പേരമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 73 വർഷം തടവ്
തൊടുപുഴ
ഏഴു വയസുള്ള പേരമകനെ പ്രകൃതി വിരുദ്ധ ലൈഗിക അതിക്രമത്തിനിരയാക്കിയ 64 കാരന് 73 വർഷം തടവും 1.6 ലക്ഷം രൂപ പിഴയും ശിക്ഷ. 2019 ൽ മുരിക്കാശ്ശേരി പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി വർഗീസ് ശിക്ഷിച്ചത്. കുട്ടിയുടെ മുത്തശ്ശിയാണ് കൃത്യം നേരിൽ കണ്ടത്. തുടന്ന് അവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുരിക്കാശ്ശേരി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിവിധ വകുപ്പുകളിലായി പ്രതിക്ക് 73 വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും.
പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴതുക പൂർണമായും കുട്ടിയുടെ പുനരധിവാസത്തിന് നൽകണം. കൂടാതെ 50,000 രൂപാ വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ ഉൾപ്പെടുത്തി കുട്ടിക്ക് നൽകുവാൻ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയ്ക്കും നിർദേശമുണ്ട്. കുട്ടിയുടെ പിതാവ് വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്.എസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."