നേപ്പാള്‍ വിമാന ദുരന്തം: മരണം 67, മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. കാഠ്മണ്ഡുവില്‍നിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് ഈസമയം വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം ആറു കുട്ടികളും വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 15 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് ഇന്ത്യക്കാരും നാലു റഷ്യക്കാരും രണ്ട് കൊറിയക്കാരും അര്‍ജന്റീന, അയര്‍ലന്‍ഡ്, ആസ്ത്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര് നേപ്പാളികളാണ്.
പൊഖാറ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിനും ആഭ്യന്തര വിമാനത്താവളത്തിനും ഇടയില്‍ പ്രാദേശിക സമയം രാവിലെ 11ഓടെയാണ് വിമാനം തകര്‍ന്നുവീണത്. മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഇരുവിമാനത്താവളങ്ങള്‍ക്കും ഇടയിലുള്ള ദൂരം. വിമാനം പൂര്‍ണമായി കത്തിനശിച്ചു. അതുകൊണ്ടുതന്നെ ആരെങ്കിലും രക്ഷപ്പെടാനുള്ള സാധ്യതയും കുറവാണ്.
യതി എയര്‍ലൈന്‍സിന്റെ ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാളിലെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാന കമ്പനിയാണ് യതി. കാഠ്മണ്ഡുവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് പൊഖാറ വിമാനത്താവളം. ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. വിമാനത്താവളത്തിനു സമീപം വലിയ ഗര്‍ത്തത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പൊഖാറ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."