തകര്‍ക്കരുത് കേരളത്തിന്റെ ഖജനാവ്
ഖത്തറിലെ ഗവണ്‍മെന്റ് പ്രിന്റിംഗ് പ്രസിലെ ഗ്രാഫിക് ഡിസൈനറാണ് മഞ്ചേരിയിലെ കുട്ടശ്ശേരി അബ്ദുല്‍ ഗഫൂര്‍. കുടുംബത്തോടൊപ്പം ആഹ്ലാദകരമായ ജീവിതം നയിക്കുന്നതിനിടയില്‍ കഴിഞ്ഞ മെയ് മാസത്തിലാണു കമ്പനിയില്‍നിന്ന് ഒരു കത്ത് ലഭിക്കുന്നത്.
എണ്ണവിലയുടെ പ്രതിസന്ധികാരണം കമ്പനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് ഗ്രാന്‍ഡ് പകുതിയായി കുറച്ചിരിക്കുന്നുവെന്നായിരുന്നു കത്തില്‍. അതുകൊണ്ട് നിലനില്‍പ്പിനായി പിരിച്ചുവിടലിലേയ്ക്കു കമ്പനിയും നീങ്ങുന്നു. ഒടുവില്‍ ഗഫൂറിനെതേടിയും എത്തി മടക്കയാത്രക്കുള്ള ടിക്കറ്റ്.
മാനേജരുടെ കാലുപിടിച്ചുനോക്കി. ഒന്നും നടന്നില്ല. പുറത്തു ജോലി അന്വേഷിച്ചു. ശമ്പളം തീരെ കുറവ്. കുടുംബത്തെ നാട്ടിലേയ്ക്കു കയറ്റിയയക്കുകയെന്ന പോംവഴിയേ മുന്നിലുള്ളൂ. ഗഫൂര്‍ അവിടെത്തന്നെ നിന്നു. മൂന്നുമാസത്തിനുശേഷം കമ്പനിയില്‍ മാനേജര്‍ മാറി.
നാലുപേരെ തിരിച്ചെടുത്തു. അതില്‍ ഗഫൂറുമുണ്ടായിരുന്നു. എന്നാല്‍, ഒരു നിബന്ധനയുണ്ടായിരുന്നു. അതുവരെ ജോലി ചെയ്തിരുന്നതിന്റെ പകുതി ശമ്പളമേ ലഭിക്കൂ. ഗത്യന്തരമില്ലാതെയാണ് അയാള്‍ അവിടെ തുടരുന്നത്. എത്രകാലം ജോലിയും ശമ്പളവുമുണ്ടാകുമെന്നതിന് ഒരുറപ്പുമില്ല. എപ്പോഴും മറ്റൊരു തീരുമാനത്തെ പ്രതീക്ഷിച്ചിരിക്കുകയാണിദ്ദേഹം.
സഊദിയും യമനും തമ്മിലുണ്ടായ യുദ്ധത്തിന്റെ കെടുതി നേരിട്ടത് അതിര്‍ത്തിപ്രദേശമായ അബഹയിലാണ്. ഇവിടെയുള്ള പല കമ്പനികളും യുദ്ധഭീതി കാരണം പൂട്ടി. ജിദ്ദയിലേയ്‌ക്കോ റിയാദിലേയ്‌ക്കോ മാറ്റുകയാണെന്നായിരുന്നു കമ്പനി അധികൃതര്‍ നല്‍കിയ വിവരം. പിരിഞ്ഞുപോകേണ്ടവര്‍ക്കു പോകാമെന്നും അല്ലാത്തവര്‍ക്കു പകുതിശമ്പളത്തില്‍ തുടരാമെന്നും അറിയിച്ചു. അതോടെ നൂറുകണക്കിനു മലയാളികളാണ് കുടുങ്ങിയത്. പലരും നാട്ടിലേയ്ക്കു കെട്ടുകെട്ടി. ചിലര്‍ അവിടെത്തന്നെ തുടരുന്നു. എന്നാല്‍, കമ്പനി പൂട്ടുകയോ മാറ്റുകയോ ചെയ്തിട്ടില്ലെന്നും തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ കമ്പനിയധികൃതര്‍ കാണിച്ച തന്ത്രമായിരുന്നുവെന്നുമാണു കമ്പനിയില്‍നിന്നു പിരിഞ്ഞുപോന്ന കോട്ടക്കലിലെ ആസിഫലി പറയുന്നത്. പലരും പകുതി ശമ്പളത്തിന് അവിടെ ജോലിചെയ്യുന്നുണ്ടെന്നും അയാള്‍ പറയുന്നു.
