കൈവിട്ടു പോയ സീറ്റ് തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും നിലനിര്‍ത്താന്‍ എല്‍.ഡി.എഫും; തന്ത്രങ്ങളുടെ വല നെയ്ത് താനൂര്‍
മലപ്പുറം: താനൂരിന്റെ കടലില്‍ നിന്ന് ഉയരുന്ന ചൂടുകാറ്റിനൊപ്പം കരയിലും തെരഞ്ഞെടുപ്പിന്റെ അവേശത്തിരയിളക്കമാണ്. കൈവിട്ടു പോയ സീറ്റ് തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും നിലനിര്‍ത്താന്‍ എല്‍.ഡി.എഫും. അവകാശവാദങ്ങളും ആരോപണങ്ങളും ആവോളം നിറച്ച് വലയെറിയുന്ന മുന്നണികള്‍ താനൂരിന്റെ കടലോരത്ത് നെയ്യുന്നത് വിജയത്തിനുള്ള തന്ത്രങ്ങളാണ്.
മുസ്‌ലിംലീഗ് മഹാരഥന്മാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.അഹമ്മദ്, പി.സീതിഹാജി അടക്കമുള്ളവര്‍ അനായാസം വിജയിച്ചു കയറിയ താനൂര്‍ മണ്ഡലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ലീഗിന് കൈവിട്ടുപോയത്. കോണ്‍ഗ്രസ് വിമതന്‍ വി.അബ്ദുറഹിമാന്‍ സ്വതന്ത്ര വേഷത്തില്‍ എല്‍.ഡി.എഫ് സഹായത്തോടെയാണ് 4918 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് പിടിച്ചടക്കിയത്. 2006-ല്‍ കുറ്റിപ്പുറം, തിരൂര്‍, മങ്കട മണ്ഡലങ്ങളില്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.എം.കെ മുനീര്‍ എന്നിവരടങ്ങിയ വമ്പന്മാര്‍ കടപുഴകിയപ്പോഴും താനൂര്‍ ലീഗിനൊപ്പം നിന്ന ചരിത്രമായിരുന്നു. എന്നാല്‍ കൃത്യം പത്ത് വര്‍ഷത്തിന് ശേഷം 2016-ല്‍ ഹാട്രിക് വിജയം തേടിയിറങ്ങിയ മുസ്‌ലിലീഗിന്റെ അബ്ദുറഹിമാന്‍ രണ്ടത്താണിക്ക് വി.അബ്ദുറഹിമാന് മുന്നില്‍ അടിപതറി.
സീറ്റ് നിലനിര്‍ത്താന്‍ സ്വതന്ത്ര വേഷത്തില്‍ ഇത്തവണയും വി.അബ്ദുറഹിമാനെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കിയത്. കൈവിട്ടുപോയ താനൂര്‍ പിടിക്കാന്‍ യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസിനെയാണ് യു.ഡി.എഫ് കളത്തിലിറക്കുന്നത്.
ബി.ജെ.പിക്ക് വേണ്ടി കെ.നാരായണന്‍ മാസ്റ്റര്‍ അടക്കം താനൂരില്‍ സ്ഥാനാര്‍ഥികള്‍ ഇന്ന് പത്താണ്. ഇതില്‍ പി.കെ ഫിറോസിനും അബ്ദുറഹിമാനുമുണ്ട് രണ്ട് വീതം അപരന്മാര്‍.
പി.കെ ഫിറോസിന്റെ വരവോടെയാണ് താനൂരില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചത്. താനൂര്‍ നഗരസഭ, നിറമരുതൂര്‍, താനാളൂര്‍, ഒഴൂര്‍, പൊന്മുണ്ടം, ചെറിയ മുണ്ടം പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് താനൂര്‍ മണ്ഡലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."