ലൗജിഹാദ് പരാമര്‍ശം: ജോസ് കെ മാണിയെ ഏറ്റുപിടിച്ച് ക്രൈസ്തവ സംഘടനകള്‍
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ അവശേഷിക്കെ ലൗജിഹാദ് പ്രശ്‌നം' ഉയര്‍ത്തി' കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. ബി.ജെ.പിയും എന്‍.ഡി.എയും ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ തീവ്രശ്രമം നടത്തുന്നതിനിടെയാണ് ജോസിന്റെ ഈ നീക്കം.
ഹൈക്കോടതിയും ദേശീയ അന്വേഷണ ഏജന്‍സികളുമടക്കം തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണമാണ് ജോസ് ഏറ്റെടുത്തത്. ബി.ജെ.പിയുടെ പ്രചാരണായുധമായ ലൗ ജിഹാദ് ആരോപണം തങ്ങളുടെ ഘടകകക്ഷിയും ചര്‍ച്ചയാക്കുന്നത് ഇടതുമുന്നണിക്കു തലവേദനയാകുകയാണ്. ഒരു ദൃശ്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജോസ് ലൗ ജിഹാദ് ആരോപണം ഏറ്റുപിടിച്ചത്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമാണ് ജോസ് ആവശ്യപ്പെട്ടത്. ലൗ ജിഹാദ് സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് അഭിമുഖത്തില്‍ പറയുന്നു. എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷി ആദ്യമായാണ് ലൗ ജിഹാദ് വിഷയത്തില്‍ ഇത്തരം ആവശ്യമുയര്‍ത്തുന്നത്.
ജോസ് കെ മാണിയുടെ ഈ പ്രചാരണം ഏറ്റെടുത്ത് ക്രൈസ്തവ സംഘടനകള്‍ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്നാണ് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
അതേസമയം, സി.പി.എം നേതൃത്വത്തിന്റെ അറിവോടെ സഭകളുടെ വോട്ട് ഉറപ്പിക്കുകയാണ് 'ലൗ ജിഹാദ്' ആരോപണം വഴി ജോസ് കെ മാണി ലക്ഷ്യമിട്ടതെന്ന സൂചനകളാണ് മുഖ്യമന്ത്രിയില്‍ നിന്നുപോലും ലഭിക്കുന്നത്. ജോസ് കെ മാണിയുടെ ലൗജിഹാദ് പരാമര്‍ശത്തെക്കുറിച്ച് തനിക്കറിയിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണ'മെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."