ബംഗാളിൽ തൃണമൂൽ നേതാവ് കൊല്ലപ്പെട്ടു: സംഘർഷം; വീടുകൾക്ക് തീയിട്ടു, 8 മരണം
കൊൽക്കത്ത
ബംഗാളിലെ ബിർഭൂം ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. വീടുകൾക്ക് തീയിട്ടതിനെ തുടർന്ന് എട്ടു പേർ കൊല്ലപ്പെട്ടു. ബർഷാൽ ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് ബാദു ഷെയ്ഖ് ആണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. അജ്ഞാതരുടെ ബോംബാക്രമണത്തിൽ സാരമായി പരുക്കേറ്റതിനെ തുടർന്നാണ് മരണം. മണിക്കൂറുകൾക്കകം സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
തുടർന്ന് ഇദ്ദേഹത്തിന്റെ രാംപൂർഹട്ട് ഗ്രാമത്തിലെ വീടിനോട് ചേർന്നുള്ള എട്ടു വീടുകൾ അഗ്നിക്കിരയായി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബംഗാൾ ഡി.ജി.പി മനോജ് മാളവ്യ പറഞ്ഞു.
ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ഒരു വീട്ടിൽ നിന്നാണ്. പൊള്ളലേറ്റ ഒരാളും ആശുപത്രിയിൽ മരിച്ചു. സംഭവത്തിനു പിന്നാലെ രാംപൂർഹട്ടിലെ പൊലിസ് ഓഫിസർ ഇൻ ചാർജിനെയും സബ് ഡിവിഷനൽ പൊലിസ് ഓഫിസറെയും നീക്കിയതായി ഡി.ജി.പി അറിയിച്ചു. ഷെയ്ഖിന്റെ മരണവും അക്രമവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. എ.ഡി.ജി.പി ഗ്യാൻവന്ത് സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. തൃണമൂൽ കോൺഗ്രസും മന്ത്രിയും മേയറും എം.എൽ.എയും ഉൾപ്പെടെയുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. കൂട്ടക്കൊലയാണ് നടന്നതെന്ന് സി.പി.എം സെക്രട്ടറി മുഹമ്മദ് സലീം ആരോപിച്ചു. ഒരാഴ്ചക്കിടെ 26 കൊലപാതകങ്ങൾ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."