സാവിക്ക് കീഴിൽ ആദ്യ കിരീടം ചൂടി ബാഴ്‌സ; സൂപ്പർ കപ്പ് ഫൈനലിൽ റയലിനെ തകർത്തത് ഒന്നിനെതിരേ മൂന്നുഗോളുകൾക്ക്
റിയാദ്: ബാഴ്‌സലോണയുടെ കിരീടദാഹം തീർത്ത് അടുത്തിടെ ചുമതലയേറ്റ പരിശീലകൻ സാവി ഹെർണാണ്ടസ്. റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ ഒന്നിനെതിരേ മൂന്നുഗോളുകൾക്ക് ചിരവൈരികളായ റയൽ മാഡ്രിഡിനെ തകർത്താണ് ബാഴ്‌സ കിരീടദാഹം തീർത്തത്. ഇതോടെ 2023 ലെ ആദ്യ എൽ ക്ലാസിക്കോയിൽ ജയം നേടാനും ബാഴ്‌സലോണയ്ക്കായി.
14ാം തവണയാണ് ബാഴ്‌സലോണ സൂപ്പർ കപ്പ് നേടുന്നത്. 2018ന് ശേഷം ആദ്യമായാണ് ബാഴ്‌സ സൂപ്പർ കപ്പ് കിരീടത്തിൽ മുത്തമിടുന്നത്. ഗാവി, ലെവൻഡോവ്‌സ്‌കി, പെഡ്രി എന്നിവർ ബാഴ്‌സയ്ക്കായി ലക്ഷ്യംകണ്ടപ്പോൾ കരീം ബെൻസേമയുടെ വകയായിരുന്നു റയലിന്റെ ആശ്വാസഗോൾ.
നിറഞ്ഞുകളിച്ച ബാഴ്‌സ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. 33ാം മിനിറ്റിൽ ഗാവിയാണ് ബാഴ്‌സയുടെ ഗോൾവേട്ടയ്ക്ക് തുടക്കം കുറിച്ചത്. 45ാം മിനിറ്റിൽ സൂപ്പർ താരം ലെവൻഡോവ്‌സ്‌കി ബാഴ്‌സയുടെ രണ്ടാമത്തെ ഗോളും നേടി. ഇടത് വിംഗിൽ നിന്ന് ഗാവി നൽകിയ ക്രോസ് ലെവൻ ഈസിയായി വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി 14 മിനിറ്റ് പിന്നിട്ടപ്പോൾ ബാഴ്‌സയുടെ മൂന്നാം ഗോളുമെത്തി. റയലിനെ ഞെട്ടിച്ച് പെഡ്രിയാണ് ബാഴ്‌സയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. റയലിന് വേണ്ടി അധികസമയത്താണ് കരീം ബെൻസേമ ഗോൾ നേടിയത്. ആദ്യ ശ്രമം ബാഴ്‌സ ഗോൾകീപ്പർ ടെൻ സ്റ്റീഗൻ രക്ഷപ്പെടുത്തിയെങ്കിലും റീ ബൗണ്ട് ആയി വന്ന പന്ത് ബെൻസേമ വലയിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."