ഇതുതന്നെയാണു മടക്കയാത്രയ്‌ക്കൊരുങ്ങുന്ന പലരുടെയും ബേജാറ്. മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നു. വിമാനക്കൂലി സൗജന്യമായി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുന്നു. എന്നിട്ടും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണു പലരെയും അവിടെത്തന്നെ കെട്ടിയിടുന്നത്. മാസങ്ങളുടെ സേവനവേതനകുടിശ്ശിക ലഭിക്കണം. മറ്റാനുകൂല്യങ്ങള്‍ കിട്ടണം. കുറിയിലും ചിട്ടിയിലും ചേര്‍ന്നതിന്റെ ചെറിയസമ്പാദ്യങ്ങള്‍ വേറെ. ഇതൊക്കെ ലഭിക്കാതെ എങ്ങനെ തിരിച്ചുമടങ്ങും.
നാട്ടില്‍ചെന്നാല്‍ എന്തുപണി ചെയ്യും വീട്ടുകാര്‍ക്കൊരു ബാധ്യതയാകരുതല്ലോ. ഇത്തരം ചിന്തകളാണു മടക്കയാത്രക്കാരെ വലയ്ക്കുന്നത്. സഊദിയിലെ ഓജര്‍ കമ്പനിയില്‍ മാത്രമല്ല, ദമാമിലെല്ലാമുള്ള പ്രമുഖ നിര്‍മാണക്കമ്പനികളില്‍ പലതിലും എട്ടുമാസത്തെവരെ ശമ്പളം മുടങ്ങിയിട്ടുണ്ട്. എഴുനൂറോളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നു. അവരില്‍ പലരുടെയും താമസരേഖകള്‍ പുതുക്കി നല്‍കിയിട്ടുമില്ല. ബിന്‍ലാദന്‍ കമ്പനി നേരത്തേതന്നെ തൊഴിലാളികളെ പിരിച്ചുവിട്ടു പ്രതിസന്ധിയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. മക്കയില്‍ കഴിഞ്ഞ ഹജ്ജ് കാലത്തുണ്ടായ ക്രെയിന്‍ ദുരന്തത്തിനു കാരണക്കാരായതോടെ അതിന്റെ ആഴവും പരപ്പും കൂടി. 107 പേരാണു സംഭവത്തില്‍ മരിച്ചത്. 300 കോടിയുടെ കടത്തിലേയ്ക്കു കമ്പനി കൂപ്പുകുത്തി. ഇതിനെത്തുടര്‍ന്നു കമ്പനിയെ നിരവധി കരാറുകളില്‍നിന്നു സര്‍ക്കാര്‍ ഒഴിവാക്കി.
സഊദി കരാറുകളില്‍ 75 ശതമാനവും ഇവരുടെ പക്കലായിരുന്നു. ഒന്നരലക്ഷത്തിലേറെ ജീവനക്കാരില്‍ 77,000 പേരെയും പിരിച്ചുവിട്ടു. അവരുടെ ലൈസന്‍സ് വീണ്ടും പുനഃസ്ഥാപിച്ചിരിക്കുന്നു. സഊദിയിലെ ബ്രിട്ടീഷ് ബാങ്ക് 250 കോടി ഡോളര്‍ വായ്പയും അനുവദിച്ചു. ഇപ്പോള്‍ പുതിയ കരാര്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ടെന്നാണ് അറബ് പത്രങ്ങള്‍ പറയുന്നത്.
