം മുതലേ ബാപ്പയുടെ കൈപിടിച്ച് സമസ്തയുടെ വേദികളിൽ പോയിട്ടുണ്ട്. അത് ഇന്നും തുടരുന്നു. ഇനിയും തുടരും. സമസ്ത നബി(സ)യുടെ ജീവിതചര്യയും സ്വഹാബത്തിന്റെയും താബിഉകളുടെയും പാത പിൻപറ്റിയും ഖിയാമത്ത് നാൾ വരെ നിലനിൽക്കുന്ന പ്രസ്ഥാനമാണ്. ആളെക്കൂട്ടുക എന്നതല്ല സമസ്തയുടെ ലക്ഷ്യം. സമൂഹത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് സമസ്ത ശ്രമിക്കുന്നത്. ആത്മീയതയുടെ ലോകത്തേക്കുള്ള പാത ജനങ്ങളെ പ്രാപ്തരാക്കാൻ വിവിധ തലങ്ങളിൽ സമസ്ത ഇടപെടുന്നുണ്ട്. വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് അത്ഭുതം സൃഷ്ടിച്ചാണ് ഈ പ്രസ്ഥാനം മുന്നോട്ടു പ്രയാണം തുടരുന്നത്. എൻജിനീയിറിങ് കോളജും സമന്വയ വിദ്യാഭ്യാസവും വലിയ വിപ്ലവം സൃഷ്ടിച്ച് മുന്നോട്ടുപോവുകയാണ്. കേരളത്തിനകത്തും പുറത്തും നവോഥാനത്തിന്റെയും ആത്മീയതയുടെയും വിദ്യാഭ്യാസത്തിന്റെയും വിപ്ലവ മാതൃകകൾ തീർക്കുന്ന സമസ്തക്ക് കീഴിൽ അണിനിരക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
മുനവ്വറലി ശിഹാബ് തങ്ങൾ
ഥാർഥ ഇസ്ലാമിനെ നിലനിർത്താൻ വേണ്ടിയാണ് സമസ്ത നിലകൊള്ളുന്നത്. പുത്തൻവാദികൾ ഇന്നുണ്ടായതല്ല. കാലങ്ങൾക്കു മുമ്പെ ഉടലെടുത്ത ഒരു സമൂഹത്തിന്റെ പിന്തുടർച്ചയാണത്. സമൂഹത്തെ വഴിതിരിച്ചു വിടാനാണ് അന്നുമുതലേ ഇത്തരം പ്രസ്ഥാനങ്ങൾ നിലകൊണ്ടത്. അത് ഇപ്പോഴും തുടർന്നു വരികയാണ്. ഇത്തരം പ്രസ്ഥാനങ്ങളെ എതിർത്ത് ശക്തമായ പ്രതിരോധം തീർക്കാനാണ് സമസ്ത രൂപീകരിച്ചത്. സമസ്ത കേരളക്കാർക്ക് മാത്രമായുള്ള സംഘടനയല്ല. കേരളം അതിന്റെ ഉത്ഭവമായതുകൊണ്ട് മാത്രമാണ് കേരളം എന്ന പേരുവന്നത്. ലോകം മുഴുവനുള്ള മുസ്ലിം ജനവിഭാഗത്തിന് ദിശാബോധം പകർന്ന് നല്ല പാതയിലൂടെ നയിക്കാനാണ് സമസ്ത നിലകൊള്ളുന്നത്.
എം.ടി അബ്ദുല്ല മുസ്ലിയാർ
നുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം നേർമാർഗത്തിലാവുക എന്നതാണെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവിനോട് നമ്മുടെ പ്രധാന പ്രാർഥന നേർമാർഗത്തിലാക്കുന്നതിന് വേണ്ടിയാണ്. അതാണ് നമ്മുടെ ലക്ഷ്യം. ഈ സത്യസരണി പ്രവാചകരിലൂടെയാണ് നമുക്ക് നൽകിയത്. ഞാനും എന്റെ അനുചരൻമാരുമുള്ള മാർഗമെന്ന് അഹ്ലുസുന്നയുടെ സത്യസരണിയെ കുറിച്ചു നബി (സ) പഠിപ്പിച്ചത്. ഇത് ഇസ്ലാമിന്റെ നേർ പകർപ്പാണ്. ഇത് നിലനിൽക്കണമെന്നാണ് സമസ്ത പറയുന്നത്. സച്ചരിതരായ മുൻഗാമികളുടെ മാർഗമാണത്. മദ്ഹബിന്റെ ഇമാമുമാരും ആരിഫീങ്ങളും ഔലിയാക്കളുമുൾപ്പടെയുള്ള പിന്തുണ പുത്തനാശയങ്ങൾക്കില്ല. ഇതില്ലാതെ എന്തു നവോത്ഥാനമാണ് പുത്തനാശയക്കാർ അവകാശപ്പെടുന്നത്. സുന്നത്ത് ജമാഅത്തിന്റെ പാതയിൽ അടിയുറച്ച് നിൽക്കുക. സമസ്തക്ക് ശക്തിപകരുക.
പി.പി ഉമർ മുസ്ലിയാർ കൊയ്യോട്
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."