പാകിസ്താന്റെ അബ്ദുല്‍ മക്കിയെ യു.എന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്: പാകിസ്താനിലെ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) തലവന്‍ അബ്ദുല്‍ റഹ്മാന്‍ മക്കിയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി) ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഐ.എസ്.ഐ.എല്‍ (ദാഇഷ്), അല്‍ഖാഇദ എന്നിവയുടെ കീഴിലാണ് പട്ടികപ്പെടുത്തിയത്.
അബ്ദുല്‍ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ശ്രമം നടത്തിയെങ്കിലും രക്ഷാസമിതിയില്‍ ചൈന തടയിടുകയായിരുന്നു. ചൈനയുടെ നടപടിയെ ഇന്ത്യ ശക്തമായി ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയും യു.എസും തങ്ങളുടെ ആഭ്യന്തര നിയമപ്രകാരം മക്കിയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫണ്ട് സ്വരൂപിക്കുന്നതിലും യുവാക്കളെ അക്രമത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഇന്ത്യയില്‍, പ്രത്യേകിച്ച് ജമ്മു-കശ്മിരില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.
ലഷ്‌കര്‍ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് മക്കി. 2020ല്‍, ഒരു പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി മക്കിയെ തീവ്രവാദത്തിന് ധനസഹായം നല്‍കിയതിന്റെ പേരില്‍ തടവിന് ശിക്ഷിച്ചിരുന്നു. നേരത്തേ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) തലവനായ മൗലാന മസൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ചൈന തുടര്‍ച്ചയായി തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."