ഈ കമ്പനിയില്‍ ജോലിചെയ്യുന്ന ആയിരങ്ങളെക്കുറിച്ചു ചിന്തിക്കാതെയായിരുന്നു അധികൃതര്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഇതുമൂലം ദുരിതത്തിലായതു ലക്ഷക്കണക്കിനായ തൊഴിലാളികള്‍ മാത്രമല്ല ഈ കമ്പനിയെ ആശ്രയിക്കുന്ന ചില ചെറുകിട കമ്പനികള്‍ കൂടിയായിരുന്നു. ബിന്‍ലാദന്‍ കമ്പനിയിലേയ്ക്കു ഭക്ഷണം വിതരണംചെയ്യുന്ന ജിദ്ദയിലെ കമ്പനിയിലെ ഒരു ജീവനക്കാരനാണു മലപ്പുറത്തെ സി.ടി അബ്ദുല്ല. ഈ കമ്പനിയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ധാരാളം മലയാളികളുമുണ്ട്. ഇവര്‍ക്കെല്ലാം ശമ്പളം ലഭിച്ചിട്ടു മാസങ്ങളായി.
ഈ പ്രതിസന്ധി തുടങ്ങിയിട്ടു പത്തുമാസമെങ്കിലുമായി. ഇടയ്ക്കു കുറച്ചു തുക കൊടുക്കും. സഊദി അധികൃതര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നേരത്തേ നല്‍കിയിരുന്നുവെങ്കില്‍ ഈ പ്രതിസന്ധിയുണ്ടാകുമായിരുന്നില്ലെന്നാണ് അബ്ദുല്ലയുടെ പക്ഷം. അധികൃതര്‍ പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ വൈകിയെന്ന അഭിപ്രായവും ഇദ്ദേഹത്തിനുണ്ട്. പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 117 കോടി റിയാല്‍ അനുവദിക്കാനാണു തൊഴില്‍,സാമൂഹികവികസന മന്ത്രാലയത്തിനു സല്‍മാന്‍രാജാവു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ പ്രഖ്യാപനം നേരത്തേ ആയിരുന്നുവെങ്കില്‍ പ്രശ്‌നങ്ങളുടെ ആഴം ഇത്ര വലുതാകില്ലായിരുന്നുവെന്നാണു വിലയിരുത്തപ്പെടുന്നത്.
അതേസമയം, ബിന്‍ലാദന്‍ കമ്പനികളില്‍ ജോലിചെയ്യുന്നവരെ ചൂട്ടുകെട്ടി തിരയാനും കണ്ടുകിട്ടുന്നവരെ ദാക്ഷിണ്യമില്ലാതെ പിടിച്ചു ജയിലില്‍ തള്ളാനും നേരത്തേതന്നെ സഊദി അധികൃതര്‍ നീക്കമാരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലുള്ള മുഹമ്മദ് ശാഹിദ് അത്തരത്തിലുള്ള അനേകം ഇരകളിലൊരാളാണ്. പത്തു വര്‍ഷമായി ബിന്‍ലാദന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായ ഇയാള്‍ പകല്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു. ഈ സമയത്തായിരുന്നു മക്ത്തബുല്‍ അമലിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ കെണിയില്‍പ്പെടുന്നത്. ഹജ്ജ് സീസണായതിനാല്‍ ഇയാള്‍ ഹജ്ജിനുപോയതാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അവര്‍ കാണിച്ചിടത്തൊക്കെ ഒപ്പിട്ടു. നാലുമാസം മക്കത്തിനടുത്ത സുമേഷി ജയിലില്‍ കഴിയേണ്ടിവന്നു. ഒടുവില്‍ ഇനി സഊദി അറേബ്യയില്‍ കാലുകുത്താനാകാത്തവിധം വിരലിന്റെയും കണ്ണിന്റെയുമെല്ലാം പ്രിന്റെടുത്താണു നാട്ടിലേയ്ക്കു കയറ്റിയയച്ചത്. മഹാരാഷ്ട്രയിലെ കുത്തുബ്ദ്ദീന്‍, യു.പി മുര്‍ഷിദാബാദിലെ മുഈനുദ്ദീന്‍ ഇവരെല്ലാവരും ഇതേരൂപത്തില്‍ ജയിലിലടക്കപ്പെട്ട ഇതേ കമ്പനിയിലെ ജീവനക്കാരായിരുന്നു. ഇതെല്ലാം സ്വദേശിവത്കരണത്തിന്റെ മുന്നോടിയായി അധികൃതര്‍ കാണിച്ച തിടുക്കങ്ങളായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പ്രവാസികളുടെ മടക്കമെന്നത് ഇനി അധികമകലത്തല്ലെന്ന തിരിച്ചറിവുതന്നെയാണു വേണ്ടത്. അതിന് എന്തൊക്കെ ചെയ്യാനാകും അതെക്കുറിച്ച് നാളെ.
