കാരുണ്യക്കരങ്ങള്‍ ഒന്നിച്ചു; കാന്‍സര്‍ തകര്‍ത്ത പ്രവാസി നാട്ടിലെത്തി
ദുബൈ: കാന്‍സര്‍ ബാധിച്ച് ദുരിത ജീവിതം നയിച്ചിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ബഷീറിനെ മനുഷ്യ സ്നേഹികളായ ഒരു കൂട്ടം ആളുകളുടെ സഹായത്തോടെ നാട്ടിലേക്കയച്ചു. ദുബൈയില്‍ പത്തു വര്‍ഷത്തിലധികമായി കഫ്റ്റീരിയയില്‍ ജോലി ചെയ്തിരുന്ന ബഷീര്‍ കാന്‍സര്‍ ബാധിച്ചതോടെ ദുരിതക്കയത്തില്‍ അകപ്പെടുകയായിരുന്നു.
ജോലിക്ക് പോവാനാവാതെ സാമ്പത്തികമായും തകര്‍ന്നിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോവാന്‍ കഴിയാത്ത അവസ്ഥയിലുമായി. വിസ പ്രശ്നവും ഓവര്‍ സ്റ്റേയും പിഴകള്‍ അടക്കം വലിയ സംഖ്യ ബാധ്യതയായതോടെ ബഷീറും ഭാര്യയും ദുബൈയിലെ താമസ സ്ഥലത്ത് കുടുങ്ങി. താമസ സ്ഥലത്തെ വാടകയുമായി ബന്ധപ്പെട്ട് ചെക്ക് കേസും വിസയുടെ കാലാവധി തീര്‍ന്നതില്‍ എമിഗ്രേഷന്‍ പിഴയുമായി.
മാധ്യമങ്ങളാണ് ബഷീറിന്റെ ദുരന്തകഥ പുറത്തറിയിച്ചത്. പിന്നാലെ യു എ ഇ യിലെ കോക് അല്ഷായ് എന്ന കമ്പനിയുടെ ഉടമയും അജ്മാന് കെഎംസിസി നേതാവുമായ ഇസ്മാഈല്‍ ഇളമഠവും അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാരായ സിദ്ധീഖും ഹബീബും വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇവരുടെ കമ്പനിയിലെ ജീവനക്കാരും സാമ്പത്തിക സഹായത്തില്‍ പങ്കാളികളായി. ദുബൈ ആല്‍ഫ റെസ്റ്ററന്റ് ഉടമ ഹബീബ്, കുട്ടിക്ക എന്നിവരും സഹായത്തിനെത്തി. കൂടാതെ നിസാമിന്റെയും ഡോ.ഷാന്റെയും നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്ന അലിഫ് കൂട്ടായ്മയും ബഷീറിനെ കൈപിടിച്ചുയര്‍ത്താന്‍ രംഗത്തുവന്നു.
കെഎംസിസി പ്രവര്ത്തകന് സാദിക്ക് കൂവക്കാട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
എല്ലാ കേസുകളും തീര്‍ക്കാനായി 20,00,000 ലക്ഷം ഇന്ത്യന്‍ രൂപ ചിലവഴിച്ചു. ബഷീറിനും കുടുംബത്തിനും നാട്ടിലേക്കു പോവാനുള്ള എല്ലാ പേപ്പറുകളും തയ്യാറാക്കി. സാമ്പത്തിക ബാധ്യതയുടെ വലിയൊരു ശതമാനം വഹിച്ചത് ഇസ്്മാഈലിന്റെ നേതൃത്വത്തിലായിരുന്നു. ഇവര്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ ദിവസം ബഷീറിനെ നാട്ടിലേക്കയച്ചു. നാട്ടിലെത്തിയ ശേഷം തുടര്‍ചികിത്സക്കുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തിയാണ് ബഷീര്‍ യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."