ഭാരത് ജോഡോ യാത്രയുണ്ടാക്കിയ ഓളം മറികടക്കാൻ ഡൽഹിയിൽ ഇന്ന് മോദിയുടെ റോഡ്‌ഷോ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഡൽഹിയെ ഇളക്കിമറിച്ച് കടന്നുപോയതിന് പിന്നാലെ ഡൽഹിയിൽ ഇന്ന് മോദിയുടെ റോഡ്‌ഷോ. ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കുന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതിയോടനുബന്ധിച്ചാണ് റോഡ്‌ഷോ. ഒരു കിലോമീറ്റർ ദൂരമായിരിക്കും മോദി റോഡ്‌ഷോയുടെ ഭാഗമാകുക. റോഡ്‌ഷോയോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ട്രാഫിക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
റോഡ് ഷോയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിക്കുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു.
ഡൽഹി എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിലാണ് ബി.ജെ.പി യോഗം നടക്കുക. 2024 ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. ബി.ജെ.പി ദേശീയ അധ്യക്ഷ പദവിയിൽ ജെ.പി നഡ്ഡയ്ക്ക് കാലാവധി നീട്ടി നൽകണോ എന്നതിലും യോഗം തീരുമാനമെടുത്തേക്കും. ഈ വർഷം വിവിധ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും നഡ്ഡയ്ക്ക് കാലാവധി നീട്ടിനൽകാനുമായിരിക്കും സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."