(തുടരും)
കുടിയേറ്റക്കാര്‍
ഗള്‍ഫ്‌രാജ്യങ്ങളില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ളതു യു.എ.ഇയിലും സഊദി അറേബ്യയിലുമാണ്. നാല്‍പ്പത്തി രണ്ടുശതമാനം പ്രവാസികള്‍ യു.എ.ഇയില്‍ മാത്രമുണ്ട്. സ്വദേശികളേക്കാള്‍ പ്രവാസികളാണു കൂടുതല്‍. അതില്‍ മലയാളികള്‍ പത്തു ലക്ഷം വരും. സഊദിയില്‍ 8.55 ലക്ഷവും. ഒമാന്‍ (1.89) കുവൈത്ത് (1.83) ബഹ്‌റൈന്‍ (1.50) ഖത്തര്‍ (1. 06) മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ 0. 21 ശതമാനവുമാണ്. മൊത്തം 20. 70 ശതമാനം.
ഇത് 2015ലെ കണക്കാണ്. (സ്രോതസ് സഖറിയ ആന്‍ഡ് ഇരുദയ രാജന്‍) കേരളത്തിലെ നൂറുകുടുംബങ്ങളില്‍ 27 പേരും വിദേശത്താണെന്നതും പഴയകണക്കുതന്നെ. എന്നാല്‍, വിദേശരാജ്യങ്ങളിലായി 24 ലക്ഷത്തോളം മലയാളികള്‍ അന്നം തിരയുന്നുവെന്നതെത്രെ പുതിയകണക്ക്.
കേരളത്തില്‍നിന്ന് 2008, 2011 കാലയളവില്‍ വിദേശരാജ്യങ്ങളിലേക്കുണ്ടായ കുടിയേറ്റത്തിന്റെ കാനേഷുമാരി ഇത്തരത്തിലാണ്.യു.എ.ഇ 918122 (2008) 883313 (2011)
സഊദി അറേബ്യ 503433 (,,) 574739 (,, )
ഒമാന്‍ 167628 (,,) 195300 (,, )
കുവൈത്ത് 129282 (,,) 127782 (,, )
ബഹ്‌റൈന്‍ 101344 (,,) 101556 (,,)
ഖത്തര്‍ 121613 (,,) 148427 (,,)
മറ്റു വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍
0 (2008) 6696 (,,)
ആകെ 1941422 (,,) 2037813 (2011)
അമേരിക്ക 102440 (,,) 68076 ( ,, )
കാനഡ 13695 (,,) 9486
യു.കെ 38894 (,,) 44640 ( ,, )
മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍
9861 (2008) 10602 ( ,, )
ആഫ്രിക്ക 12600 (2008) 12834 ( ,, )
സിങ്കപ്പൂര്‍ 11504 (,,) 11160 ( ,, )
മാലിദ്വീപ് 7090 (,,) 7254 ( ,, )
മലേഷ്യ 12052 (,,) 13392 ( ,, )
മറ്റു സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍
ഓസ്‌ട്രേലിയ, ന്യൂസിലന്റ് 21363 (2008) 2 ( ,,)
മറ്റു രാജ്യങ്ങള്‍ 13726 (2008) 24582 ( ,, )
ആകെ 2193412 ( ,, ) 2280543 ( ,, )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."